ന്യൂഡൽഹി
ഇന്ത്യൻ സേനയ്ക്ക് ടെട്ര ട്രക്ക് വാങ്ങിയതിലെ അഴിമതി കേസിൽ മുൻ പ്രതിരോധമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണി ഡൽഹി കോടതിയിൽ ഹാജരായി. സാക്ഷി വിസ്താരത്തിനായാണ് റോസ് അവന്യൂവിലെ പ്രത്യേക കോടതിയിലെത്തിയത്. പ്രതിരോധ മന്ത്രിയായിരിക്കെ ടെട്ര ട്രക്ക് വാങ്ങിയതിൽ 750 കോടിയുടെ അഴിമിതി നടന്നതായി സിബിഐ പറയുന്നു.
രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് കരസേനാ തലവനായിരുന്ന നിലവിലെ കേന്ദ്രമന്ത്രി വി കെ സിങ് ഇടപാടിൽ 14 കോടിയുടെ കൈക്കൂലി വാഗ്ദാനം ലഭിച്ചതായി വെളിപ്പെടുത്തിയിരുന്നു. വിവരം വി കെ സിങ് പറഞ്ഞെന്ന് വെളിപ്പെടുത്തിയ ആന്റണിയെ സിബിഐ സാക്ഷിയാക്കി കേസിൽ ഉൾപ്പെടുത്തുകയായിരുന്നു. തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് സിബിഐ.