തിരുവനന്തപുരം
കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്ന ഔദ്യോഗിക സ്ഥാനാർഥിയെ പിന്തുണയ്ക്കാതെയുള്ള ‘മനഃസാക്ഷി ’ വോട്ടാഹ്വാനത്തിൽനിന്ന് മലക്കംമറിഞ്ഞ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സോണിയ കുടുംബത്തിന്റെ പിന്തുണയുള്ള മല്ലികാർജുന ഖാർഗെയാണ് മികച്ച സ്ഥാനാർഥിയെന്ന് പ്രസ്താവനയിറക്കി. മനഃസാക്ഷി വോട്ടിനുവേണ്ടി ഒന്നിലധികം തവണ സുധാകരൻ പരസ്യപ്രസ്താവന നടത്തിയതിനെത്തുടർന്ന് ഹൈക്കമാൻഡും മുതിർന്ന നേതാക്കളും ഇടപെട്ടെന്നാണ് വിവരം.
സുധാകരന്റെ പ്രസ്താവന സംസ്ഥാനത്ത് ശശി തരൂരിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം വർധിപ്പിക്കുന്നത് കുഴപ്പമാണെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. പരിണതപ്രജ്ഞനായ മുതിർന്ന നേതാവ് മല്ലികാർജുന ഖാർഗെയാണ് കോൺഗ്രസിനെ നയിക്കാൻ കൂടുതൽ യോഗ്യനെന്നാണ് കെ സുധാകരന്റെ പ്രസ്താവന. ആർഎസ്എസിനോട് സന്ധിചെയ്യാൻ ഖാർഗെ തയ്യാറാകില്ലെന്ന പ്രസ്താവനയിലെ മുന തരൂരിനെ ഉദ്ദേശിച്ചാണെന്നും വ്യാഖ്യാനമുണ്ട്. മത്സരത്തിന് വിഭാഗീയതയുടെ നിറംനൽകുന്നത് ദുഷ്ടലാക്കോടെയാണെന്നും സുധാകരൻ പറഞ്ഞു.
തരൂർ ഉത്തരേന്ത്യയിലടക്കം കാര്യമായ സ്വാധീനത്തിലേക്ക് എത്താനുള്ള സാധ്യതയാണ് ഹൈക്കമാൻഡിനെ വിറളി പിടിപ്പിച്ചിരിക്കുന്നത്. ജി 23 നേതാക്കൾ ഭൂരിപക്ഷവും ഖാർഗെയ്ക്കുവേണ്ടി രംഗത്തുവന്നെങ്കിലും അവരുടെ ആശയങ്ങളെ പിന്തുണയ്ക്കുന്ന ചെറുപ്പക്കാരായ വോട്ടർമാർ തരൂരിനായി നിലകൊള്ളാനിടയുണ്ട്. ഈ ഘട്ടത്തിലാണ് കെ സി വേണുഗോപാലിന്റെ തട്ടകമായ കേരളത്തിൽനിന്ന് കൂടുതൽ വോട്ട് തരൂരിന് ചോരാതിരിക്കാനുള്ള തന്ത്രങ്ങൾ തുടങ്ങിയത്.