ന്യൂഡൽഹി
രാജ്യത്തെ കർഷകരുടെയും ആദിവാസികളുടെയും ഇതര ജനവിഭാഗങ്ങളുടെയും ഭൂമി വൻതോതിൽ കോർപറേറ്റുകൾ തട്ടിയെടുക്കുന്നത് അവസാനിപ്പിക്കണമെന്ന് ഭൂമി അധികാർ ആന്ദോളൻ നാലാം ദേശീയസമ്മേളനം ആവശ്യപ്പെട്ടു. ലോകമനുഷ്യാവകാശ ദിനമായ ഡിസംബർ 10ന് ഭൂപ്രശ്നങ്ങൾ ഉയർത്തി രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സമ്മേളന തീരുമാനങ്ങൾ വിശദീകരിച്ച്, നേതാക്കളായ ഹന്നൻ മൊള്ള, ഡോ. അശോക് ധാവ്ളെ, ഡോ. സുനിലം, ദയാമണി ബാർലെ, റോമ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബിജെപി സർക്കാരിന്റെ വർഗീയ, കോർപറേറ്റ് പ്രീണനങ്ങൾക്കെതിരെ അടുത്ത ജനുവരി 30ന് ഭരണഘടനാ സംരക്ഷണദിനം ആചരിക്കും.
കാർഷികഭൂമി ഇതര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് നിയന്ത്രിക്കാൻ നിയമവ്യവസ്ഥകൾ കർശനമായി നടപ്പാക്കുക, ഭൂമി ഏറ്റെടുക്കുമ്പോൾ ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുക, വനാവകാശ നിയമം ഫലപ്രദമായി നടപ്പാക്കുക, ജൈവവൈവിധ്യ ഭേദഗതി നിയമം–-2022 പിൻവലിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. സമ്മേളനത്തിൽ 20 സംസ്ഥാനത്തെ 70 സംഘടനയെ പ്രതിനിധാനം ചെയ്ത് 200 പേർ പങ്കെടുത്തു. 2015ൽ മോദി സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ നിയമ ഭേദഗതി നീക്കത്തിനെതിരെയാണ് പ്രസ്ഥാനം രൂപംകൊണ്ടത്.