ന്യൂഡൽഹി
ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിൽ ഗർഭം ധരിക്കുന്ന കൗമാരക്കാർക്കോ അവരുടെ രക്ഷിതാവിനോ പരാതിയില്ലെങ്കിൽ അവരുടെ വിവരം ഡോക്ടർ പൊലീസിന് നൽകേണ്ടതില്ലെന്ന് സുപ്രീംകോടതി. പോക്സോ നിയമത്തിലെ 19–-ാം വകുപ്പുപ്രകാരം അംഗീകൃത ഡോക്ടർ പെൺകുട്ടിയുടെ വിവരം പൊലീസിന് നൽകണമെന്നാണ് ചട്ടം. എന്നാൽ, പരാതികളില്ലാത്ത പെൺകുട്ടികളും രക്ഷിതാക്കളും മാനഹാനി ഭയന്ന് ലൈസൻസ് ഇല്ലാത്ത ഡോക്ടർമാരെ സമീപിച്ച് ഗർഭച്ഛിദ്രം നടത്തുന്നത് ജീവഹാനിയിലേക്കടക്കം നയിക്കുന്നതിനാലാണ് വിവരം നൽകേണ്ടതില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.
പ്രായപൂർത്തിയാകാത്തവർക്കും ഗർഭച്ഛിദ്രം നടത്താമെന്നും ഉത്തരവിൽ വ്യക്തമാക്കി.
പോക്സോ നിയമമുണ്ടെങ്കിലും കൗമാരക്കാർ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് യാഥാർഥ്യമാണെന്നും ബെഞ്ച് നിരീക്ഷിച്ചു. അതിനാൽ ഗർഭച്ഛിദ്ര നിയമവും പോക്സോ നിയമവും ഒന്നിച്ചു വായിക്കണമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.