ഓസ്ലോ
ബലാറസ് മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ അലെസ് ബിയാലിയറ്റ്സ്കിക്കും ഉക്രയ്ൻ, റഷ്യൻ പൗരാവകാശ സംഘടനകൾക്കും സമാധാന നൊബേല്‍. രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് റഷ്യ നിരോധിച്ച ‘മെമോറിയൽ’, ഉക്രയ്നിലെ ‘സെന്റർ ഫോർ സിവിൽ ലിബർട്ടീസ്’എന്നിവയാണ് പുരസ്കാരം ലഭിച്ച സംഘടനകൾ. ഉക്രയ്ൻ യുദ്ധം ഏഴുമാസം പിന്നിടവെയാണ് “റഷ്യ വിരുദ്ധത’ നിഴലിക്കുന്ന പുരസ്കാര പ്രഖ്യാപനം റോയൽ സ്വീഡിഷ് അക്കാദമി നടത്തിയത്. പുരസ്കാര നിർണയം ആർക്കും എതിരായല്ലെന്ന് പുരസ്കാര സമിതി അധ്യക്ഷന്‍ റെയ്സ് ആൻഡേഴ്സൺ പ്രതികരിച്ചു.
ഉക്രയ്ന്റെ വടക്കൻ അതിർത്തിയിലെ റഷ്യൻ അനുകൂല രാഷ്ട്രമാണ് ബലാറസ്. ഇവിടെ ഭരണനേതൃത്വത്തിനെതിരായ പ്രവർത്തനങ്ങൾ നടത്തിയതിന് രണ്ടുവർഷമായി ജയിലിലാണ് വിയസ്ന (വസന്തം) എന്ന സംഘടനയുടെ സ്ഥാപകനായ ബിയാലിയറ്റ്സ്കി. ജനാധിപത്യത്തിനായി പ്രവർത്തിക്കുന്ന ഇദ്ദേഹത്തെ വിചാരണ കൂടാതെയാണ് തടവിലാക്കിയതെന്ന് പുരസ്കാര സമിതി വിലയിരുത്തി.
റഷ്യയില്‍ 1989ല്‍ രൂപംകൊണ്ട ‘മെമോറിയൽ’ ഭരണവിരുദ്ധ വികാരം ശക്തമായി പിന്തുടരുന്ന സംഘടനയാണ്. സർക്കാർ രാഷ്ട്രീയത്തടവുകാരായി പിടികൂടുന്നവരുടെ വിവരങ്ങൾ പാശ്ചാത്യസമൂഹത്തിന് ലഭിക്കുന്നത് സംഘടനവഴിയാണ്. വിദേശഫണ്ട് സ്വീകരിച്ച് രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നതായി വിലയിരുത്തിയാണ് കോടതി ഇടപെടലിനെ തുടര്‍ന്ന് ‘മെമോറിയൽ’നിരോധിക്കപ്പെട്ടത്.
കീവിൽ 2007ലാണ് സെന്റർ ഫോർ സിവിൽ ലിബർട്ടീസ് രൂപീകൃതമായത്. റഷ്യൻ സൈന്യം ഉക്രയ്നിൽ നടത്തുന്ന യുദ്ധക്കുറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്കായി പാശ്ചാത്യ മാധ്യമങ്ങൾ സംഘടനയെയാണ് ആശ്രയിക്കുന്നത്.പുരസ്കാരത്തുകയായ ഒരുകോടി സ്വീഡിഷ് ക്രോണ (ഏകദേശം 7.39 കോടി രൂപ) ജേതാക്കൾ തുല്യമായി പങ്കിടും. ഡിസംബർ പത്തിനാണ് പുരസ്കാര സമർപ്പണം. തിങ്കളാഴ്ച സാമ്പത്തികശാസ്ത്രത്തിനുള്ള പുരസ്കാരം പ്രഖ്യാപിക്കും.
രാഷ്ട്രീയ
പ്രേരിതമെന്ന്
ബലാറസ്
പുരസ്കാര നിർണയത്തെ പ്രശംസിച്ച് യൂറോപ്യൻ രാജ്യങ്ങൾ രംഗത്തെത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഉൾപ്പെടെയുള്ള രാഷ്ട്രത്തലവന്മാരും നാറ്റോ തലവൻ ജെൻസ് സ്റ്റോൾട്ടെൻബർഗും അനുകൂലിച്ച് വോട്ട് ചെയ്തു. എന്നാൽ, ബിയാലിയറ്റ്സ്കിക്കുള്ള പുരസ്കാരം രാഷ്ട്രീയപ്രേരിതമാണെന്ന് ബലാറസ് പ്രതികരിച്ചു.