തിരുവനന്തപുരം
സിൽവർ ലൈനിന് റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചാലുടൻ ടെൻഡറിലേക്ക് കടക്കും. നിക്ഷേപപൂർവ പ്രവർത്തനം പുരോഗമിക്കുന്നുണ്ട്. അഞ്ചു റീച്ചായാകും നിർമാണം. പുനർവിജ്ഞാപന നടപടി സർക്കാർ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. വിജ്ഞാപനം വന്നാലുടൻ സാമൂഹികാഘാത വിലയിരുത്തൽ പഠനം പുനരാരംഭിക്കും. ജിയോടാഗിങ് വഴിയാകും പ്രവർത്തനം.
പദ്ധതിക്കാവശ്യമായ പഠനങ്ങൾ നടക്കുന്നുണ്ട്. 600 ഇടത്ത് ലൈൻ റോഡ് മുറിച്ചുകടക്കും. ഇവിടെ മേൽപ്പാലമോ അടിപ്പാതയോ നിർമിക്കാനുള്ള എൻജിനിയറിങ് രേഖ തയ്യാറാക്കും. ഭൂമി ഏറ്റെടുക്കലിന്റെ വിവരശേഖരണവും നടത്തും. തീരദേശ പരിപാലനവുമായി ബന്ധപ്പെട്ട മേഖലയിലാണ് മറ്റൊരു പഠനം. ലൈൻ കടന്നുപോകുന്ന ഇടങ്ങളിലെ കണ്ടൽക്കാട് പരിപാലിക്കാൻ പ്രത്യേകം പദ്ധതി തയ്യാറാക്കും. പാതയിൽ മഴക്കാലത്ത് ഉണ്ടാകാനിടയുള്ള പ്രശ്നം വിലയിരുത്താൻ ഹൈഡ്രോളജിക്കൽ സർവേ നടക്കുന്നുണ്ട്. നൂറു കൊല്ലത്തിൽ പെയ്ത മഴയുടെ കണക്ക് വിലയിരുത്തും. റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് (റൈറ്റ്സ്) ആണ് ഈ പഠനം നടത്തുന്നത്.
പരിസ്ഥിതി ആഘാത പഠനത്തിന് ചെന്നൈയിലെ കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ സെന്റർ ഫോർ സസ്റ്റൈനബിൾ കോസ്റ്റൽ മാനേജ്മെന്റിനെ ചുമതലപ്പെടുത്തി. മറ്റു പഠനങ്ങൾ കെ–- റെയിലിന്റെ എൻജിനിയറിങ് വിഭാഗം നടത്തുകയാണെന്ന് കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ എംഡി വി അജിത്കുമാർ പറഞ്ഞു.