ഹെെദരാബാദ് > കോൺഗ്രസിന്റെ തലമുതിർന്ന നേതാവായിരുന്ന ജയ്പാൽ റെഡ്ഡിയുടെ പ്രതിമ അനാഛാദനം ചെയ്യാൻ സീതാറാം യെച്ചൂരി സഖാവെത്തും. ഹൈദരാബാദിലെ മദ്ഗുൽ ഗ്രാമത്തിൽ നിർമിച്ച പ്രതിമ നാടിന് സമർപ്പിക്കുന്നത് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെയാകണമെന്നത് റെഡ്ഡി കുടുംബത്തിന്റെ മോഹമാണ്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാക്കളെയെല്ലാം മാറ്റി നിർത്തിയാണ് റെഡ്ഡിയുടെ കുടുംബം പ്രതിമ അനാഛാദനം‘സഖാവ് തന്നെ നിർവഹിക്കണമെന്ന മോഹം അവരറിയിച്ചത്.
രണ്ട് യുപിഎ സർക്കാരുകളിലെ മന്ത്രി, കോൺഗ്രസ് വക്താവ് എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച മുതിർന്ന നേതാവായ എസ് ജയ്പാൽ റെഡ്ഡിയോട് പാർട്ടി വേണ്ടത്ര നീതിപുലർത്തിയില്ലെന്ന പരാതിയാണ് അദ്ദേഹത്തിന്റെ കുടുംബത്തിന്. ഉന്നത നേതാക്കളെ പരിപാടിയിൽ നിന്ന് മാറ്റി നിർത്താൻ കുടുംബത്തെ പ്രേരിപ്പിച്ചതും ഇതാണ്. മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ആർ സുഭാഷ് റെഡ്ഡിയും ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് നടക്കുന്ന പൊതുയോഗത്തിൽ തെലങ്കാനയിലെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പ്രാദേശിക കോൺഗ്രസ് നേതാക്കളും പങ്കെടുക്കും.
നാല് തവണ എംഎൽഎയും അഞ്ച് തവണ ലോക്സഭാംഗവും രണ്ട് തവണ രാജ്യസഭാംഗവുമായിരുന്നു ജയ്പാൽ റെഡ്ഡി. ഇടക്കാലത്ത് ജനതാദളിൽ എത്തിയ അദ്ദേഹം വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തി. പിന്നീട് കോൺഗ്രസ് വക്താവുമായി. ഒന്നാം യുപിഎ സർക്കാരിൽ നഗരവികസനം, സാംസ്കാരികം, വകുപ്പുകളുടെ മന്ത്രിയായിരുന്നു. രണ്ടാം യുപിഎ സർക്കാരിൽ പെട്രോളിയം, ശാസ്ത്ര സാങ്കേതികം തുടങ്ങിയവയുടെ ചുമതലയായിരുന്നു.