തലശ്ശേരി ബ്രണ്ണന് കോളേജില് അധ്യാപകന് ആയിരിക്കുമ്പോള്, ഇരുപതാം നൂറ്റാണ്ടില്, എണ്പതുകളുടെ ആദ്യപകുതിയില്, ഇംഗ്ലീഷ് അസോസിയേഷന് ഉദ്ഘാടനം ചെയ്തുകൊണ്ട്, അതിഥിയായെത്തിയ പ്രൊഫസറുടെ വാക്കുകള് ഓര്ക്കുന്നു. ഉദ്ധരണികളുടെ plenitude തന്നെ ആയിരുന്നു ആ പ്രഭാഷണത്തിന്റെ പ്രധാന സവിശേഷത. അടുത്തിരുന്ന സുഹൃത്തും സഹപ്രവര്ത്തകനും ആയ വി എൻ ഗോപകുമാര് ഷേക്സ്പിയറിന്റെ ഒരു വരിയില് നിന്നും രൂപപ്പെടുത്തിപ്പറഞ്ഞ ഒരു വാക്യം അവിസ്മരണീയമാണ്: Uneasy lies the head that is full of quotations !
മൂന്നുമിനിറ്റും ഇരുപത്തിയാറുനിമിഷവും മാത്രം ദൈര്ഘ്യമുള്ള ഒരു ചെറുചിത്രം നവതരംഗ സിനിമയിലെ മറ്റൊരു സംവിധായകനും സുഹൃത്തും ആയ എറിക് റോമറെക്കുറിച്ച് ഗൊദാദ് എടുത്തിട്ടുണ്ട്. ആദ്യത്തെ രണ്ടരമിനിറ്റും പൂർണമായ ഇരുട്ടില് കുറെ വാക്കുകള്മാത്രം തെളിയുന്നതാണ് നാം കാണുന്നത് (അവ ഉച്ചരിക്കപ്പെടുകയും ചെയ്യുന്നുണ്ട്).
തുടര്ന്ന്, തെല്ലിട റോമറുടെ മുഖം. ഒടുവില്, ഗൊദാദിന്റെ മുഖം. ശബ്ദപഥത്തില് വാക്കുകള് തുടര്ന്നുകൊണ്ടിരിക്കുന്നു. നിമിഷനേരത്തെ ഇരുള് ഇടവേളകളും. ആദ്യഭാഗത്ത് തെളിഞ്ഞുവരുന്ന വാക്കുകള്, കയെദു സിനിമയില് റോമര് എഴുതിയ ‘സ്ഥലത്തിന്റെ കല’ പോലുള്ള പല ലേഖനങ്ങളുടെ ശീര്ഷകങ്ങള് ആണ്.
സംവിധായകന് എന്നനിലയില്, ഗൊദാദിന്റെ ചലച്ചിത്ര ജീവിതം തുടങ്ങിയത്, ഏതാനും ഹ്രസ്വചിത്രങ്ങള് സംവിധാനം ചെയ്തുകൊണ്ടായിരുന്നു. സ്വിസ് ചലച്ചിത്രമേളയില് സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നല്കി ആദരിക്കാന് തീരുമാനിച്ചപ്പോള്, ആരോഗ്യപരമായ കാരണങ്ങള്കൊണ്ട് മേളയില് നേരിട്ട് പങ്കെടുക്കാന് പറ്റാത്തതുകൊണ്ട്, മറുപടി ഒരു വീഡിയോചിത്രമായി അയച്ചുകൊടുക്കുകയാണ് ചെയ്തത്.
ഹെന്റി ലാങ് ലൊ (Henri Langlois)യുടെ സിനിമയോടുള്ള പ്രണയം ആയിരുന്നു, പാരീസിലെ ചലച്ചിത്ര ശേഖരമായ സിനിമാതെക് സാധ്യമാക്കിയത്. നവതരംഗ സിനിമയും ചലച്ചിത്രകാരനായ ഷോണ് ലുക് ഗൊദാദും ആദ്യമായും പ്രധാനമായും കടപ്പെട്ടിരിക്കുന്നത്, ഇദ്ദേഹത്തോടുതന്നെയാണ്. 1968 ല്, ആന്ദ്രെ മാല്റൊ ഫ്രാന്സിലെ സാംസ്കാരിക വകുപ്പിന്റെ മന്ത്രിയായിരുന്നപ്പോള്, ലാങ് ലൊയെ പിരിച്ചുവിട്ടു.
ഗൊദാദ്, ത്രൂഫോ തുടങ്ങിയവരടങ്ങിയ യുവകലാപകാരികള് കാന് മേള നിറുത്തിവെയ്ക്കുവാനുണ്ടായ കാരണങ്ങളില് ഒന്ന്, ഈ പിരിച്ചുവിടല് കൂടിയായിരുന്നു.
‘പാഷന് ഫോര് സിനിമ’ എന്ന പുസ്തകവും ‘ഹെന്റി ലാങ്: ഫാന്റം ഓഫ് ദ സിനിമാതെക്’ എന്ന സിനിമയും അവതരിപ്പിക്കുന്നത്, ലോകസിനിമയോടുള്ള ഈ ഫ്രഞ്ചുകാരന്റെ തീക്ഷ്ണമായ അഭിനിവേശമാണ്.
സിനിമാതെക്കിന്റെ മക്കളില് ഒരു ദീര്ഘായുസ്സ് മുഴുവന് സിനിമകളെടുത്ത് ഏറ്റവും കൂടുതല് ലോകപ്രശസ്തി നേടിയത്, ഷോണ് ലുക് ഗൊദാദ് തന്നെയാണ്. ഒരു മിനിറ്റ് മുതല് നാലുമണിക്കൂര് ഇരുപത്തിയേഴ് മിനിറ്റ് വരെ ദൈര്ഘ്യമുള്ള നൂറോളം ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത് (ഒരൊറ്റ ഫ്രെയിം പോലും എടുക്കാതെ മഹാനായ ചലച്ചിത്രകാരനായി മാറിയ ഒരാള് എന്ന് ലാങ് ലൊയെക്കുറിച്ച് ഗൊദാദ്).
ക്വന്റിന് ടരന്റിനൊ തന്റെ ഫിലിം കമ്പനിക്ക് പേരിട്ടിട്ടുള്ളത്, ഗൊദാദിന്റെ ഒരു ചലച്ചിത്രശീര്ഷകം (Bande A Parte) കടമെടുത്തിട്ടാണ്. കാന് മേളയില് പാം ഡി ‘ഓര് നേടിയ ടരന്റിനൊയുടെ ‘പള്പ്പ് ഫിക്ഷന്’ (Pulp Fiction, 1994) വ്യത്യസ്ത അധ്യായങ്ങളായി തിരിച്ചിരിക്കുന്നത്, ‘വിവ്ര സ വി’യുടെ മാതൃകയിലാണ് എന്നതും ചിത്രത്തിന്റെ തുടക്കത്തില് തന്നെ തന്റെ ഇഷ്ട സംവിധായകന്റെ പേര് ഒരിടത്ത് എഴുതിക്കാണിച്ചിരിക്കുന്നതും ഓര്ക്കാവുന്നതാണ്.
ഗൊദാദ് സിനിമകളെക്കാള് ടരന്റിനൊയെ സ്വാധീനിച്ചത്, ഒരു നിരൂപക ഗൊദാദിനെക്കുറിച്ചെഴുതിയ ലേഖനം ആയിരുന്നു.
സംവിധായകന് മൂന്നു വയസ്സുള്ളപ്പോള് 1966 ല് പോളിന് കെയ്ല് എഴുതിയ ഒരു ലേഖനം ആയിരുന്നു അത് : Godard Among the Gangsters.
ഒന്ന് : സിഐഎയുടെ പ്രത്യയശാസ്ത്ര ശാഖയാണ് ഹോളിവുഡ്…
ഹോളിവുഡ്, 2010 ല് ഓണററി ഓസ്കാര് പ്രഖ്യാപിച്ചിരുന്നുെവങ്കിലും, സംവിധായകന് ഈ അംഗീകാരം സ്വീകരിക്കുകയുണ്ടായില്ല. ഓസ്കാര് അവാര്ഡിന് ഒരു വിലയും കല്പ്പിച്ചിരുന്നില്ല ഗോദാദ് (It means nothing to me).
ഗൊദാദ് ചിത്രീകരണത്തിനിടെ
തന്റെ പതിനേഴുചിത്രങ്ങളുടെ ഛായാഗ്രാഹകനായ റൗള് കൊടാര്ഡ് ഛായാഗ്രഹണം നിർവഹിച്ച ‘സെഡ്'(z) ഓസ്കാര് നേടിയപ്പോള് ഗൊദാദ് പ്രതികരിച്ചത്, അതുതന്നെ ആ സിനിമയുടെ യഥാർഥ സ്വഭാവം വ്യക്തമാക്കുന്നു എന്ന് സൂചിപ്പിച്ചുകൊണ്ടാണ്. കോസ്റ്റ ഗാവ്രയുടെ വിപ്ലവസിനിമയായി വാഴ്ത്തപ്പെടുന്ന ഒരു പൊളിറ്റിക്കല് ത്രില്ലര് ആണ് ‘സെഡ്’. എന്നാല് ഗ്രീക്ക് ഭാഷയില് ‘അവന് ജീവിക്കുന്നു; എന്നാണർഥം:
രണ്ട് : ‘‘അമേരിക്കയ്ക്കും പടിഞ്ഞാറിനും ഒരു ശബ്ദവും പല ശബ്ദങ്ങളും ആണ് ഉള്ളത് : നിക്സന്, ഹോളിവുഡ്, വാള്ട്ട് ഡിസ്നി”.
