കൊച്ചി
ഡോളറുമായുള്ള വിനിമയമൂല്യത്തിൽ ഇന്ത്യൻ രൂപ വീണ്ടും കൂപ്പുകുത്തി. തുടർച്ചയായ മൂന്നാംദിവസമാണ് രൂപ റെക്കോഡ് തകർച്ച നേരിടുന്നത്. വെള്ളിയാഴ്ച 35 പൈസ നഷ്ടത്തിൽ 81.23 എന്ന റെക്കോഡ് നിലവാരത്തിലേക്ക് താഴ്ന്ന രൂപ, തിങ്കളാഴ്ച 48 പൈസ നഷ്ടത്തിൽ 81.47ലാണ് വ്യാപാരം തുടങ്ങിയത്. ദിനവ്യാപാരവേളയിൽ നഷ്ടം 53 പൈസയായി ഉയർന്നു.ഡോളറിനെതിരെ മൂല്യം 81.52ലെത്തി. മുൻദിവസത്തെ അവസാന നിരക്കായ 80.99ൽനിന്ന് 70 പൈസ നഷ്ടത്തിൽ 81.69ൽ വ്യാപാരം അവസാനിപ്പിച്ചു.
അമേരിക്കയിലെ പണപ്പെരുപ്പം നിയന്ത്രിക്കാൻ യുഎസ് ഫെഡറൽ റിസർവ് തുടർച്ചയായി മൂന്നാംതവണയും പലിശനിരക്ക് ഉയർത്തുകയും വീണ്ടും നിരക്ക് ഉയർത്തിയേക്കുമെന്ന സൂചന നൽകുകയും ചെയ്തതോടെ ഡോളർ ശക്തിപ്പെടുന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്. റഷ്യ–-ഉക്രയ്ൻ സംഘർഷം പുതിയ തലത്തിലേക്ക് കടന്നതും ആഭ്യന്തര ഓഹരിവിപണിയിലെ പ്രതികൂലസാഹചര്യവും മറ്റ് കാരണങ്ങൾ. വർഷാദ്യത്തിൽ ഡോളറിന് 74.51 രൂപയായിരുന്നു. ഒമ്പതുമാസത്തിനുള്ളിൽ 9.64 ശതമാനത്തോളമാണ് മൂല്യത്തകർച്ച.