കൊച്ചി
വർഗീയത തുലയട്ടെ എന്ന് കോളേജ് മതിലിൽ എഴുതിയതിനാണ് മഹാരാജാസ് കോളേജിന്റെ അരുമയായ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ നെഞ്ചിലേക്ക് പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് തീവ്രവാദികൾ കത്തിതാഴ്ത്തിയത്. ഈ കേസിലെ 13–-ാംപ്രതി മതനിന്ദ ആരോപിച്ച് പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ സംഘത്തിലും ഉണ്ടായിരുന്നു.
2018 ജൂലൈ രണ്ടിന് പുലർച്ചെയായിരുന്നു കോളേജ് പരിസരത്തെ അരുംകൊല. മാരകായുധങ്ങളുമായി എത്തിയവർ ക്യാമ്പസിൽ കടന്ന് അഭിമന്യുവിനെ പിടിച്ചുനിർത്തി. ഒരാൾ ചങ്കിലേക്ക് കഠാര കുത്തിയിറക്കി. അർജുൻ, വിനീത്കുമാർ എന്നീ എസ്എഫ്ഐ പ്രവർത്തകർക്കും ഗുരുതരമായി കുത്തേറ്റു. കേസിലെ ഒന്നാംപ്രതി ജെ മുഹമ്മദ് ക്യാമ്പസ് ഫ്രണ്ട് മഹാരാജാസ് കോളേജ് യൂണിറ്റ് പ്രസിഡന്റായിരുന്നു. 16 പേർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളെന്ന് കണ്ടെത്തി. മുഴുവൻ പ്രതികളും ഒളിവിൽ പോയെങ്കിലും പ്രത്യേക പൊലീസ് സംഘത്തിന്റെ പഴുതടച്ച അന്വേഷണത്തിൽ 16 പേരും കുടുങ്ങി. വിചാരണയ്ക്കുള്ള നടപടികളും തുടങ്ങി.