മറ്റൊരുസന്ദര്ഭത്തില്, യൂറോപ്പിന് നാഗരികതയുണ്ട് എങ്കില്, അമേരിക്കയ്ക്കുള്ളത്, ടീ ഷര്ട്ട് മാത്രമാണ് എന്നും പറയുന്നുണ്ട് ഗൊദാദ്.
ഒരു കാലത്ത്, 1967 ലെ ന്യൂയോര്ക്ക് ടൈംസ് പത്രത്തില് വന്ന ഒരു വാര്ത്തയനുസരിച്ച്, അറുപതിനായിരം യുവാക്കളാണത്രെ, സിനിമ പഠിക്കാന് അമേരിക്കയിലെ 120 ഫിലിം സ്കൂളില് ചേര്ന്നത്. മറ്റൊരു വസ്തുതയും കൂടി ഈ വാര്ത്തയോട് ചേര്ത്തുവായിക്കേണ്ടതാണ്.
പല കോളേജ് ക്യാമ്പസുകളിലും, മൈക്ക് നിക്കോള്സിനെപ്പോലെ ഗോദാദും ഒരു ഹീറോ ആയി മാറിക്കഴിഞ്ഞിരുന്നത്രെ ഇതിനകം ( Graduate, Catch 22, Who is Afraid of Virginia Woolf ?, Wit?) തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് നിക്കോള്സ് ). ഓരോ അമേരിക്കന് യുവാവും ചലച്ചിത്രസംവിധായകനാകണം എന്നുമോഹിച്ചിരുന്ന ഒരു കാലമായിരുന്നു അത്.
ജെയിനുള്ള കത്ത്, ഒരു ഫോട്ടോ പ്രധാനം, പിന്നെ, അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ മറ്റൊരു രൂപം /ഹോളിവുഡ് താരവ്യവസ്തയുടെ ക്രൂരവും മികച്ചതുമായ അപഗ്രഥനം /സ്ത്രീവിരുദ്ധം? പ്രശസ്തിയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്…
മൂന്ന് : ‘‘ലോകത്തിലെ ഏറ്റവും മനോഹരമായ തട്ടിപ്പാണ് സിനിമ”.
‘പട്ടാളക്കാര് ‘ (Les Carabiniers) എന്ന ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു രംഗത്തില്, യുലിസെസും എന്ജലൊയും സിനിമ കാണുകയാണ്.
‘പട്ടാളക്കാര് ‘ (Les Carabiniers) എന്ന ചിത്രത്തിൽ നിന്ന്
ബാത്ത് ടബ്ബില് ഒരു സ്ത്രീ കുളിക്കുന്ന രംഗം വരുന്ന സന്ദര്ഭത്തില് സിനിമയാണ് കാണുന്നത് എന്ന ബോധം ഇല്ലാതെ പട്ടാളക്കാരില് ഒരാള് തിരശ്ശീലയിലേയ്ക്ക് ചാടുന്നു.
തിരശ്ശീല കീറുകയാണ് ഇപ്പോള്. എങ്കിലും, ആദിമ പ്രേക്ഷകരായ പട്ടാളക്കാരുടെ ഉടലുകളില് സിനിമയുടെ പ്രതിഫലനം വീണുകൊണ്ടിരിക്കുന്നു. സിനിമ, യാഥാർഥ്യമല്ല, യാഥാർഥ്യത്തിന്റെ നിഴലാണ്, യാഥാർഥ്യത്തിന്റെ പ്രതിച്ഛായയാണ്, എന്ന സത്യം ഒരിക്കല് കൂടി നാം പ്രേക്ഷകര്ക്ക് ബോധ്യപ്പെടുന്നു”.
യാഥാർഥ്യത്തിന്റെ പ്രതിനിധാനമല്ല, പ്രതിനിധാനത്തിന്റെ യാഥാർഥ്യമാണ്” സിനിമയിലൂടെ താന് അവതരിപ്പിക്കുന്നത്, എന്നായിരുന്നല്ലോ ഗോദാദ് അവകാശപ്പെട്ടിരുന്നത്. യുദ്ധത്തിന് പോകുന്നതിനുമുമ്പ്, അവര്ക്ക് ജോലി നല്കിയ അധികൃതര് വാഗ്ദാനം ചെയ്തിരുന്നവയെല്ലാം ഇപ്പോള് ഒരു പെട്ടിയില് അവര് കൂടെ വന്നിട്ടുണ്ട്.
ഭാര്യമാര്ക്ക് പെട്ടി തുറന്നെല്ലാം തന്നെ അവര് കാണിച്ചുകൊടുക്കുന്നു. വസ്തു യാഥാർഥ്യത്തിനുപകരം, അവയുടെയെല്ലാം പകര്പ്പുകള് മാത്രമാണ് പെട്ടിയ്ക്കുള്ളില് ഉള്ളത് എന്ന് ഭാര്യമാര്ക്കും പ്രേക്ഷകര്ക്കും ഒടുവില് ബോധ്യപ്പെടുന്നു.
അതെ, ചലച്ചിത്രം നമുക്കുമുന്നില് അവതരിപ്പിക്കുന്നത്, യാഥാർഥ്യം അല്ലേയല്ല, അവയുടെ ചിത്രങ്ങള് മാത്രമാണ്, പിക്ചര് പോസ്റ്റ് കാര്ഡുകള്, മാത്രമാണ്.
ഗോദാദിന്റെ ഏറ്റവും മികച്ച ചിത്രങ്ങളില് ഒന്നായ ‘വിവ്ര സ വി’ ഇറങ്ങിയത്, 1962 ല് ആണ്.
‘വിവ്ര സവി’യിൽ നിന്ന്
പന്ത്രണ്ട് അധ്യായങ്ങളായി തിരിച്ച ഈ ചിത്രം, നാന എന്ന ലൈംഗികതൊഴിലാളിയുടെ ജീവിതം അവതരിപ്പിക്കുന്നു. എമിലി സോളയുടെ ‘നാന’ എന്ന നോവലും ഷോണ് റെന്വാറുടെ നാന എന്ന സിനിമയും ആണ്, നായികയുടെ പേരിലൂടെ പരാമര്ശിക്കപ്പെടുന്നത്.
എമിലി സോളയുടെ നോവലില്നിന്നും ഷോണ് റെന്വാര് സിനിമയില്നിന്നും ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്, സംവിധായകന്റെ ഏറ്റവും ബ്രെഹ്തിയന് സിനിമയാണിത് എന്ന വസ്തുതയാണ്. നായികയായി അഭിനയിച്ച അന്ന കരീനയെ പിന്നീട് സംവിധായകന് വിവാഹം ചെയ്തു.
മൂന്ന് കണ്ണുനീര്ത്തുള്ളികള്… നാന ‘ജോണ് ഓഫ് ആര്ക്’ കണ്ടിരിക്കുമ്പോള് മുടി മുറിക്കപ്പെടുന്ന നായികയുടെ കണ്ണുനീര് കാണുമ്പോള് കരയുന്നത്, കാണി നായികയുമായി താദാത്മ്യം പ്രാപിക്കുന്നത്, സിനിമാശാലയിലേയ്ക്ക് പലവട്ടം ഒളിച്ചുകടക്കാന് ശ്രമിക്കുന്നത്, ഇരുട്ടില് ഒരു കാണിയായി ഇരിക്കുന്നത്, സിനിമയിലെ നായികയുടെ കണ്ണുനീര് കണ്ട് മൂന്നു കണ്ണുനീര്ത്തുള്ളികള് അടര്ന്നുവീഴുന്നത്… ബ്രെഹ്തിന്റെ സ്വാധീനം വ്യക്തമാകുംവിധം,
പന്ത്രണ്ട് അധ്യായങ്ങളായി തിരിച്ചിരിക്കുന്നത്.. ഒരു പക്ഷേ, ബ്രെഹ്തിയന് അന്യവല്ക്കരണത്തിനുവിരുദ്ധമായി ഗൊദാദിന്റെ നായിക കാള് ഡൃയറുടെ നായികയുമായി താദാത്മ്യം പ്രാപിക്കുന്നത്… ഏതോ ഒരു പിന്കാലസിനിമയില് അടുത്ത ബന്ധുവിനെക്കുറിച്ച് പരാമര്ശിക്കുന്നതുപോലെ, ഗൊദാദ് തന്നെ നേരിട്ടു പ്രത്യക്ഷനായി ‘അങ്കിള് ബ്രെഹ്ത്’ എന്നുപറയുന്നത്… ബ്രെഹ്തിയന് രീതിയില് പന്ത്രണ്ട് അധ്യായങ്ങള്ക്കും വ്യത്യസ്തമായ ശീര്ഷകങ്ങളും നല്കപ്പെട്ടിരിക്കുന്നു.
‘ഒരു ഉപഭോഗവസ്തുവുമായുള്ള അഭിമുഖം’ ഒരുദാഹരണം.
നാല് : ‘‘ഇപ്പോഴും ഞാന് പ്രശസ്തനാണ് എങ്കില് അതിനർഥം, ഇപ്പോളും ഞാന് ഒരു ബൂര്ഷ്വാസിയാണ് എന്നാണ്”.
