ന്യൂഡൽഹി
രാജസ്ഥാനു പുറമെ രാജ്യത്ത് കോൺഗ്രസ് ഭരണ സംസ്ഥാനമായ ഛത്തീസ്ഗഢിലും നേതാക്കളുടെ ചേരിപ്പോര് രൂക്ഷം. മുഖ്യമന്ത്രി ഭൂപേഷ് ഭാഗെലിനെതിരെ മുതിർന്ന നേതാവും മന്ത്രിയുമായ ടി യു സിങ് ദേവാണ് രംഗത്തുള്ളത്. ഭാഗെലിനെ മാറ്റി തന്നെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാടിലാണ് ടി യു സിങ് ദേവ്.
രണ്ടര വർഷം കഴിയുമ്പോൾ മുഖ്യമന്ത്രിയാക്കാമെന്ന ധാരണ പാലിക്കപ്പെട്ടില്ലെന്ന് ദേവ് ദേശീയ മാധ്യമത്തോട് പറഞ്ഞു. ഇനി ഒന്നേകാൽ വർഷംകൂടിയാണ് ശേഷിക്കുന്നത്. നീതി കിട്ടുമെന്ന് വിശ്വസിക്കുന്നു–- ദേവ് പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനം ലഭിക്കാത്തതിൽ അസ്വസ്ഥനായ ദേവ് കഴിഞ്ഞ ജൂലൈയിൽ പഞ്ചായത്ത്–- ഗ്രാമവികസന വകുപ്പുകൾ ഒഴിഞ്ഞിരുന്നു. 2018ലാണ് ഛത്തീസ്ഗഢിൽ കോൺഗ്രസ് അധികാരത്തിൽ വന്നത്.
രണ്ടരവർഷം കഴിയുമ്പോൾ മുഖ്യമന്ത്രിസ്ഥാനം ദേവിന് കൈമാറാമെന്ന് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ, കൂടുതൽ എംഎൽഎമാരുടെ പിന്തുണ ഉറപ്പിച്ചുകൊണ്ട് ടി യു സിങ് ദേവിനെ ഭാഗെൽ വെട്ടി.