ന്യൂഡൽഹി
ബജറ്റിനായി കണക്കു പുതുക്കാൻ മന്ത്രാലയ ചർച്ച തിങ്കളാഴ്ച തുടങ്ങാനിരിക്കെ രാജ്യത്തിന്റെ ധനസ്ഥിതിയിൽ കേന്ദ്ര സർക്കാരിനും ആശങ്ക. ധനകമ്മിയും വ്യാപാരകമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും പിടികൊടുക്കാതെ പെരുകുന്നു. സ്വകാര്യനിക്ഷേപവും തൊഴിൽവളർച്ചയും മാന്ദ്യത്തില്. ചെറുകിട– -ഇടത്തരം വ്യവസായമേഖല തളർച്ചയിൽ.
പണപ്പെരുപ്പം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് റിപ്പോ നിരക്കുകൾ വീണ്ടും കൂട്ടിയത് വിപണിയിൽ തിരിച്ചടിയാകും. സർക്കാരിന്റെ വരുമാനത്തെ ബാധിക്കും. ഇതേത്തുടർന്ന് നടപ്പ് സാമ്പത്തികവർഷത്തിന്റെ രണ്ടാം പകുതിയിൽ ബജറ്റ് കണക്കുകൾ തകിടംമറിയുമെന്ന് പ്രധാനമന്ത്രിഓഫീസും ധനമന്ത്രാലയവും വിലയിരുത്തിയതായി റിപ്പോർട്ട്.
സേവനമേഖലയിലെ വളർച്ച സെപ്തംബറിൽ ആറുമാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ആഗോളമാന്ദ്യത്തിന്റെ പ്രവണതകൾ ശക്തമായതും ആഭ്യന്തര സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കും. ഇറക്കുമതി ചെലവുകൾ വർധിച്ചതിനാൽ വ്യാപാരകമ്മി ഏപ്രിൽ–-ജൂൺ കാലയളവിൽ 14,947 കോടി ഡോളറായി പെരുകി. ജനുവരി–- മാർച്ച് പാദത്തിൽ ഇത് 7625 കോടി ഡോളറായിരുന്നു. സെപ്തംബറിൽ ഇറക്കുമതി 3.52 ശതമാനം ഇടിഞ്ഞു. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ വിദേശനാണ്യശേഖരം ശോഷിച്ചു. അമേരിക്കൻ കേന്ദ്രബാങ്ക് പലിശനിരക്ക് വീണ്ടും ഉയർത്തുമെന്ന ധാരണയിൽ വിദേശനിക്ഷേപക സ്ഥാപനങ്ങൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്ന് നിക്ഷേപങ്ങൾ പിൻവലിച്ച് അങ്ങോട്ട് കൊണ്ടുപോകുന്നു.
ഐഡിബിഐ ബാങ്ക് ഓഹരി വിറ്റഴിക്കൽ
നടപടി തുടങ്ങി
കേന്ദ്ര പൊതുമേഖലാ ബാങ്കായ ഐഡിബിഐ ബാങ്കിന്റെ ഓഹരി വിറ്റഴിക്കൽ നടപടികൾക്ക് തുടക്കമായി. നിക്ഷേപകരിൽനിന്ന് ഇതിനായി താൽപ്പര്യപത്രം ക്ഷണിച്ചു. ബാങ്കിൽ 45.48 ശതമാനം ഓഹരിയാണ് ഇപ്പോൾ കേന്ദ്രസർക്കാരിനുള്ളത്. 49.24 ശതമാനം ഓഹരി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലാണ്. കേന്ദ്ര സർക്കാർ ഓഹരിയുടെ 30.48 ശതമാനവും എൽഐസിയുടെ 30.24 ശതമാനം ഓഹരിയുമാണ് വിറ്റഴിക്കുക. ബാങ്കിന്റെ ഓഹരി വിറ്റഴിക്കലിന് 2021ൽ കേന്ദ്രസർക്കാർ അനുമതി നൽകി.