കൊച്ചി
അൻവി ഫ്രഷ് നോൺവെജ് സൂപ്പർമാർക്കറ്റ് ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽനിന്ന് 18 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ എംഡി ഒളിവിൽ. അൻവി സൂപ്പർമാർക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് എംഡി തിരുവനന്തപുരം ബാലരാമപുരം കട്ടച്ചൽകുഴി കാവിൻപുറം വി എസ് നിവാസിൽ വി എസ് വിപിനെ (38) പിടികൂടാൻ എറണാകുളം സെൻട്രൽ പൊലീസ് തിരച്ചിൽ ആരംഭിച്ചതായി സിഐ എസ് വിജയ്ശങ്കർ പറഞ്ഞു. 30 പരാതികളുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ചയാണ് കേസെടുത്തത്.
മീൻ, കോഴി, പോത്തിറച്ചി, ആട്ടിറച്ചി എന്നിവ വിൽക്കുന്ന സൂപ്പർമാർക്കറ്റ് ആരംഭിക്കാൻ ഫെയ്സ്ബുക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെയാണ് കമ്പനി പരസ്യം നൽകിയത്. മാർച്ചിനുമുമ്പുവരെ ഫ്രാഞ്ചൈസിക്ക് എത്തിയവരിൽനിന്ന് 10 ലക്ഷം രൂപയും അതിനുശേഷം എത്തിയവരിൽനിന്ന് 15 ലക്ഷവും വാങ്ങി. പണം നല്കിയാല് സൂപ്പർമാർക്കറ്റ് ആരംഭിച്ച് ലൈസൻസ് എടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കമ്പനി ചെയ്യുമെന്നായിരുന്നു വാഗ്ദാനം.
ലാഭത്തിൽനിന്ന് ആഴ്ചതോറും നിശ്ചിത തുകയും 400 ദിവസം കഴിഞ്ഞാൽ ലാഭത്തിന്റെ നേർപകുതിയും നൽകുമെന്ന് പറഞ്ഞിരുന്നു. മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ താമസിച്ചായിരുന്നു തട്ടിപ്പ്. പഴയ റെയിൽവേ സ്റ്റേഷൻ റോഡിലാണ് കമ്പനി ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഓഫീസ് ജീവനക്കാർക്ക് ശമ്പളം നൽകാത്തതിനും ഇയാൾക്കെതിരെ പരാതിയുണ്ട്. വിവിധ ജില്ലകളിലുള്ള 140 പേർ തട്ടിപ്പിന് ഇരയായതായാണ് സൂചന.