മൂലമറ്റം > വനത്തിന്റെ കുളിർമയിൽ നീലത്തടാകത്തിൽ കാറ്റേറ്റ് തിരയടിക്കുന്ന കുളമാവ് അണക്കെട്ട് പകരുന്ന അനുഭൂതി ഒന്നുവേറെ. എത്ര യാത്ര ചെയ്താലും മതിവരാത്ത യാത്രക്കാരെ മാടിവിളിക്കുന്ന ഒരു ഇടമാണ് കുളമാവ്. പെരിയാർ നദിക്കു കുറുകെ അറക്കുളം പഞ്ചായത്തിലെ കുളമാവിൽ നിർമിച്ചിട്ടുള്ള അണക്കെട്ടാണിത്.
ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ മൂന്നു അണക്കെട്ടുകളിലായാണ് മൂലമറ്റത്ത് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനാവശ്യമായ ജലം സംഭരിച്ചു നിർത്തിയിരിക്കുന്നത്. പദ്ധതിയുടെ പ്രധാന അണക്കെട്ട് കുറവൻ മലയേയും, കുറത്തി മലയേയും ബന്ധിപ്പിക്കുന്നു. ഇതുമൂലം പെരിയാറിൽ സംഭരിക്കുന്ന വെള്ളം ചെറുതോണിപ്പുഴയിലൂടെ ഒഴുകി പോകാതിരിക്കാൻ ചെറുതോണിയിലും, ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്ടപ്പെടാതിരിക്കാൻ കുളമാവിലും അണക്കെട്ടുകൾ നിർമിച്ചത്. ഇടുക്കി അണക്കെട്ടിന്റെ തെക്കുഭാഗത്തായാണ് ഈ അണക്കെട്ടിന്റെ സ്ഥാനം.
തൊടുപുഴയിൽനിന്നും ഇടുക്കിയിലേക്കുള്ള പ്രധാനപാത ഈ അണക്കെട്ടിനു മുകളിലൂടെയാണ്. 60 ചതുരശ്ര കിലോമീറ്റർ വ്യാപിച്ച് കിടക്കുന്ന ജലസംഭരണിയാണിത്. കട്ടപ്പനയ്ക്കുള്ള പരമ്പരാഗതമലമ്പാതയും ‘വെെരമണി’ പട്ടണവും അണക്കെട്ടിൽ വെള്ളംനിറഞ്ഞതോടെയില്ലാതായി. ഇതോടെ അണക്കെട്ടിന്റെ മുകളിലൂടെയായി സംസ്ഥാനപാത കടന്നുപോകുന്നത്. അണക്കെട്ടിലെ കുളിർകാറ്റേറ്റ് കാനനപശ്ചാത്തലത്തിൽ വാഹനത്തിൽ യാത്ര ഏറെ സുഖകരം. ഇവിടെ ഇറങ്ങിനടന്ന് അണക്കെട്ട് കാണുന്നതിനും ജലസംഭരണിയിൽ നിറഞ്ഞ് നിൽക്കുന്ന ജലവും ഇതുപോലെ കുളമാവിൽ നിരവധി ഇടങ്ങളാണ് കാണികളെ ആകർഷിക്കുന്നത്.
മൂലമറ്റത്തുനിന്നും ഇടത്തേക്ക് തിരിഞ്ഞാണ് കുളമാവിലേക്ക് പോകേണ്ടത്. ഇവിടത്തെ മഞ്ഞണിഞ്ഞ കുന്നുകളും മലയിടുക്കുകളുമൊക്കെ ഏറെ ആകർഷിക്കുന്ന ഒന്നാണ്. അണക്കെട്ടിൽനിന്നുംകുറച്ചൊന്ന് മാറിയാൽ കാടിന്റെ വശ്യത നന്നായി ആസ്വദിക്കാൻ കഴിയും. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ആസ്വദിക്കാൻ കഴിയുന്നയിടമാണ് അവിടെനിന്നും കുറച്ചു അകലെയുള്ള വലിയമാവ്. ഓഫ്റോഡ് യാത്ര തിങ്ങി നിറഞ്ഞു നിൽക്കുന്ന മരങ്ങൾക്കിടയിലൂടെയുള്ള മൺപാതയിലൂടെ നടത്തം ഇഷടപെടുന്നവരുന്നവരുമുണ്ട്. വേനൽക്കാലത്ത് വെള്ളമിറങ്ങുമ്പോൾ കാടിനുള്ളിൽ വെെരമണി പട്ടണത്തിന്റെ അവശിഷ്ടങ്ങളും കാണാം. ഇവിടെ 60 വർഷംമുമ്പ് മറഞ്ഞുപോയ പട്ടണത്തിന്റെ അവശേഷിപ്പായി വെെരമണി ഫോറസ്റ്റ് സ്റ്റേഷൻ എന്ന എഴുത്തും അവശേഷിച്ചിട്ടുണ്ട്.