തിരുവനന്തപുരം
മയക്കുമരുന്ന് മാഫിയ കുട്ടികളെ ലക്ഷ്യമിടുന്നത് ഉൽക്കണ്ഠപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ മാധ്യമ മേധാവികളും എഡിറ്റർമാരുമായി ഓൺലൈനിൽ കൂടിക്കാഴ്ച നടത്തുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ഇവർ പ്രധാനമായി ലക്ഷ്യമിടുന്നത്. ലഹരി ഉൽപ്പന്നങ്ങൾ പിടികൂടുന്ന കേസുകളിൽ ചിലപ്പോൾ കുട്ടികളും പെട്ടുപോകും. അവരുടെ സ്വകാര്യതയും അവകാശങ്ങളും സംരക്ഷിച്ച് വാർത്ത നൽകാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണം. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ വിശദാംശം ഉൾപ്പെടുത്തി ഡാറ്റാബാങ്ക് തയ്യാറാക്കും.
ഇത്തരം കേസുകളിൽ കാപ്പയ്ക്ക് തുല്യമായ വകുപ്പുകളുണ്ട്. ഇതിലൂടെ കരുതൽ തടങ്കൽ ഉൾപ്പെടെ ഏർപ്പെടുത്തും. ലഹരിക്കെതിരായ ക്യാമ്പയിനിൽ മാധ്യമ പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കാളികളാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്ന് മാധ്യമ മേധാവികളും എഡിറ്റർമാരും ഉറപ്പുനൽകി.