1966 ല് ഇറങ്ങിയ ‘പിരോ ല ഫു’
പിരോ ല ഫു’ (Pierrot la Fou)
(Pierrot la Fou) ല് പ്രത്യക്ഷപ്പെടുന്ന അമേരിക്കന് സംവിധായകനായ സാമുവല് ഫുള്ളര് സിനിമയുടെ ഒരു നിർവചനം തന്നെ പ്രേക്ഷകരുടെ മുന്നില് അവതരിപ്പിക്കുന്നു :” സിനിമ ഒരു യുദ്ധക്കളം പോലെയാണ്.
അത്, സ്നേഹം, വെറുപ്പ്, ആക്ഷന്, വയലന്സ്, മരണം, എല്ലാമാണ്. ഒറ്റ വാക്കില് പറഞ്ഞാല്, മരണം”.
പാരീസില് അമേരിക്കന് സംവിധായകന് എത്തിയിരിക്കുന്നത്, ‘രോഗത്തിന്റെ പൂക്കള്’ എന്നൊരുസിനിമ എടുക്കാനാണ്. ഫുള്ളറുടെ ആദ്യ യുദ്ധസിനിമയായ ‘ദ സ്ട്രീറ്റ് ഹെല്മറ്റ്’ ഇറങ്ങിയപ്പോള് ഉയര്ന്ന ഒരു ആരോപണം, ചിത്രം അമേരിക്കൻ വിരുദ്ധ പ്രചാരണ ചിത്രമാണ് എന്നായിരുന്നു.
ഹിറ്റ്ലറുടെ കാലത്ത്, ജര്മ്മനിയില് നിന്ന് രക്ഷപ്പെട്ട് ഹോളിവുഡിലെത്തിയ ഫ്രിട്സ് ലാനഗ് ഗൊദാദിന്റെ ‘കണ്ടംപ്റ്റ് ‘ എന്ന ചിത്രത്തില് പ്രത്യക്ഷപ്പെടുന്നത്, ഹോമറുടെ ഒഡിസി സിനിമയാക്കുവാനാണ് (ഗീബല്സ് സംവിധായകന് വലിയ വാഗ്ദാനങ്ങള് നല്കിയ സാഹചര്യത്തില് ആയിരുന്നു രക്ഷപ്പെടല് എന്നാണ് പറയപ്പെടുന്നത്).
സിനിമയെടുക്കുന്നതിന്റെ യഥാർഥ പ്രക്രിയയെക്കുറിച്ചുള്ള ഏറ്റവും മികച്ച ചലച്ചിത്രങ്ങളില് ഒന്നെന്നു മാര്ട്ടിന് സ്കോര്സെസെയും യുദ്ധാനന്തര യൂറോപ്പില് നിർമിക്കപ്പെട്ട ഏറ്റവും മഹത്തായ കലാസൃഷ്ടി എന്ന് ചലച്ചിത്രനിരൂപകനായ കോളിന് മക്കാബെയും വിശേഷിപ്പിച്ചിട്ടുള്ള ഈ സിനിമയില്, ഫ്രിസ്റ്റ് ലാങ് ഒരു സന്ദര്ഭത്തില് സിനിമാസ്കോപ്പിനെക്കുറിച്ച് പറയുന്നത്, ഒരു ഗൊദാദിയന് ആപ്തവാക്യം പോലെ രസകരമാണ് :
‘‘പാമ്പുകള്ക്കും ശവപ്പെട്ടികള്ക്കും നല്ലതാണ് സ്കൊപ് , പക്ഷേ, മനുഷ്യര്ക്ക് പറ്റിയതല്ല”. ഏതു ഗൊദാദ് സിനിമയും ഒരുവിധത്തില് അല്ലെങ്കില് മറ്റൊരു വിധത്തില് സിനിമയെക്കുറിച്ചുകൂടിയായിരിക്കും എങ്കില്, ഈ ചിത്രം സവിശേഷമായി, ഹോളിവുഡ് രീതിയിലുള്ള സിനിമയെക്കുറിച്ചും സിനിമാനിർമാണരീതിയെക്കുറിച്ചും ആണ് എന്ന് വിലയിരുത്താവുന്നതാണ്.
അഞ്ച് : ‘സ്വയം ഒരു പ്രബന്ധകാരനായിട്ടാണ് ഞാന് കരുതുന്നത്. നോവലുകളുടെ രൂപത്തില് പ്രബന്ധങ്ങളും പ്രബന്ധങ്ങളുടെ രൂപത്തില് നോവലുകളും എഴുതുന്നതിനുപകരം ഞാനവ സിനിമയാക്കുന്നു എന്നുമാത്രം”.
ഫ്രഞ്ചുകാരനായ അലക്സാണ്ടര് അസ്ട്രുക് ആണ് 1948 ല് പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖനത്തിലൂടെ ക്യാമറ ഒരു പേനയാണ് എന്ന ആശയം ജനശ്രദ്ധയിലേയ്ക്ക് കൊണ്ടുവരുന്നത് (Birth of a New Avant Garde : La Stylo).
ചിത്രകലയെപ്പോലെ , നോവലിനെപ്പോലെ, ഒരു ആവിഷ്കരണോപാധി എന്ന നിലയിലേയ്ക്ക് സിനിമ വളര്ന്നുകൊണ്ടിരിക്കുകയാണ് എന്ന് വാദിക്കുകയായിരുന്നു അദ്ദേഹം. ക്യാമറ സ്റ്റൈലൊ (ക്യാമറ പെന്) എന്ന സങ്കല്പം അദ്ദേഹം അവതരിപ്പിക്കുന്നു. ഒരു നവയുഗം പിറക്കുന്നു എന്ന് പ്രവചിക്കുന്നു അസ്ട്രുക്.
സിനിമ ഒടുവില് ദൃശ്യത്തിന്റെ അതിര് കടന്ന മേധാവിത്വത്തില്നിന്നുമൊടുവില് വിമോചിക്കപ്പെടും എന്നും പ്രഖ്യാപിക്കുന്നു ഈ ചെറുലേഖനത്തില് അദ്ദേഹം.
1976 ല് സാര്ത്രിനെക്കുറിച്ചുള്ള ഒരു സിനിമ (Sartre By Himself) സംവിധാനം ചെയ്തിട്ടുണ്ട് അസ്ട്രുക് (ഷേക്സ്പിയര് ഇന് ലവ് എഴുതിയ മാര്ക് നോര്മന്, അമേരിക്കന് തിരക്കഥയുടെ ചരിത്രത്തില്, അസ്ട്രുക് അവതരിപ്പിച്ച ക്യാമറ സ്റ്റൈലൊ എന്ന സങ്കല്പ്പത്തെ വിമര്ശിക്കുന്നുണ്ട്.
രവീന്ദ്രന്
അസ്ട്രുക് സ്വന്തം ആശയം പ്രായോഗികമായി തെളിയിക്കാന് ശ്രമിച്ചപ്പോള്, പരാജയപ്പെട്ടു എന്നും നോര്മന് വിലയിരുത്തി ).
മലയാള സിനിമയില് ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്’ സംവിധാനം ചെയ്ത രവീന്ദ്രന് ഈ ചിത്രം അവതരിപ്പിച്ചത്, ഒരു ചലച്ചിത്രപ്രബന്ധം എന്ന വിശേഷണത്തോടെ ആണ്.
ഗൊദാദിന്റെ ചലച്ചിത്രപ്രബന്ധം എന്ന സങ്കല്പത്തിന്റെ പശ്ചാത്തലത്തില് ആയിരുന്നു, ശശികുമാര്, നന്ദകുമാര് തുടങ്ങിയവര് അഭിനയിച്ച ഈ സിനിമയെക്കുറിച്ച്, വി അരവിന്ദാക്ഷന്റെ പത്രാധിപത്യത്തിലും നീലന്റെ നേതൃത്വത്തിലും ഇറങ്ങിയിരുന്ന ‘ദൃശ്യകല’യുടെ 1980 ല് ഇറങ്ങിയ ഒരു ലക്കത്തില് എഴുതിയിരുന്നത് എന്ന് ഓര്ക്കുന്നു.
മലയാളസിനിമയില് (ചിന്ത) രവീന്ദ്രനില് ആണ്, ഗൊദാദിന്റെ നേരിട്ടുള്ള സ്വാധീനം ഉള്ളത് എങ്കില്, ഇന്ത്യന് സിനിമയില്, അത് മൃണാള് സെന്നിലാണ്. ലോകസിനിമയില് അതുപ്രധാനമായും രണ്ട് അമേരിക്കന് സംവിധായകരില് ആണ്, പ്രബലമായിട്ടുള്ളത്. ക്വന്റിന് ടരാന്റിനൊയും മാര്ട്ടിന് സ്കോര്സെസെയും.
മലയാളസിനിമയില് (ചിന്ത) രവീന്ദ്രനില് ആണ്, ഗൊദാദിന്റെ നേരിട്ടുള്ള സ്വാധീനം ഉള്ളത് എങ്കില്, ഇന്ത്യന് സിനിമയില്, അത് മൃണാള് സെന്നിലാണ്. ലോകസിനിമയില് അതുപ്രധാനമായും രണ്ട് അമേരിക്കന് സംവിധായകരില് ആണ്, പ്രബലമായിട്ടുള്ളത്. ക്വന്റിന് ടരാന്റിനൊയും മാര്ട്ടിന് സ്കോര്സെസെയും. മൃണാള് സെന് ഗൊദാദ് രീതിയിൽ വലിയതോതിൽ ആകൃഷ്ടനായിരുന്നു (കോറസ് ഒരു ഉദാഹരണം).
