മാരാരിക്കുളം
സുഹൃത്തിനെ കൊന്ന് വീടിന്റെ തറയിൽ കുഴിച്ചു മൂടിയ കേസിൽ മുഖ്യപ്രതി ആലപ്പുഴയിൽ പിടിയിൽ. ആര്യാട് കോമളപുരം കിഴക്കേ തയ്യിൽ ബിന്ദുകുമാറിനെ (45) കൊല പ്പെടുത്തിയ കേസിൽ ചങ്ങനാശേരി പൂവം എ സി കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന മുത്തുകുമാറാണ് (48) ആലപ്പുഴ നോർത്ത് പൊലീസിന്റെ പിടിയിലായത്. മണ്ണഞ്ചേരി ഐടിസി കോളനിയിൽ ഇയാളുടെ ബന്ധുവിന്റെ വീട്ടിൽ നിന്നും ഞായർ രാവിലെ ഒമ്പതോടെ നോർത്ത് സിഐ എം കെ രാജേഷിന്റെ നേതൃത്വത്തിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യംചെയ്യലിനുശേഷം ഉച്ചയോടെ ഇയാളെ ചങ്ങനാശേരി പൊലീസിന് കൈമാറി. ചോദ്യംചെയ്യലിൽ ബിന്ദുകുമാറിന്റെ ബൈക്ക് വാകത്താനത്തെ തോട്ടിൽ ഉപേക്ഷിക്കാനും കുഴിയെടുത്ത് മൃതദേഹം മറവുചെയ്യാനും കൂട്ടുപ്രതികളായ ബിബിൻ, ബിനോയി എന്നിവരുടെ സഹായമുണ്ടായതായി മുത്തുകുമാർ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു
മുത്തുകുമാർ വാടകയ്ക്കു താമസിക്കുന്ന വീട്ടിൽ നിന്നാണ് ശനിയാഴ്ച പൊലീസ് മൃതദേഹം പുറത്തെടുത്തത്. വീടിനോട് ചേർന്ന ചായ്പ്പിന്റെ തറയിൽ കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്തിരിക്കുകയായിരുന്നു. ബിന്ദുകുമാർ കഴിഞ്ഞ 26 ന് വൈകിട്ടാണ് വീട്ടിൽ നിന്നും പോകുന്നത്. അവിവാഹിതനായ ബിന്ദുകുമാറും അച്ഛനും അമ്മയും മാത്രമാണ് കുടുംബ വീട്ടിൽ താമസം.പിറ്റേ ദിവസം ബിന്ദുകുമാറിന്റെ ഫോണിലേക്കു വിളിച്ചെങ്കിലും സ്വിച്ചു ഓഫ് ചെയ്ത നിലയിൽ ആയിരുന്നു ഇതോടെ അമ്മ ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകി. ഇതിനിടെ ബിന്ദുകുമാറിന്റെ ബൈക്ക് ചങ്ങനാശേരി വാകത്താനത്തെ തോട്ടിൽ നിന്നും കണ്ടെത്തി. തുടർന്ന് അന്വേഷണം സുഹൃത്ത് മുത്തുകുമാറിലേക്ക് എത്തി. ഇതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. മുത്തുകുമാർ വർഷങ്ങൾക്ക് മുമ്പ് കോമളപുരത്തു ബിന്ദുകുമാറിന്റെ വീടിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്നു.അന്ന് മുതലാണ് ഇവരുടെ സുഹൃദ് ബന്ധം തുടങ്ങുന്നത്. മുത്തുകുമാർ നോർത്ത് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അവസാനം ഫോൺവിളിച്ചവരിലേക്ക് പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. കൊലപാതകം നടത്തിയശേഷം കോയമ്പത്തൂരിലേക്ക് കടന്ന മുത്തുകുമാർ ആലപ്പുഴയിൽ തിരിച്ചെത്തുമെന്ന് തിരിച്ചറിഞ്ഞ് നടത്തിയ നീക്കമാണ് വിജിയച്ചത്. ഒളിവിലായിരുന്ന മുത്തുകുമാർ പുലർച്ചെ രണ്ടോടെ മണ്ണഞ്ചേരി ഐടിസിയിലെ ബന്ധുവീട്ടിൽ എത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവിടെ പ്രതി എത്തുമ്പോൾ വിവരം നൽകാൻ പൊലീസ് ചിലരെ ചുമതലപ്പെടുത്തിയിരുന്നു. ഇവരാണ് വിവരം പൊലീസിന് കൈമാറിയത്.
