തിരുവനന്തപുരം
നവകേരള സൃഷ്ടിയിൽ ഉയർന്ന സ്ത്രീ പങ്കാളിത്തം ഉറപ്പാക്കണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളന സാംസ്കാരികോത്സവത്തിലെ വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്ത്രീകൾക്ക് വീട്ടിലും പൊതുയിടത്തിലും തൊഴിലിടത്തിലും സമത്വവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്ന ചിന്തയും പ്രവൃത്തികളും വളർത്തിയെടുക്കാൻ നവകേരളത്തിൽ കഴിയണമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. ഡോ. ആർ ലതാദേവി, രാഖി രവികുമാർ, ബി ശോഭന, മാങ്കോട് രാധാകൃഷ്ണൻ, ഇന്ദിരാ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. മുൻ ഡെപ്യുട്ടി സ്പീക്കർ ഭാർഗവി തങ്കപ്പൻ, അഭിനേത്രിമാരായ സൂസൻ രാജ്, ശുഭ വയനാട്, മുൻ ഹോക്കി താരം ആർ ഉഷ, എഴുത്തുകാരി ബി ഇന്ദിര, നർത്തകി സൗമ്യ സുകുമാരൻ, മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്കാര ജേതാവ് ഐശ്വര്യ എന്നിവരെ ആദരിച്ചു.
വ്യാഴം വൈകിട്ട് നാലിന് ഗാന്ധിപാർക്കിൽ സാംസ്കാരിക സമ്മേളനം ചലച്ചിത്രകാരൻ ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്യും. കലാ-സാഹിത്യ മത്സര വിജയികൾക്ക് സമ്മാനം നൽകും. സാംസ്കാരിക പരിപാടികളും നടക്കും.