തിരുവനന്തപുരം
സംസ്ഥാനങ്ങൾക്കും പവർഗ്രിഡിനും കീഴിലുള്ള വൈദ്യുതി പ്രസരണ ആസ്തികൾ സ്വകാര്യ കമ്പനികൾക്ക് കൈമാറണമെന്ന് കേന്ദ്ര ഊർജമന്ത്രാലയം. ഊർജമന്ത്രാലയത്തിനു കീഴിലുള്ള പവർഗ്രിഡിന്റെ അന്തർസംസ്ഥാന പ്രസരണ ലൈനുകളും സംസ്ഥാനസർക്കാരുകളുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ പ്രസരണ ലൈനുകളും ഉൾപ്പെടെയുള്ള ആസ്തി ഉയർന്ന തുക നൽകുന്ന സ്വകാര്യ കമ്പനികൾക്ക് നൽകണമെന്നാണ് നിർദേശം. ഊർജമേഖലയുടെ വികസനത്തിനാവശ്യമായ തുക കണ്ടെത്താനെന്ന പേരിലാണ് നടപടി. പ്രസരണ ആസ്തികൾ നേടുന്നതോടെ കോർപറേറ്റുകൾ വൻ ലാഭം കൊയ്യും. പ്രസരണ നിരക്കിനത്തിലാകും ലാഭം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ വൈദ്യുതി വികസനം മുടക്കുന്നതാണ് കേന്ദ്രത്തിന്റെ നടപടി. കേരളത്തിലടക്കം പുതിയ പ്രസരണ ലൈനുകൾ വലിക്കാൻ പ്രയാസം നേരിടുന്നു. ഇത് മറികടക്കാൻ നിലവിലുള്ള ലൈനുകളുടെ ശേഷി വർധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ, പ്രസരണ ആസ്തി കോർപറേറ്റുകൾക്ക് കൈമാറുന്നതോടെ ശേഷി വർധിപ്പിക്കൽ ഉൾപ്പെടെയുള്ള നടപടികൾ മുടങ്ങും. ഇതിനുപുറമേ ആസ്തികളുടെ പരിപാലനവും താളം തെറ്റും.
കോർപറേറ്റുകൾ ലാഭം കൊയ്യും
പ്രസരണആസ്തികൾ ഉപയോഗിക്കാൻ സംസ്ഥാനങ്ങളും പവർഗ്രിഡും നൽകുന്ന തുകയാണ് പ്രസരണ നിരക്ക്. മുതൽമുടക്ക്, പരിപാലന ചെലവ് എന്നിവ അടിസ്ഥാനമാക്കി റഗുലേറ്ററി കമീഷനാണ് പ്രസരണനിരക്ക് നിശ്ചയിക്കുന്നത്. മുതൽമുടക്കിന് ഉയർന്ന ലാഭം ലഭിക്കുംവിധമായിരിക്കും നിരക്ക് തീരുമാനിക്കുക. ആസ്തി ഒരുക്കാൻ മുതൽമുടക്കാത്ത സ്വകാര്യ കമ്പനികൾക്ക് ഇവ ലഭിക്കുന്നതോടെ നിരക്ക് ഇനത്തിൽ വൻ ലാഭം കൊയ്യാം. ആസ്തി ഉപയോഗിച്ചാലും ഇല്ലെങ്കിലും പ്രവർത്തനക്ഷമമാണെങ്കിൽ നിരക്ക് നൽകണമെന്ന വ്യവസ്ഥയുണ്ട്. ആസ്തി പരിപാലിക്കാൻ കോർപറേറ്റുകൾ സ്വന്തം കൈയിൽനിന്ന് പണം മുടക്കില്ല. ആ ഇനത്തിലും അവർക്ക് ലാഭം ലഭിക്കും.
‘വിൽപ്പന’ ഇങ്ങനെ
ആസ്തി കൈമാറ്റത്തിന് സംസ്ഥാനങ്ങളുടെ ഉടമസ്ഥതയിലുള്ള കമ്പനികളും പവർഗ്രിഡും എസ്പിവി (പ്രത്യേക ഉദ്ദേശസ്ഥാപനം) രൂപീകരിക്കണം. എസ്പിവി വിളിക്കുന്ന ടെൻഡറിൽ ഉയർന്ന തുക നൽകുന്ന കമ്പനിക്കാണ് ആസ്തി ലഭിക്കുക. പ്രവർത്തനക്ഷമമെന്ന് കണക്കാക്കുന്ന കാലയളവിലേക്കാണ് ഈ കൈമാറ്റം. ഈ കാലയളവിനുശേഷം ആസ്തി തിരികെ ലഭിക്കുമെന്ന് കേന്ദ്രം പറയുന്നു. എന്നാൽ, അതിനകം ആസ്തി ഉപയോഗശൂന്യമാകാനുള്ള സാധ്യതയുണ്ട്.