മൃണാള് സെന്
ഇന്ത്യന് ഗൊദാദ് എന്നും അേദ്ദഹം വിശേഷിപ്പിക്കപ്പെടുകയുണ്ടായി. ശത്രുക്കള് പ്രചരിപ്പിച്ചിരുന്ന ഒരു കഥയായിരിക്കണം, ഗൊദാദ് അത് പരസ്യമായി നിഷേധിച്ചുവത്രേ : അല്ല, അതുശരിയല്ല, മൃണാള് സെന് ഇന്ത്യന് ഗൊദാദ് അല്ലേയല്ല, മറിച്ചാണ് സത്യം. ഫ്രഞ്ച് മൃണാള് സെന് ആണ് ഞാന്.
‘സൈന്സ് ആൻഡ് മീനിങ്ങ്സ്’ എന്ന പുസ്തകത്തില്, ലോറ മൽവിയുടെ ഭര്ത്താവായിരുന്ന പീറ്റര് വൊളന് എഴുതുന്നു: മറ്റാരെക്കാളും കൂടുതലായി, ആവിഷ്കാരം നടത്തുന്നതിനും സംവദിക്കുന്നതിനും ഏറ്റവും മികച്ച രീതിയില്, സിനിമ കൈകാര്യം ചെയ്തിട്ടുള്ള ഒരാളാണ് ഗൊദാദ്.
അദ്ദേഹത്തിന്റെ കൈകളില്, പിയർസിന്റെ പെര്ഫെക്റ്റ് ചിഹ്നത്തിലെന്നതുപോലെ, സിനിമ മിക്കവാറും, പ്രതീകാത്മകവും സൂചനാത്മകവും ദൃശ്യബിംബപരവും (the symbolic, the iconic and the indexical) ആയ സംലയനം സാധ്യമാക്കുന്നു. അദ്ദേഹത്തിന്റെ സിനിമകളില്, ആശയപരമായ അർഥവും ചിത്രസൗന്ദര്യവും ഡോകുമെന്ററി സത്യവും ഉണ്ട്.
പീറ്റര് വൊളന്
ആറ് : ‘‘അവ്യക്തമായ ആശയങ്ങളെ തെളിഞ്ഞ ദൃശ്യങ്ങള്കൊണ്ട് നേരിടുക. എന്താണ് സിനിമ? ചെറിയ ഒരു സിനിമാശാലയില് ഗോഷ്ടി കാണിക്കുന്ന ഒരു വലിയ തല. അത്തരം കാര്യങ്ങള് ഇഷ്ടപ്പെടണം എങ്കില്, നിങ്ങള് ഒരു കഴുത ആയിരിക്കണം. അതെ ! അതെ ! ഞാനെന്താണ് പറയുന്നത് എന്നെനിക്കറിയാം. സിനിമ, ഒരു മായിക കലയാണ് ”.
‘ചീനക്കാരി’ ((La Chinoise,1967) എന്ന സിനിമയില് ഗൊദാദ് ഈ ആശയം അവതരിപ്പിക്കുന്നത്, ചുമരില് പതിച്ചിരിക്കുന്ന ഒരു പോസ്റ്റര് വാക്യം ആയിട്ടാണ് ( Vague ideas must be confronted by clear images). ഈ ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു രംഗത്തില് നാം കാണുന്നത്, മാവോ ആശയങ്ങള് അവതരിപ്പിക്കുന്ന ഒരു ചെറുപുസ്തകത്തിന്റെ എണ്ണമറ്റ കോപ്പികള് അടുക്കിവെച്ചിട്ടുണ്ടാക്കിയ ഒരു ചുമരിനു പിറകില് തോക്കും പിടിച്ചുനില്ക്കുന്ന നായികയെ ആണ്.
ഈ ചുവപ്പന് ദൃശ്യത്തില്, നായിക, നാം പ്രേക്ഷകര്ക്ക് നേരെയാണ്, ഒരർഥത്തില് ക്യാമറ ചൂണ്ടിപ്പിടിച്ചിരിക്കുന്നത്.
ഏഴ് : ‘‘സിനിമ തുടങ്ങുന്നതെവിടെയാണ് ? സംശയമില്ല, മറ്റു കലകളില് എന്നതുപോലെ, രൂപം ശൈലിയായി മാറുന്നിടത്ത്. ശൈലി, ധാർമികമായ ഒരു കാര്യമാണത്… എനിക്കറിഞ്ഞുകൂടാ… മിസോഗുച്ചി പിറകോട്ടുവെച്ച ഒരു കാൽവെപ്പോ, ഓര്സന് വെല്സ് മുന്നോട്ടുവെച്ച ഒരു കാൽവെപ്പോ ആണത് ”.
Ethics and aesthetics are one എന്ന് ഭാഷാദാര്ശനികന് ആയ ലുഡ് വിഗ് വിറ്റ്ഗന്സ്റ്റൈന് ( കിഴക്ക് നിന്നും ഉള്ള കാറ്റ് ഗൊദാദ് സിനിമയുടെ ചരിത്രത്തിലെ ഒരു വഴിത്തിരിവാണ്. സിനിമയിലെ ഏറെ പ്രശസ്തമായ ഒരു സന്ദര്ഭം. ലാറ്റിന് അമേരിക്കന് സിനിമയിലെ പ്രമുഖ ചലച്ചിത്രകാരനായ ഗ്ലോബര് റോഷ, ഒരു നാല്ക്കവലയില്, ഇരുകൈകളും വിടര്ത്തി നില്ക്കുന്നു.
അപ്പോഴാണ്, ഈ വർണചിത്രത്തില്, ഗര്ഭിണിയായ യുവതി അവിടെയെത്തുന്നത്. ഏതാണ് രാഷ്ട്രീയസിനിമയുടെ വഴി എന്നുചോദിക്കുന്നു യുവതി. ഒരു ദിശയിലേയ്ക്ക് വിരല് ചൂണ്ടുന്നു. ആ വഴി പിന്തുടരുവാന് തുടങ്ങുന്നു എങ്കിലും, അടുത്ത നിമിഷത്തില് തന്നെ ഗര്ഭിണിയായ യുവതി, മറ്റൊരു വഴിയിലേയ്ക്ക് തിരിയുന്നു. സൗന്ദര്യാത്മക സിനിമയുടെ പാതയാണത്.
വർണശബളാത്മകമായ ഈ ‘രാഷ്ട്രീയസിനിമ’ വലിയ വിമര്ശനങ്ങള്ക്ക് വഴിവെയ്ക്കുകയുണ്ടായി എങ്കിലും, സംവിധായകന് ഒട്ടും പതറിയില്ല). ‘‘ഗൊദാദ് ആണ് നിയമങ്ങള് ലംഘിക്കുവാന് നമ്മെ പഠിപ്പിച്ചത്” എന്ന് സത്യജിത് റായ് പറയുന്നിടത്തും നിലനില്ക്കുന്ന ഒരവസ്ഥയെ അതിലംഘിക്കാന് ഉള്ള മനുഷ്യന്റെ ഒരു സർഗവാസനയുടെ പ്രതിഫലനം ആണ് പ്രകടമാകുന്നത്.
ആഫ്ടര് ഷേവ് ലോഷനെക്കുറിച്ചുള്ള ഒരു പരസ്യചിത്രം(Schick After Shave), തന്റെ സോണി ഇമേജ് കാലത്ത്, ഗോരിന് തുടങ്ങിയവരുമൊത്തുള്ള ഘട്ടത്തില്, ഗൊദാദ്, 1972 ല് എടുക്കുകയുണ്ടായി. കിടപ്പുമുറിയില് കലഹിക്കുന്ന ഭാര്യയും ഭര്ത്താവും ആണ് നായകര്. നായകന് ലോഷന് തിരയുകയാണ്.
ബ്രെത്്ലസ്സിന്റെ ചിത്രീകരണം
വഴക്കവസാനിക്കുമ്പോള്, ചിത്രം അവസാനിക്കുമ്പോള്, ഫ്രെയിമില് മനുഷ്യകഥാപാത്രങ്ങളെ നാം കാണുന്നില്ല. അവസാനഷോട്ടില് ഇതാ നമ്മുടെ ഷിക് ഷേവിങ് ലോഷന്! ഈ നുറുങ്ങുസിനിമയില്, പരസ്യസിനിമയില്, പോലും പ്രകടമാകുന്നു, സംവിധായകന്റെ രാഷ്ട്രീയം.
ദമ്പതികളുടെ കലഹത്തിന് പശ്ചാത്തലമായി റേഡിയോയില്നിന്നും കേള്ക്കുന്നത്, പലസ്തീന് വിശേഷങ്ങളാണ് (ലോകത്തെ കമ്യൂണിസത്തില്നിന്ന് രക്ഷിക്കുവാനായി’, അമേരിക്ക വിയറ്റ്നാമില് സൈനികമായി ഇടപെട്ടപ്പോള്, തന്റെ എല്ലാ സിനിമകളിലും വിയറ്റ്നാം പരാമര്ശിക്കപ്പെടും എന്നുനിശ്ചയിച്ചിരുന്നു ഗൊദാദ് ).
