ന്യൂഡൽഹി
കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഔദ്യോഗിക സ്ഥാനാർഥിയെ തേടിയുള്ള നെട്ടോട്ടത്തിനൊടുവിൽ ഹൈക്കമാൻഡ് എത്തിച്ചേർന്നത് എൺപതുകാരനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയിൽ. സോണിയ കുടുംബത്തിന്റെ വിശ്വസ്തരുടെ എണ്ണം ചുരുങ്ങുന്നതിന്റെ ദൃഷ്ടാന്തമാണ് ഖാർഗെയുടെ സ്ഥാനാർഥിത്വം. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് എന്ന ഉത്തരവാദിത്വത്തിനൊപ്പമാണ് ഖാർഗെയെ ഹൈക്കമാൻഡ് ഔദ്യോഗിക സ്ഥാനാർഥിയാക്കിയത്. അശോക് ഗെലോട്ടിന്റെ കാര്യത്തിൽ ഹൈക്കമാൻഡ് വാശിപിടിച്ച ‘ഒരാൾക്ക് ഒരു പദവി’ തത്വം ഖാർഗെയുടെ കാര്യത്തിൽ തടസ്സമായില്ല.
‘ഡമ്മി’ പ്രസിഡന്റാകുന്നതിനേക്കാൾ രാജസ്ഥാൻ മുഖ്യമന്ത്രിയായി തുടരുന്നതാണ് മെച്ചമെന്ന നിലപാട് ഗെലോട്ട് സ്വീകരിച്ചതോടെയാണ് ഹൈക്കമാൻഡ് വെട്ടിലായത്. ഹൈക്കമാൻഡിനെ പരസ്യമായി വെല്ലുവിളിക്കാതെ വിശ്വസ്തരായ എംഎൽഎമാരെ അണിനിരത്തി കരുനീക്കിയ ഗെലോട്ട് മുഖ്യമന്ത്രി കസേര നിലനിർത്തി. സോണിയ കുടുംബത്തിന് ഇക്കാര്യത്തിൽ അസ്വസ്ഥതയുണ്ടെങ്കിലും തൽക്കാലം ഗെലോട്ടിനെ തൊടാനാകില്ല. പിണക്കിയാൽ രാജസ്ഥാൻ സർക്കാർ വീഴുമെന്ന കൃത്യമായ സന്ദേശം ഗെലോട്ട് ഹൈക്കമാൻഡിന് കൈമാറി.
ഗെലോട്ട് തലയൂരിയതോടെ മുകുൾ വാസ്നിക്ക്, മീരാകുമാർ, കുമാര ഷെൽജ തുടങ്ങി പല പേരും ഉയർന്നെങ്കിലും കുടുംബത്തിന്റെ വിശ്വാസം ഇവർക്കാർക്കും പൂർണമായി നേടിയെടുക്കാനായില്ല. പത്രിക വാങ്ങിയ ദിഗ്വിജയ് സിങ്ങും സോണിയ കുടുംബത്തിന്റെ പൂർണമായ വിശ്വസ്തനല്ല. പത്രികാസമർപ്പണത്തിന്റെ സമയപരിധി കഴിയാൻ മണിക്കൂറുകൾ ശേഷിക്കുമ്പോഴും ഡൽഹിയിൽ തിരക്കിട്ട ചർച്ചകളിലായിരുന്നു നേതൃത്വം.
പത്രികയിൽ ഒപ്പിട്ട്
ജി–23 നേതാക്കളും
കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഔദ്യോഗിക സ്ഥാനാർഥിയെന്ന പരിവേഷത്തോടെ മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെയ്ക്ക് പിന്തുണ നൽകുന്നവരിൽ ജി–-23 നേതാക്കളും. ഹൈക്കമാൻഡുമായി ഇടഞ്ഞുനിൽക്കുന്ന മനീഷ് തിവാരി, ആനന്ദ് ശർമ, പ്രിഥ്വിരാജ് ചവാൻ തുടങ്ങിയവർ ഖാർഗെയുടെ പത്രികയിൽ ഒപ്പിട്ടു. ഔദ്യോഗിക സ്ഥാനാർഥിക്കായി ഒപ്പിട്ടെങ്കിലും ജി–-23 വിഭാഗം തരൂരിനായി പ്രവർത്തിക്കാനാണ് സാധ്യത.
ജി–-23 ലെ ചിലർ ഖാർഗെയ്ക്കായി ഒപ്പിട്ടതിൽ തെറ്റില്ലെന്ന് തരൂർ പ്രതികരിച്ചു. നാല്–-അഞ്ച് പേർ ഖാർഗെയെ പിന്തുണയ്ക്കുന്നെങ്കിൽ നല്ലത്. 9100 വോട്ടർമാരുടെ നിലപാട് നാല്–-അഞ്ച് പേർ ചേർന്ന് തീരുമാനിക്കുന്നതല്ല–- തരൂർ പറഞ്ഞു.