ബിന്ദുകുമാറിന്റെ
മൃതദേഹം
സംസ്കരിച്ചു
കൊലചെയ്യപ്പെട്ട ആര്യാട് കോമളപുരം കിഴക്കേ തയ്യിൽ ബിന്ദുകുമാറിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഞായർ പകൽ മൂന്നോടെ മൃതദേഹം കോമളപുരത്തെ വീട്ടിലെത്തിച്ചു. പുരുഷൻ–- കമല ദമ്പതികളുടെ മകനാണ്.
കൊലപാതകം വിവരിച്ച്
മുത്തുകുമാർ
സുഹൃത്തിനെ കൊന്ന് വീടിന്റെ തറയിൽ കുഴിച്ചുമൂടിയ കേസിൽ മുഖ്യപ്രതി മുത്തുകുമാറിനെ വാടകവീട്ടിലെത്തിച്ച് തെളിവെടുത്തു. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പ്രതി പൊലീസിന് മൊഴി നൽകി. കൂട്ടുപ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും അന്വേഷകസംഘം പറഞ്ഞു. ചങ്ങനാശേരി സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തശേഷമാണ് കൊലപാതകം നടന്ന പൂവത്തെ വീട്ടിലെത്തിച്ചത്. ബിന്ദുകുമാറിനെ കൊന്ന രീതിയും മൃതദേഹം മറവുചെയ്യാൻ ഉപയോഗിച്ച തൂമ്പയും കമ്പിപ്പാരയും സമീപ വീടുകളിലെത്തി പ്രതി പൊലീസിന് കാണിച്ചുകൊടുത്തു. കമ്പിപ്പാര സമീപ വീട്ടിൽനിന്നാണ്എടുത്തതത്. കൃത്യത്തിനുശേഷം പ്രതി രാവിലെ കമ്പിപ്പാര തിരികെവച്ചത് കണ്ട വീട്ടുടമസ്ഥ അനുവാദമില്ലാതെ എടുത്തത് ചോദ്യം ചെയ്തിരുന്നു. പാരയുടെ തുമ്പ് വളഞ്ഞത് പ്രതി ചുറ്റിക ഉപയോഗിച്ച് നിവർത്തികൊടുത്തതായും ഇവർ പൊലീസിനോട് പറഞ്ഞു. തൂമ്പ മറ്റൊരുവീട്ടിൽനിന്ന് പുല്ലുചെത്താനെന്ന് പറഞ്ഞ് വാങ്ങിയതാണെന്നും പ്രതി പറഞ്ഞു.
പ്രതികളും കൊല്ലപ്പെട്ട ബിന്ദുകുമാറും ഭക്ഷണവും മദ്യവും കഴിക്കുന്നതിനിടയിൽ മുത്തുകുമാർ ബിന്ദുകുമാറിന്റെ പുറകിൽനിന്ന് കഴുത്തിന് ചുറ്റിപ്പിടിക്കുകയും കൂട്ടുപ്രതികൾ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. മർദ്ദനമേറ്റ ബിന്ദുകുമാർ മരിച്ചെന്ന് ഉറപ്പിച്ചതോടെ ചായ്പിൽ രണ്ടരയടി താഴ്ചയിൽ കുഴിയെടുത്ത് മൃതദേഹം മൂടിയശേഷം സിമന്റ് ഉപയോഗിച്ച് തറ തേച്ചുമിനുക്കി. സിമന്റ് മുക്കാട്ടുപടിയിൽനിന്നും കരണ്ടി മാർക്കറ്റ് റോഡിലെ കടയിൽനിന്നും വാങ്ങിയതായി പ്രതി പറഞ്ഞു.
വീട്ടിൽനിന്ന് ഒഴിഞ്ഞ മദ്യകുപ്പികളും വെള്ളകുപ്പിയും ആഹാരാവശിഷ്ടങ്ങളും പൊലീസ് കണ്ടെടുത്തു. അന്വേഷണത്തിന് ജില്ലയിലെ സിഐമാരേയും എസ്ഐമാരേയും ഉൾപ്പെടുത്തി 20 അംഗ സംഘത്തെ എസ്പി കെ കാർത്തിക് രൂപീകരിച്ചതായി ചങ്ങനാശേരി ഡിവൈഎസ്പി സി ജി സനൽകുമാർ പറഞ്ഞു.
മരണകാരണം
ക്രൂരമർദനം
ക്രൂരമായ മർദ്ദനത്തിൽ കൊല്ലപ്പെട്ട ബിന്ദുകുമാറിന്റെ വാരിയെല്ലുകൾ തകർന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് വിഭാഗം മേധാവിയുടെ നേതൃത്വത്തിലാണ് മൃതദേഹ പരിശോധന പൂർത്തിയാക്കിയത്. ശരീരത്തിൽ മർദനമേറ്റ നിരവധി പാടുകളുണ്ട്. റിപ്പോർട്ട് ചങ്ങനാശേരി സിഐ റിച്ചാർഡ് വർഗീസിന് കൈമാറി.