അമേരിക്കന് ഇന്ത്യക്കാര്ക്കനുകൂലമായും ഇതേ നിലപാട് സിനിമകളില് സ്വീകരിക്കുകയുണ്ടായി അദ്ദേഹം. (നമ്മുടെ സംഗീതത്തില് ഗൊദാദ്, ബോധപൂർവം പ്രശസ്ത പലസ്തീന് കവിയുമായുള്ള ഒരു അഭിമുഖം ഉള്ക്കൊള്ളിച്ചിട്ടുണ്ട് ). സംഭാഷണം പൂർണമായും ഉദ്ധരണികള് മാത്രമായ ഒരു സിനിമയും ഗൊദാദ് ചെയ്തിട്ടുണ്ട്
‘Nouvelle Vague’ (New Wave) ഈ ചിത്രത്തെ ഒരു നിരൂപകന് ഇംഗ്ലീഷില് വിശേഷിപ്പിച്ചത് ‘feature- length lipstick commercial’എന്നായിരുന്നു (തൂവലിന്റെ കനം മാത്രമുള്ള ചിത്രം എന്നും ഉണ്ട് ).
(20/9/22 രാവിലെ ഏഴുമിനിറ്റ് അമ്പത് നിമിഷം): ഇന്നാണ്, ഇപ്പോഴാണ്, Two or Three Things I Know About Her എന്ന ചിത്രത്തില്നിന്നുള്ള മൂന്നുമിനിറ്റ് മുപ്പത്തിയെട്ടുനിമിഷം മാത്രം ദൈര്ഘ്യമുള്ള, അത്യന്തം cinematic ആയ ആ രംഗം, (രാഹുല് യാദവിന്റെ ട്വിറ്ററില് നിന്നും), കണ്ടത് : കാപ്പിയുടെ പതയുടെ ഗൊദാദിയന് ചലന ചിത്ര സുന്ദര രംഗം. (ഒക്ടോബര് 1, അന്താരാഷ്ട്ര കോഫി ദിനം ആണ്). രണ്ടുവർഷം മുമ്പാണ്, 6.39pm , ഒക്ടോബർ ഒന്നാം തിയതിയാണ്, ഈ ഗൊദാദിയന് ചലന ചിത്ര സുന്ദര രംഗം, രാഹുല്, ട്വിറ്ററില് അവതരിപ്പിച്ചത്.
എട്ട് : ഗൊദാദ് ഒരിക്കല് പറഞ്ഞതിങ്ങനെ : ചാപ്ലിന്റെ ‘ന്യൂയോര്ക്കിലെ രാജാവി’ന് വേണ്ടി വാദിക്കുമ്പോള്, റോസല്ലിനി പറഞ്ഞു: സ്വതന്ത്രനായ ഒരു മനുഷ്യന്റെ സിനിമയാണത്.
ഗൊദാദ്, അന്ന കരീന, ഷോൺ പോൾ ബെൽമൊണ്ടോ
അതാണ് ശരി. സിനിമയുണ്ടാക്കുക എന്നുവെച്ചാല്, എമിലിനെയും. എന്ജലോയെയും പോലുള്ള സ്വതന്ത്രമനുഷ്യരെ സിനിമയില് അവതരിപ്പിച്ചാല് മതി.
‘‘ഒരു കണ്ണാണ് ഞാന്. ഒരു യന്ത്രക്കണ്ണ് ” ‐മൂവി ക്യാമറയുമായി നീങ്ങുന്ന മനുഷ്യന് (1929) എന്ന ചിത്രത്തില് ഇങ്ങനെ സ്വയം പരിചയപ്പെടുത്തിയ സീഗ വെര്തോവ് ആയിരുന്നു, ഒരു ഘട്ടത്തില്, ക്യാമറയും കൈയില് പിടിച്ച് നേരെ തെരുവിലേയ്ക്ക് ഇറങ്ങിച്ചെന്ന, സിദ്ധാന്തം തന്നെ പ്രയോഗം എന്നു വിശ്വസിച്ചിരുന്ന, ഗൊദാദിന്റെ ഒരു വലിയ പ്രചോദനം.
കെട്ടുകഥകൾ മെനയുവാൻ മിനക്കെടാതെ,നേരിട്ടു സമകാലികമായ യാഥാർഥ്യത്തിന്റെ നടുവിലേക്ക് ഇറങ്ങിച്ചെന്നു സിനിമയെടുക്കുക , എന്നതായിരുന്നു വെർതോവിന്റെ സിനിമയെക്കുറിച്ചുള്ള അടിസ്ഥാന ആദർശം.
‘മൂവി ക്യാമറയുമായി നീങ്ങുന്ന മനുഷ്യൻ’ എന്ന ചിത്രത്തിൽ അദ്ദേഹം ചെയ്തതും അതു തന്നെയാണ് . മോസ്കോ നഗരത്തിലെ ഒരു സാധാരണ ദിവസമാണ് , ഈ സിനിമയില് , അദ്ദേഹം ചിത്രീകരിച്ചത് .
ഒരു കുഞ്ഞിന്റെ ജനനം മുതൽ മരണം വരെയുള്ള നിത്യജീവിത യാഥാർഥ്യങ്ങൾ അദ്ദേഹം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു . (‘റണ് , കല്യാണി ,റണ്’ എന്ന ചിത്രത്തിന്റെ സംവിധായികയും ചലച്ചിത്ര നിരൂപകയുമായ ജെ ഗീതയുടെ ഒരു ചലന ചിത്രത്തിന്റെ പേര് ‘മൂവി ക്യാമറയുമായി ഒരു സ്ത്രീ’ (Woman with A Video Camera) എന്നാണ് . അടല് കൃഷ്ണ എടുത്ത (‘Woman with A Movie Camera’) എന്നൊരു സിനിമയും കഴിഞ്ഞ വർഷം ഇറങ്ങി ).
1905 ല് നടന്ന ഒഡേസ പടവുകളിലെ വെടിവെപ്പും പൊട്ടംകിന് പടക്കപ്പലിലെ കലാപവും കഥയാക്കി അവതരിപ്പിച്ചു ഐസന്സ്റ്റൈന് എന്ന് വിമര്ശനം ഉയരുകയുണ്ടായി ഒരിക്കല്. (‘ല കരബിനിയേര്സി’ല് പൊട്ടംകിന് സിനിമയിലെ പ്രശസ്തമായ ടാര്പോളിന് രംഗത്തിന്റെ ഒരു പാരഡി അവതരിപ്പിക്കപ്പെടുന്നുണ്ട്. തോന്നുമ്പോളൊക്കെ ആരെയും വെടിവെച്ചു കൊല്ലാന് ‘സ്വാതന്ത്ര്യം’ ലഭിച്ച പട്ടാളക്കാരുടെ മുന്നില് ഒരു യുവതി പ്രത്യക്ഷപ്പെടുന്നു.
വർഗസാഹോദര്യത്തിന്റെ അവബോധത്തില്, തോക്കുമായി മുന്നില് നില്ക്കുന്ന പട്ടാളക്കാരെ, ‘സഖാക്കളേ’ എന്ന് സംബോധന ചെയ്യുന്നു യുവതി.
തലയില് ഒരു കൈലേസ് വെയ്ക്കുന്നു പട്ടാളക്കാരില് ഒരാള്. മറ്റൊരാള്, ഒരു ദയയുമില്ലാതെ, തോക്കെടുത്ത് വെടിവെയ്ക്കുന്നു).
ഒമ്പത് : ഒരു ചലച്ചിത്രം : ജീവിതത്തിലെ ബുദ്ധിമുട്ടുകള്ക്കും ആ ജീവിതത്തെ മാറ്റിത്തീര്ക്കുന്ന പ്രവൃത്തികള്ക്കും ഇടയ്ക്കുള്ള ഒരു കറുത്ത ബോര്ഡ്.
ഇംഗ്ലിഷ് ബി എ വിദ്യാർഥിയായിരിക്കുമ്പോള് തന്നെ ഗൊദാദ് എന്ന ചലച്ചിത്രകാരനെ പരിചയപ്പെട്ടിരിക്കാമെങ്കിലും ബോംബെയില് അധ്യാപകനായി ജോലി നോക്കുന്ന കാലത്താണ്, കൂടുതല് സിനിമകള് കാണാന് അവസരം കിട്ടുന്നത്.
ഇംഗ്ലിഷ് ബി എ വിദ്യാർഥിയായിരിക്കുമ്പോള് തന്നെ ഗൊദാദ് എന്ന ചലച്ചിത്രകാരനെ പരിചയപ്പെട്ടിരിക്കാമെങ്കിലും ബോംബെയില് അധ്യാപകനായി ജോലി നോക്കുന്ന കാലത്താണ്, കൂടുതല് സിനിമകള് കാണാന് അവസരം കിട്ടുന്നത്.
ഡോക്ടര് ദേശ് മുഖ് റോഡ് ആയി മാറിയ പൊദ്ദാര് റോഡിലെ ഹൗസ് ഓഫ് സോവിയറ്റ് കള്ച്ചറില് വെച്ച് കണ്ടുമുട്ടിയ മണിലാല് ഗാല മുളുണ്ടില് വെച്ച് സ്ക്രീന് യൂണിറ്റ് തുടങ്ങുമ്പോള്, ഒരു ‘പ്രൊഫസര്’ ആയിരുന്നതുകൊണ്ട്, പ്രസിഡന്റ് ആയി നിയോഗിതനായതും ലോകസിനിമയുമായുള്ള പരിചയം കൂടുതല് വിശാലവും ദൃഢവും ആക്കി.
