കൊച്ചി> കേരള ലളിതകലാ അക്കാദമിയും കൊല്ക്കൊത്ത സെന്റര് ഫോര് ക്രിയേറ്റിവിറ്റിയും ദര്ബാര് ഹാള് കലാകേന്ദ്രത്തില് സംഘടിപ്പിച്ചിരിക്കുന്ന ഒരു മാസം നീണ്ട സത്യജിത് റായി ജന്മശതാബ്ദി മഹോത്സവത്തിന്റെ ഭാഗമായി ഇന്നു (ഒക്ടോ 8) മുതല് സത്യജിത് റായിയുടെ ആറ് സിനിമകള് പ്രദര്ശിപ്പിക്കും. കാഴ്ച ശക്തി നഷ്ടപ്പെട്ട ചിത്രകാരനും വിശ്വഭാരതി സര്വകലാശാലയിലെ അധ്യാപകനുമായിരുന്ന ബിനോദ് ബിഹാരി മുഖര്ജിയെക്കുറിച്ചുള്ള റായിയുടെ ഡോക്യുമെന്ററിയായ ദി ഇന്നര് ഐയാണ് ആദ്യദിവസമായ ഇന്ന് പ്രദര്ശിപ്പിക്കുക. നാളെ (ഒക്ടോ 9) ബാല, ഒക്ടോബര് 12ന് അഗാന്തുക്, ഒക്ടോബര് 19ന് അപരാജിതോ, ഒക്ടോബര് 22ന് ശത്രഞ്ജ് കേ ഖിലാഡി, ഒക്ടോബര് 23ന് മഹാനഗര് എന്നീ സിനിമകളും പ്രദര്ശിപ്പിക്കും. വൈകീട്ട് 5 മണിക്കാണ് എല്ലാ സിനിമകളുടേയും പ്രദര്ശനസമയം. പ്രവേശനം സൗജന്യം.
ഒരു മാസം നീണ്ടുനില്ക്കുന്ന മഹോത്സവത്തില് അത്യപൂര്വവും ആദ്യമായി പ്രദര്ശിപ്പിക്കപ്പെടുന്നതുമായ റായ് സ്മാരകവസ്തുക്കള്, ഗാലറി റാസയുടെ ശേഖരത്തിലുള്ളതും റായുടെ പ്രതിഭയുടെ ഏറെ അറിയപ്പെടാത്ത മറ്റൊരു മുഖം അനാവരണം ചെയ്യുന്നതുമായ ലോബി കാര്ഡുകള്, പോസ്റ്ററുകള്, സ്റ്റോറിബോര്ഡുകള്, പുസ്തകച്ചട്ടകള്, നെമായ് ഘോഷ്, താരാപഥ ബാനര്ജി എന്നിവരെടുത്ത അപൂര്വ ഫോട്ടോഗ്രാഫുകള് എന്നിവയും പ്രദര്ശനത്തിനുണ്ട്.
ഷോയുടെ മുന് പതിപ്പുകളില് പ്രദര്ശിപ്പിച്ച് ഏറെ ജനപ്രീതി നേടിയ ശത്രഞ്ജ കേ ഖിലാഡിയില് ഉപയോഗിച്ച വസ്ത്രങ്ങളും ഈ മേളയില് പ്രദര്ശിപ്പിക്കുന്നുണ്ട്. ശത്രഞ്ജ് കേ ഖിലാഡിയുടെ നിര്മാതാവ് സുരേഷ് ജിന്ഡാലിന്റെ ശേഖരത്തില് നിന്നാണ് ഇവ എത്തിയിരിക്കുന്നത്. ഇവയ്ക്കു പുറമെ ദേബ്ജാനി റായ്ക്ക് റായ് അയച്ചതും ഇതുവരെ വെളിച്ചം കണ്ടിട്ടില്ലാത്തതുമായ കത്തുകളും മേളയിലുണ്ട്.