കൊച്ചി
ഇടവേളയ്ക്കുശേഷം ഇന്ത്യൻ ഫുട്ബോളിന്റെ ആരവം തിരിച്ചെത്തുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) പുതിയ സീസണിന് നാളെ തുടക്കം. കോവിഡുകാരണം കഴിഞ്ഞ രണ്ട് സീസണുകളിലും കാണികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനമുണ്ടായില്ല. കഴിഞ്ഞ സീസണിൽ ഫെെനലിനുമാത്രം കാണികൾ കയറി. ഇക്കുറി കാണികൾ സ്റ്റേഡിയത്തിലെത്തുന്നതോടെ ആവേശം തിരിച്ചെത്തും.
നാളെ കേരള ബ്ലാസ്റ്റേഴ്സ്–ഈസ്റ്റ് ബംഗാൾ പോരാട്ടത്തോടെയാണ് തുടക്കം. കൊച്ചി ജവാഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ രാത്രി 7.30ന് കിക്കോഫ്. പതിനൊന്ന് ടീമുകളാണ്. നിലവിലെ ചാമ്പ്യന്മാരായ ഹെെദരാബാദ് എഫ്സി, റണ്ണറപ്പായ കേരള ബ്ലാസ്റ്റേഴ്സ്, ബംഗളൂരു എഫ്സി, എടികെ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, ജംഷഡ്പുർ എഫ്സി, എഫ്സി ഗോവ, മുംബെെ സിറ്റി എഫ്സി, നോർത്ത് ഈസ്റ്റ് യുണെെറ്റഡ്, ചെന്നെെയിൻ എഫ്സി, ഒഡിഷ എഫ്സി. അൽവാരോ വാസ്കേസ്, പെരേര ഡയസ് എന്നീ വിദേശതാരങ്ങൾ കൂടുമാറിയെങ്കിലും ബ്ലാസ്റ്റേഴ്സ് ഇക്കുറിയും സാധ്യതാപട്ടികയിൽ ഉണ്ട്. ഉറുഗ്വേക്കാരൻ അഡ്രിയാൻ ലൂണ മികവുതുടർന്നാൽ ബ്ലാസ്റ്റേഴ്സിന് മുന്നേറാം. മധ്യനിരയിൽ ഇവാൻ കലിയുഷ്നിയെന്ന ഉക്രയ്ൻ മധ്യനിരക്കാരനാണ് പ്രതീക്ഷ. ദിമിത്രിയോസ് ഡയമന്റാകോസ്, അപോസ്തലോസ് ജിയാനു എന്നിവരാണ് മറ്റ് പ്രധാന വിദേശതാരങ്ങൾ.
ചരിത്രത്തിലാദ്യമായി പരിശീലകനെ നിലനിർത്തി. കഴിഞ്ഞ സീസണിൽ ഹെെദാരാബാദ് എഫ്സിയോടാണ് കിരീടപ്പോരിൽ തോറ്റത്. ഹെെദരാബാദ് ഇക്കുറിയും മികച്ചനിരയുമായാണ് എത്തുന്നത്. ബർതലോമിയോ ഒഗ്ബെച്ചെയാണ് പ്രധാനതാരം. കഴിഞ്ഞ സീസണിലെ നിരാശ മാറ്റാനാണ് എടികെ മോഹൻ ബഗാന്റെയും മുംബെെ സിറ്റിയുടെയും ശ്രമം. എടികെ ബഗാൻ ലിസ്റ്റൺ കൊളാസോയിലും മുംബെെ ഗ്രെഗ് സ്റ്റുവർട്ടിലുമാണ് പ്രതീക്ഷവയ്ക്കുന്നത്. ജംഷഡ്പുരിന് മികച്ച സംഘമാണ്.
റോയ് കൃഷ്ണയെ സ്വന്തമാക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ബംഗളൂരു എഫ്സി. ഈസ്റ്റ് ബംഗാൾ മറക്കാൻ ആഗ്രഹിക്കുന്ന സീസണായിരുന്നു കഴിഞ്ഞ തവണത്തേത്. ഇക്കുറി അവർ തിരിച്ചുവരവിനൊരുങ്ങുന്നു. ഒഡിഷ, ചെന്നെെയിൻ, നോർത്ത് ഈസ്റ്റ്, ഗോവ ടീമുകളും മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു. ഈസ്റ്റ് ബംഗാളായിരുന്നു അവസാനസ്ഥാനത്ത്.
ബ്ലാസ്റ്റേഴ്സ്
വരുന്നു ; കർണെയ്റോ ക്യാപ്റ്റൻ
കഴിഞ്ഞതവണ കെെവിട്ട കിരീടം ഇക്കുറി നേടിയെടുക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങി. ഐഎസ്എൽ പുതിയ സീസണിലേക്കുള്ള ടീമിനെ ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. 28 അംഗ ടീമിനെ പ്രതിരോധക്കാരൻ ജെസെൽ കർണെയ്റോ നയിക്കും. ഏഴ് മലയാളി താരങ്ങളാണ്. പരിശീലകൻ ഇവാൻ വുകോമനോവിച്ച്. കഴിഞ്ഞ സീസണിൽ കളിച്ച 16 പേരെ നിലനിർത്തി. 10 പുതുമുഖങ്ങൾ. കെ പി രാഹുൽ, സഹൽ അബ്ദുൾ സമദ്, ശ്രീക്കുട്ടൻ, സച്ചിൻ സുരേഷ്, നിഹാൽ സുധീഷ്, ബിജോയ് വർഗീസ്, വിബിൻ മോഹനൻ എന്നിവരാണ് മലയാളി താരങ്ങൾ.
ജെസെൽ കർണെയ്റോ
ബ്ലാസ്റ്റേഴ്സ് ടീം
ഗോൾകീപ്പർമാർ: പ്രഭ്സുഖൻ ഗിൽ, കരൺജിത് സിങ്, മുഹീത് ഷാബിർ ഖാൻ, സച്ചിൻ സുരേഷ്.
പ്രതിരോധം: വിക്ടർ മോംഗിൽ, മാർകോ ലെസ്കോവിച്ച്, ഹോർമിപാം റുയ്വ, സന്ദീപ് സിങ്, ബിജോയ് വർഗീസ്, നിഷു കുമാർ, ജെസെൽ കർണെയ്റോ, ഹർമൻജോത് ഖബ്ര.
മധ്യനിര: ജിക്സൺ സിങ്, ഇവാൻ കലിയുഷ്നി, ലാൽതംഗ ഖാൽറിങ്, ആയുഷ് അധികാരി, സൗരവ് മണ്ഡൽ, അഡ്രിയാൻ ലൂണ, സഹൽ അബ്ദുൾ സമദ്, ബ്രൈസ് മിറാൻഡ, വിബിൻ മോഹനൻ, നിഹാൽ സുധീഷ്, ഗിവ്സൺ സിങ്.
മുന്നേറ്റം: ദിമിത്രിയോസ് ഡയമന്റകോസ്, കെ പി രാഹുൽ, അപ്പോസ്തോലോസ് ജിയാനു, ബിദ്യാസാഗർ സിങ്, എം എസ് ശ്രീക്കുട്ടൻ.