എണ്പതില് ജോലി കിട്ടി നാട്ടില് വന്നതിനുശേഷം ഒരിക്കല് കാസര്കോട് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില് നടന്ന ചലച്ചിത്രാസ്വാദന ക്യാമ്പില് വെച്ചാണ് ‘ബ്രെത്ലസ്സി’നെക്കുറിച്ച് സംസാരിക്കുന്നത്.ക്യാമ്പ് ഡയറക്ടര് ആയിരുന്ന പൂന ആര്ക്കൈവിലെ ക്യുറേറ്റര് പി കെ നായര് പറഞ്ഞിട്ടായിരുന്നു സംസാരിച്ചത്.
എണ്പതില് ജോലി കിട്ടി നാട്ടില് വന്നതിനുശേഷം ഒരിക്കല് കാസര്കോട് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില് നടന്ന ചലച്ചിത്രാസ്വാദന ക്യാമ്പില് വെച്ചാണ് ‘ബ്രെത്ലസ്സി’നെക്കുറിച്ച് സംസാരിക്കുന്നത്.ക്യാമ്പ് ഡയറക്ടര് ആയിരുന്ന പൂന ആര്ക്കൈവിലെ ക്യുറേറ്റര് പി കെ നായര് പറഞ്ഞിട്ടായിരുന്നു സംസാരിച്ചത്.
ക്യാമ്പില് പങ്കെടുത്ത ഒരു സുഹൃത്ത് അന്നൊരു വിമര്ശനം ഉന്നയിക്കുകയുണ്ടായി.
ചിത്രത്തിലെ നിരവധി പരാമര്ശങ്ങളെക്കുറിച്ചും സൂചനകളെക്കുറിച്ചും ആയിരുന്നു ഞാൻ സംസാരിച്ചത്. സുഹൃത്ത് വാദിച്ചത്, ആ പരാമര്ശങ്ങള് ആ തരത്തില് അത്ര ഗൗരവമായി എടുക്കുന്നത് ശരിയല്ല എന്നായിരുന്നു. ഒരു തരം ഗൗരവവും ഒരുതരം ലാഘവത്വവും ഇടകലര്ന്ന് പോകുന്ന രീതിയാണ് ഗൊദാദ്, പൊതുവില് സ്വീകരിച്ചുകാണുന്നത്.
ധൈഷണികമായ ഒരുസിനിമയുടെ, ചിന്തിക്കാന് പ്രേരിപ്പിക്കുന്നതരം സിനിമയുടെ, വക്താവും പ്രയോക്താവും ആണദ്ദേഹം എന്നത് വിസ്മരിച്ചുകൂടാ (സി എസ് വെങ്കിടേശ്വരനുമായുള്ള കേരള ചലച്ചിത്ര അക്കാദമി അഭിമുഖത്തില് English is a domineering language എന്നായിരുന്നു സ്വിസ് ഫ്രഞ്ചുകാരന് അഭിപ്രായപ്പെട്ടത്).
പത്ത് : ‘‘നിമിഷത്തില് ഇരുപത്തിനാലുവട്ടം സത്യം എന്നതാണ് സിനിമ”.
1949 ല്, പിന്നീട് നവതരംഗത്തിന്റെ പ്രവര്ത്തകരായി മാറിയവരുടെ ഒരു സംഘം, Objectif 49) എന്ന പേരില് ഒരു ഫിലിം ക്ലബ് ആരംഭിക്കുകയുണ്ടായി. നവതരംഗ സിനിമയുടെ മുത്തശ്ശിയായി കരുതപ്പെടുന്ന ആഗ്നസ് വര്ദയും തലതൊട്ടപ്പനായി അറിയപ്പെടുന്ന അലന് റെനെയും ഈ വിശാലമുന്നണിയുടെ ഭാഗമായിരുന്നു.
1958 ല് ഗൊദാദ് വിശ്വസിച്ചിരുന്നത്, ‘‘ഒരാള് എപ്പോഴും ഏകാകിയാണ്; സെറ്റില് എന്നതുപോലെ ശൂന്യമായ പേജിനു മുന്നിലും” എന്നായിരുന്നു. തീര്ച്ചയായും, ഈ മാനസികാവസ്ഥയില് നിന്നും വലിയ രീതിയില് മാറ്റങ്ങള് പിന്നീടുണ്ടായിട്ടുണ്ട് എന്നു വേണം അനുമാനിക്കാന്.
കാർലോ സോറ
കാന് ചലച്ചിത്രമേള വേണ്ടെന്നുവെപ്പിക്കുവാന് ഒരു ചെറുകലാപം തന്നെ നയിച്ചവരില് പ്രമുഖനായിരുന്നല്ലോ, ഒരിക്കല് അസ്ഥിത്വവാദിയായി പരിഗണിക്കപ്പെട്ടിരുന്ന ഈ ചലച്ചിത്രകാരന്.
1966 ല് ഇറങ്ങിയ ‘പിരോ ല ഫു’ (Pierrot la Fou’) ല് പ്രത്യക്ഷപ്പെടുന്ന അമേരിക്കന് സംവിധായകനായ സാമുവല് ഫുള്ളര് സിനിമയുടെ ഒരു നിർവചനം തന്നെ പ്രേക്ഷകരുടെ മുന്നില് അവതരിപ്പിക്കുന്നു : ‘‘സിനിമ ഒരു യുദ്ധക്കളം പോലെയാണ്. അത്, സ്നേഹം, വെറുപ്പ്, ആക്ഷന്, വയലന്സ്, മരണം എല്ലാമാണ്. ഒറ്റ വാക്കില് പറഞ്ഞാല്, മരണം ”.
ചലച്ചിത്ര അക്കാദമി ഗൊദാദിനെ സമഗ്രസംഭാവനയ്ക്കുള്ള അവാര്ഡ് നല്കി ആദരിക്കുന്നതിനും എട്ടുവർഷം മുമ്പാണ്, ഇതേ അംഗീകാരം നല്കി, 2013 ല്, സ്പാനിഷ് സംവിധായകനായ കാർലോ സോറയെ കേരളം ആദരിക്കുന്നത്.
അറുപതുകളിലുണ്ടായ ലോകസിനിമയിലെ പ്രഖ്യാതമായ ചലനങ്ങളെ അപഗ്രഥിക്കുന്ന ‘വിപ്ലവം’ ((Revolution! The Explosion of World Cinema in the Sixties by Peter Cowie) എന്ന പുസ്തകത്തില് ഒരിടത്ത്, 1968 മെയ് മാസത്തില് കാന്മേളയില് നടന്ന സംഭവവികാസങ്ങള് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ബെനഡിക്റ്റ് കോഹന്, ത്രൂഫോ, ഗോദാദ്, തുടങ്ങിയവരുടെ നേതൃത്വത്തില് മേള നിറുത്തിവെപ്പിക്കുവാന് യുവാക്കള് വേദിയില് എത്തി.
സോറയുടെ ‘പെപ്പര്മിന്റ് ഫ്രെപ്പെ’ ആയിരുന്നു പ്രദര്ശിപ്പിച്ചിരുന്നത്. വിദ്യാർഥികളുടെയും തൊഴിലാളികളുടെയും സമരം നടന്നുകൊണ്ടിരിക്കുമ്പോള് മേള തുടരുന്നത് അധാർമികം ആണെന്നവര് പ്രഖ്യാപിച്ചു. പാരീസില് ചോരയൊഴുകുമ്പോള്, സിനിമ കണ്ടുകൊണ്ടിരിക്കുന്നത് അചിന്തനീയം തന്നെയെന്ന് പ്രഖ്യാപിച്ചു ത്രൂഫോ.
ഒരു നിരൂപകന് സ്വന്തം സിനിമയെക്കുറിച്ച് സംസാരിക്കാന് ഗൊദാദിനോടാവശ്യപ്പെട്ടപ്പോള്, സംവിധായകന് പൊട്ടിത്തെറിച്ചു. വിദ്യാർഥികളോടും തൊഴിലാളികളോടും ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ട സന്ദര്ഭത്തില്, ‘‘ട്രാക്കിങ് ഷോട്ടുകളെ ക്കുറിച്ച് സംസാരിക്കുകയാണോ” എന്നുക്ഷുഭിതനായി ഗൊദാദ്.
ഒരു നിരൂപകന് സ്വന്തം സിനിമയെക്കുറിച്ച് സംസാരിക്കാന് ഗൊദാദിനോടാവശ്യപ്പെട്ടപ്പോള്, സംവിധായകന് പൊട്ടിത്തെറിച്ചു. വിദ്യാർഥികളോടും തൊഴിലാളികളോടും ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ട സന്ദര്ഭത്തില്, ‘‘ട്രാക്കിങ് ഷോട്ടുകളെ ക്കുറിച്ച് സംസാരിക്കുകയാണോ” എന്നുക്ഷുഭിതനായി ഗൊദാദ്.
സംവിധായകര് ഓരോരുത്തരായി മേളയില്നിന്ന് സിനിമകള് പിൻവലിച്ചു. സോറയുടെ എതിര്പ്പിനെ മറികടന്ന് പ്രദര്ശനം തുടങ്ങി. സിനിമയുടെ ആദ്യഷോട്ടുകള് സ്ക്രീനില് തെളിഞ്ഞപ്പോള്, ഗൊദാദ് ഉച്ചത്തില് വിളിച്ചുപറഞ്ഞു : ‘‘സംവിധായകന്റെ ഇച്ഛയ്ക്ക് വിരുദ്ധമായിട്ടാണ് പ്രദര്ശനം നടക്കുന്നത്…” ഒരു വാക്യം കൂടി കൂട്ടിച്ചേര്ത്തു ഗൊദാദ് : ‘‘സിനിമകള് അതെടുക്കുന്നവരുടെയാണ്”(Films belong to those who take them …).
