ന്യൂഡൽഹി
ഇരുപത്തിരണ്ട് വർഷത്തിനുശേഷമുള്ള കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ചിത്രം തെളിഞ്ഞപ്പോഴും തീരാതെ തർക്കം. ഹൈക്കമാൻഡിന്റെ ഔദ്യോഗിക സ്ഥാനാർഥിയെന്ന പരിവേഷത്തോടെ മല്ലികാർജുൻ ഖാർഗെയും കോൺഗ്രസിൽ മാറ്റം ആവശ്യമാണെന്ന പ്രഖ്യാപനത്തോടെ ശശി തരൂരുമാണ് മത്സരരംഗത്ത്. ജാർഖണ്ഡിൽനിന്നുള്ള കെ എൻ ത്രിപാഠിയും പത്രിക നൽകി. ശനിയാഴ്ചയാണ് സൂക്ഷ്മപരിശോധന. ഒക്ടോബർ എട്ടുവരെ പത്രിക പിൻവലിക്കാം. ഒക്ടോബർ 17 നാണ് തെരഞ്ഞെടുപ്പ്. ഖാർഗെയുടെ സ്ഥാനാർഥിത്വത്തിന് പിന്നാലെ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നു. ഉത്തരേന്ത്യയിൽനിന്നൊരാൾ പ്രസിഡന്റാകുന്നതാണ് നല്ലതെന്ന് പി ചിദംബരം അഭിപ്രായപ്പെട്ടു.
എന്തുവന്നാലും സ്ഥാനാർഥിത്വത്തിൽ ഉറച്ചുനിൽക്കുമെന്ന് തരൂർ പ്രഖ്യാപിച്ചതോടെ മത്സരം ഉറപ്പായി. ആദ്യ ദിവസംതന്നെ ഖാർഗെയ്ക്കെതിരായി തരൂർ രൂക്ഷപരാമർശം ഉയർത്തി. മാറ്റം ആഗ്രഹിക്കുന്നവർ തന്നെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ തരൂർ മാറ്റമൊന്നും വേണ്ടെന്ന് താൽപ്പര്യപ്പെടുന്നവരാണ് ഖാർഗെയ്ക്കൊപ്പമെന്ന് വ്യക്തമാക്കി. 12 സംസ്ഥാനത്ത് 50 പേർ തനിക്കായി ഒപ്പിട്ടിട്ടുണ്ടെന്നും സാധാരണ പ്രവർത്തകരാണ് അവരെന്നും തരൂർ കൂട്ടിച്ചേർത്തു. കോൺഗ്രസിൽ വലിയ മാറ്റം കൊണ്ടുവരുന്നതിനായാണ് തന്റെ മത്സരമെന്ന് ഖാർഗെ പറഞ്ഞു.
ഖാർഗെയുടെ പത്രികയിൽ ആദ്യം ഒപ്പിട്ടത് ആന്റണിയാണ്. മുഖ്യമന്ത്രി കസേര നിലനിർത്തുന്നതിനായി പിൻവാങ്ങിയ അശോക് ഗെലോട്ടാണ് രണ്ടാമൻ. അംബികാ സോണി, ഭൂപീന്ദർ ഹൂഡ, ആനന്ദ് ശർമ, മുകുൾ വാസ്നിക്ക് തുടങ്ങിയവരും ഒപ്പിട്ടു. 14 സെറ്റ് പത്രിക ഖാർഗെ സമർപ്പിച്ചപ്പോൾ തരൂർ അഞ്ച് സെറ്റ് സമർപ്പിച്ചു. തരൂരിന്റെ പത്രികയിൽ കാർത്തി ചിദംബരം, പ്രദ്യുത് ബൊർദൊലൊയ്, മുഹമദ് ജാവെദ് എന്നീ എംപിമാർ ഒപ്പിട്ടു. എം കെ രാഘവൻ എംപി, ശബരീനാഥൻ, കെ സി അബു തുടങ്ങി കേരളത്തിൽനിന്ന് 15 പേർ തരൂരിന്റെ പത്രികയിൽ ഒപ്പിട്ടു.
ഗെലോട്ട് പിൻവാങ്ങിയതിനെ തുടർന്ന് തിരക്കിട്ട കൂടിയാലോചനകൾക്കൊടുവിലാണ് ഹൈക്കമാൻഡ് എൺപതുകാരനായ ഖാർഗെയിൽ എത്തിയത്. സോണിയ കുടുംബത്തിന് വിശ്വസിക്കാവുന്ന മറ്റൊരു നേതാവില്ലെന്നതും ഖാർഗെയിലേക്ക് എത്താൻ കാരണമായി. ഔദ്യോഗിക സ്ഥാനാർഥി ഇല്ലെന്ന നിലപാട് പുറമേക്ക് സ്വീകരിച്ചിരിക്കുന്നതിനാൽ ഖാർഗെയുടെ പേര് ഹൈക്കമാൻഡ് പ്രത്യേകമായി പ്രഖ്യാപിച്ചില്ല. എന്നാൽ മുതിർന്ന നേതാക്കൾ ഒപ്പിട്ടത് വഴി ആരാണ് ഔദ്യോഗിക സ്ഥാനാർഥിയെന്ന കൃത്യമായ സൂചനയുണ്ട്.