ഗൊദാദ് സിനിമകളില് സദാ സന്നിഹിതമായിരിക്കുന്ന രണ്ട് ചരിത്രങ്ങള് ഉണ്ട്. ആദ്യത്തേത്, ലോകചരിത്രം തന്നെ. രണ്ടാമത്തെ ചരിത്രം, സിനിമയുടെ ചരിത്രവും. ഒരുപക്ഷെ, ഇതിന്റെ സ്വാഭാവികമായ തുടര്ച്ച തന്നെ ആയിരിക്കണം, സംവിധായകന്റെ മാസ്റ്റര്പീസ് എന്ന് സൂസന് സൊണ്ടാഗ് വിശേഷിപ്പിക്കുന്ന ‘നാലുമണിക്കൂര് 26 മിനിറ്റ് ദൈര്ഘ്യം വരുന്ന സിനിമയുടെ ചരിത്രം ‘ (Histoire(s) du cinema). അശീഷ് രാജാധ്യക്ഷ ‘ഓക്സ്ഫോര്ഡ് ഹിസ്റ്ററി ഓഫ് സിനിമ’യില് ഇന്ത്യന് സിനിമയെക്കുറിച്ച് എഴുതിയപ്പോള്, മലയാള സിനിമയെ പൂർണമായും മറന്നുപോയതിനുസമാനമായി, ഗൊദാദ് ഈ ചരിത്രത്തില് ഇന്ത്യയെ തൊട്ടുപോവുക പോലും ചെയ്യുന്നില്ല.
(സി എസ് വെങ്കിടേശ്വരന് കഴിഞ്ഞ വർഷം നടത്തിയ അഭിമുഖത്തില് ‘ജല്സ ഘര്’ എന്നൊരു ചിത്രം മാത്രമേ കണ്ടിട്ടുള്ളൂ എന്ന് ഗൊദാദ് വ്യക്തമാക്കുന്നുണ്ട് ).
‘‘മൊണ്ടാഷ് കാലത്തില് ചെയ്യുന്നത്, മിസ് എന് സീന് സ്ഥലത്തില് ചെയ്യുന്നു” എന്ന് ‘മൊണ്ടാഷ് മൈ ലവ്’എന്ന ലേഖനത്തില് ഗൊദാദ്, ഒരേ വാക്യത്തില്, രണ്ടുപേരെ
സെര്ജി ഐസൻസ്ൈറ്റന്
(സെര്ജി ഐസൻസ്ൈറ്റന്, ആന്ദ്രെ ബാസെന് ) ആത്മസുഹൃത്തുക്കളാക്കി മാറ്റുന്ന സൈദ്ധാന്തിക മാന്ത്രികത, ഭാഷയിലൂടെ സാധ്യമാക്കുന്നു.
ഈ സൗഹൃദത്തിന്റെ ചലച്ചിത്ര സങ്കീര്ത്തനം ആണ്, അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചലച്ചിത്രങ്ങളില് ഒന്നായ ‘നമ്മുടെ സംഗീതം’. (Notre Musique). 2004 ല് ഇറങ്ങിയ ഈ സിനിമയില്, ചലച്ചിത്ര സിദ്ധാന്തവും ചലച്ചിത്ര രാഷ്ട്രീയവും സമകാലികമായ യാഥാർഥ്യവുമായി, ഉയർന്ന ഒരു വിതാനത്തില് സംവദിക്കുന്ന ഒരു അനുഭവമാണ് അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലെ ‘നരക’ഖണ്ഡം സിനിമാചരിത്രത്തിലെ എണ്ണമറ്റ യുദ്ധദൃശ്യങ്ങളുടെ ഒരു മൊണ്ടാഷ് അവതരിപ്പിക്കുന്നു (അമേരിക്കന് വിരുദ്ധദൃശ്യങ്ങളും പലസ്തീന് അനുകൂലദൃശ്യങ്ങളും വഴി, ഈ ഖണ്ഡത്തില് സംവിധായകന് തന്റെ രാഷ്ട്രീയനിലപാട് വ്യക്തമാക്കുന്നുണ്ട് ).
രണ്ടാം ഭാഗം, സമകാലികവും സംവാദാത്മകവും ആണ്. മൂന്നാം ഭാഗമായ ‘സ്വർഗം’, മിസ് എന് സീന് രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
ആന്ദ്രെ ബാസെന്
ചെര്ണോബില് ദുരന്തത്തിനെത്തുടര്ന്ന് ഭൂമിയില് സർവനാശത്തിനുശേഷം ഒരു ഷേക്സ്പിയര്, ഒരു ലിയറും, വീണ്ടും എത്തിച്ചേരുന്നത് ആണ്, ഗൊദാദ്, തന്റെ ‘ലിയര് രാജാവി’ല് അവതരിപ്പിക്കുന്നത്. ‘നമ്മുടെ സംഗീത’ത്തില് എന്നതുപോലെ, ഈ സിനിമയും ‘ഇമേജ്’ എന്താണ് എന്നുചിന്തിക്കുന്നുണ്ട്. ഈ ഇംഗ്ലീഷ് ചിത്രത്തില്, ഒരു നിർവചനം അവതരിപ്പിക്കുന്നുണ്ട് ചലന ചിത്രകാരന് : The image is a pure creation of the soul.
പതിനൊന്ന് : ചിലപ്പോള് ഞാന് ചിന്തിക്കാറുണ്ട്, ഞാന് ഒരു ചിത്രകാരനെപ്പോലെയാണ് എന്ന്. കാരണം, മനസ്സിലാക്കാന് പറ്റാത്തതാണ് എങ്കിലും, ഒരു സിനിമയില് ഞാന് ദൃശ്യങ്ങളാണല്ലോ തെരഞ്ഞെടുക്കുന്നത്.
ചിലപ്പോള്, മനസ്സിലാക്കാന് പറ്റുന്ന ചിത്രങ്ങള് ഉള്ളതുപോലെ, മനസ്സിലാക്കാന് പറ്റാത്ത ചിത്രങ്ങളും ഉണ്ടാകും (പിര ല ഫൂയില് ബാത്ത് ടബ്ബില് കിടന്നുകൊണ്ട് ഒരു പുസ്തകത്തില്നിന്നും ചിത്രകാരനായ വാലസ്കുവിന്റെ വാക്കുകള് വായിച്ചുകൊടുക്കുന്നത്, ഒരു ചെറിയ പെണ്കുട്ടിക്കാണ്. വർണപ്രധാനമായ ഇതേ സിനിമയിലെ അവസാനരംഗത്തില് ഈ വായനക്കാരനാണ്, വർണപ്പകിട്ടേറിയ ഒരു മരണം വരിക്കുന്നത്.
തൊഴിലാളികള്ക്ക് മനസ്സിലാകണം തന്റെ രാഷ്ട്രീയ വിമോചന സിനിമ എന്നൊരിക്കലും ഗൊദാദ് സങ്കല്പ്പിച്ചിരുന്നില്ല എന്നും, ഇതിന്റെ തുടര്ച്ചയായി, സ്വാഭാവികമായും നമുക്ക് അനുമാനിക്കാവുന്നതാണ്. ചിത്രകലയെ ‘ഫോര്ഗ്രൗണ്ട്’ ചെയ്തെടുത്ത ചിത്രം എന്നു കരുതാവുന്ന ‘പാഷന്’ എന്ന സിനിമയിലും, വാക്കുകളില് എന്നതുപോലെ, വർണങ്ങളിലും തല്പ്പരനായ ചലച്ചിത്രകാരന്റെ തന്നെ സർഗാത്മകതയാണ് ആവിഷ്കരിക്കപ്പെടുന്നത് ).
വലിയ വിവാദത്തിനു വഴിയൊരുക്കിയ ‘മറിയത്തിനു സ്തുതി’ (Hail Mary) എന്ന സിനിമയുടെ ശീര്ഷകം, ചിത്രത്തില് എഴുതിക്കാണിച്ചിരിക്കുന്നത്, രണ്ടുനിറങ്ങളില് ആണ്. ഇരുട്ടില് രണ്ടുവാക്കുകള് തെളിയുന്നു : ഹെയ്ല് വെളുപ്പില്, മേരി ചുവപ്പില്.
ഗൊദാദ് : ‘‘അലക്സാണ്ടര്, സീസര്,നെപ്പോളിയന്, ഹിറ്റ്ലര് എന്നിവര് പരാജയപ്പെട്ടിടത്താണ്, ഹിച്ച്കോക്ക് വിജയിച്ചത്. ഹിച്ച്കോക്ക് ലോകം മുഴുവന് കീഴടക്കി ”.
‘‘മാവോ എന്തായാലും മഹാനായ ഒരു പാചകക്കാരനാണ്, ജനലക്ഷങ്ങളെയാണ് അദ്ദേഹം ഊട്ടിയത് ” എന്നർഥം വരുന്ന ഒരു വാക്യം ഒരു ഗൊദാദ് ചിത്രത്തില് പിന്നീട് വരുന്നുണ്ട്.
പന്ത്രണ്ട് : സമൃദ്ധമായ ഉദ്ധരണികള്കൊണ്ട് സമ്പന്നമാണ് ഓരോ ഗോദാദ് ചലച്ചിത്രവും. വാക്കുകളിലൂടെ മാത്രമല്ല, ദൃശ്യങ്ങളിലൂടെയും ദൃശ്യപരമ്പരകളിലൂടെയും ഈ സമൃദ്ധി ഒരുതരം ആഘോഷം തന്നെയായി മാറുന്നുണ്ട് പലപ്പോഴും.
‘‘മാവോ എന്തായാലും മഹാനായ ഒരു പാചകക്കാരനാണ്, ജനലക്ഷങ്ങളെ അദ്ദേഹം ഊട്ടി” എന്നർഥം വരുന്ന ഒരു വാക്യം, ഒരു ഗൊദാദ് സിനിമയില് ഉണ്ട്. See You at Mao (ബ്രിട്ടീഷ് ശബ്ദങ്ങള് ) എന്ന ഒരു സിനിമയുടെ സംവിധായകനായ ഗൊദാദിന്റെ ചലച്ചിത്രജീവിതത്തിന്റെ ഒരു സുപ്രധാനഘട്ടത്തില്, ഗോരിനുമായി…
അമേരിക്കന് എഴുത്തുകാരന്റെ പേര് സ്വീകരിച്ച പ്രശസ്ത ഫ്രഞ്ച് ചലച്ചിത്രകാരനായ മെൽവില് ‘ബ്രെത്ലസി’ലെ ഒരു രംഗത്തില് ഏതാനും നിമിഷങ്ങളില് ഒന്നു പ്രത്യക്ഷപ്പെടുന്നുണ്ട്. നായികയായ പട്രീഷ്യയടക്കം നിരവധി പത്രപ്രവർത്തകര് ചലച്ചിത്രകാരന് ചുറ്റും കൂടുന്നു. പത്രപ്രവര്ത്തകയായ പട്രിഷ്യ ചോദിക്കുന്നു :
‘‘എന്തഭിലാഷമാണ് ജീവിതത്തില് ഉള്ളത് ?” ഉടനടി ഒരു ഗൊദാദിയന് മറുപടിയാണ് അവര്ക്ക് ലഭിക്കുന്നത് : ‘‘അനശ്വരനായിത്തീരുക, എന്നിട്ട് മരിക്കുക”. ‘സൈലെന്സ് ‘, ‘സമുറായി’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്, ഷോണ് പിയര് മെൽവില് .
സിനിമയ്ക്ക് മരിക്കാനാവില്ല
‘‘നമുക്ക് ഇംഗ്ലീഷില് സംസാരിക്കാമോ ?”. ഗോദാദ് മടിക്കുന്നു. ‘‘ഇല്ല, ഫ്രഞ്ചില്പോലും സംസാരിക്കാന് എനിക്കിപ്പോള് തോന്നുന്നില്ല”. അദ്ദേഹം പുഞ്ചിരിക്കുന്നു. ‘‘വര്ഷങ്ങളായി ഞാന് സംസാരിച്ചുകൊണ്ടേയിരിക്കുകയാണ്. എനിക്കിപ്പോള് ഒരു മൗഢ്യം തോന്നുന്നു, വിരസത തോന്നുന്നു”. ഒടുവില്, ഗോദാദ്, ചോദ്യങ്ങള്ക്ക് മറുപടി പറയാന് തുടങ്ങുന്നു, ഫ്രഞ്ചില് തന്നെ.
ചോദ്യം: ഫ്രഞ്ച് നവതരംഗവും സിനിമയുടെ ഏറ്റവും നല്ല നാളുകളും മരിച്ചുകഴിഞ്ഞിരിക്കുന്നു എന്ന്, പല വിമര്ശകരും പറയുന്നു. എന്തുതോന്നുന്നു ?
ഉ : ഏയ്, ഒരിക്കലുമില്ല. അങ്ങനെയെങ്കില്, ഞാന് എവിടെയാണ് ? വർഷംതോറും ഞാന് സിനിമയുണ്ടാക്കുന്നു, ശുദ്ധമായ സിനിമ. ഇപ്പോഴും അതിനെനിക്ക് സാമ്പത്തിക പിന്തുണ കിട്ടുന്നു.
ലോകത്തെമ്പാടും സിനിമയുടെ സ്ഥിതി മോശമാണ്. ‘‘സിനിമ മരിക്കുകയാണ്, സിനിമ മരിക്കുകയാണ്” എന്ന അടക്കം പറച്ചില് ഞാനും കേള്ക്കുന്നുണ്ട്. എന്നാല്, സിനിമയ്ക്ക് മരിക്കാനാവില്ല എന്നാണെന്റെ വിശ്വാസം. മറ്റേത് ദൃശ്യമാധ്യമത്തെക്കാളും ശക്തമാണ് സിനിമ. ടെലിവിഷനെക്കാള്, വീഡിയോയെക്കാള്, എല്ലാം എത്രയോ ശക്തം.
(വെനീസ് ചലച്ചിത്രമേളയ്ക്കിടയ്ക്ക്, സ്വപന് കുമാര് ഘോഷ് ഫ്രന്റ്ലൈനിനുവേണ്ടി നടത്തിയ അഭിമുഖത്തില്നിന്ന്. തൃശൂര് നവചിത്ര ഫിലിം സൊസൈറ്റിയുടെ 1992 മാര്ച്ച് ലക്കത്തില്, പുനഃപ്രസിദ്ധീകരിച്ചത് ).
ഗൊദാദ് മരിച്ചു ; ഗൊദാദ് നീണാള് വാഴട്ടെ
സ്വന്തം പേരു തന്നെ, 1994 ല്, ഒരു സിനിമയ്ക്ക് ശീര്ഷകമായി നല്കി ജീന് ലുക് ഗൊദാദ് (JLG/JLG: Self Portrait in Decembe).
ഗൊദാദ്
അവസാനകാലചിത്രങ്ങളില് പലതിലും ഗൊദാദ്, നേരിട്ടു തന്നെ, ഒരു കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ‘നമ്മുടെ സംഗീത’ത്തില് സരായെവോവില് വെച്ച് നടക്കുന്ന ഒരു സാഹിത്യോത്സവത്തില് സിനിമയെക്കുറിച്ചൊരു ക്ലാസ് തന്നെയെടുക്കുന്നു സംവിധായകന്. താല്പ്പര്യത്തോടെ കേൾവിക്കാരിയായിരുന്നു, പലസ്തീനുവേണ്ടി വാദിക്കുന്ന യഹൂദ യുവതിയായ ഓള്ഗ.
ഒരു സിനിമാശാലയില് വെച്ചു ഭീകരവാദിയാണ് എന്നുസംശയിക്കപ്പെട്ട ഓള്ഗയെ വെടിവെച്ചുകൊല്ലുകയാണ് പൊലീസ്. തോള്സഞ്ചിയില് ബോംബുണ്ടായിരുന്നു എന്നായിരുന്നു സംശയം. മരണശേഷം ആ സഞ്ചിയില് നിന്നും പൊലീസ് കണ്ടെടുക്കുന്നത്, പുസ്തകം മാത്രമാണ് ( തന്റെ മിക്ക സിനിമകളും പുസ്തകങ്ങള്കൊണ്ട് നിറയ്ക്കുന്നതില് തല്പ്പരനായിരുന്നു നല്ല വായനക്കാരനായിരുന്ന ഗൊദാദ്.
ഒരു വർണസിനിമയില്, ഗൊദാദിന്റെ നായകനും നായികയും, ഒരു വാക്കും ഉരിയാടാതെ, പുസ്തകങ്ങള് പരസ്പരം കാണിച്ചുകൊണ്ട്, പുസ്തകശീര്ഷകങ്ങളിലൂടെ സംവദിക്കുന്ന ഒരു രംഗം ഉണ്ട്. ‘ചീനക്കാരി’യില് ചുവന്ന കൊച്ചുപുസ്തകം ഉയര്ത്തിപ്പിടിച്ചുകൊണ്ട്, ചുവപ്പന്പുസ്തക സങ്കീര്ത്തനം ചൊല്ലി, യുവാക്കള് നൃത്തം ചെയ്യുന്ന ഒരു സന്ദര്ഭവും ഉണ്ട്.
‘ആല്ഫാവി’ എന്ന ഗൊദാദിയന് സയന്സ് ഫിക്ഷന് സിനിമയില്, ഒരിടത്ത്, പോള് എല്വാര്ഡിന്റെ ഇരുപതുചെറുകവിതകളുടെ സമാഹാരം, ‘വേദനയുടെ തലസ്ഥാനം’ (Capital of Pain) എന്ന കാവ്യപുസ്തകം ആണവതരിപ്പിക്കപ്പെടുന്നത്).
‘‘കനിവുള്ള മനുഷ്യര്, ലൈബ്രറികള് പണിയും” എന്നായിരുന്നു, ക്യാമറാ പ്രണയിയും പുസ്തകപ്രേമിയും ആയ ചലച്ചിത്രകാരന് ഗൊദാദ് വിശ്വസിച്ചിരുന്നത്.
(ഫ്രഞ്ച് ഭാഷയിലെ ഉച്ചാരണത്തോട് കൂടുതൽ ചേർന്നു നിൽക്കുന്നത് ഗൊദാർദ് എന്നതിനേക്കാൾ ’ഗൊദാദ്’ എന്നാണ്. അതുകൊണ്ട് ഈ ലേഖനത്തിലുടനീളം ‘ർ’എന്ന ശബ്ദം ഒഴിവാക്കി ഗൊദാദ് എന്ന് ഉപയോഗിച്ചിരിക്കുന്നു ലേഖകൻ)