തിരുവനന്തപുരം
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടയിൽ വരിക്കാർ കൂടിയ മലയാള പത്രം ദേശാഭിമാനി മാത്രം. 2022ൽ 2019 ലേതിനേക്കാൾ 54,237 കോപ്പി വർധിച്ചെന്ന് ഓഡിറ്റ് ബ്യൂറോ സർക്കുലേഷന്റെ (എബിസി) പുതിയ റിപ്പോർട്ടിൽ പറയുന്നു. മലയാളത്തിലെ പ്രമുഖ പത്രങ്ങളുടെ സർക്കുലേഷനിൽ വൻ ഇടിവുണ്ടായപ്പോഴാണ് ദേശാഭിമാനിയുടെ നേട്ടം. പ്രചാരത്തിൽ ഒന്നും രണ്ടും സ്ഥാനത്തുനിൽക്കുന്ന പത്രങ്ങൾക്കടക്കം കോവിഡ്കാലശേഷം കോപ്പികളുടെ എണ്ണത്തിൽ വൻ കുറവുണ്ടായി.
പ്രചാരത്തിൽ ഒന്നാമതുള്ള പത്രത്തിന് ഇക്കാലത്ത് 3,36,839 കോപ്പിയും രണ്ടാമത്തെ പത്രത്തിന് 1,72,245 കോപ്പിയും കുറഞ്ഞു.
ഈ വർഷം ജനുവരിമുതൽ ജൂൺവരെയുള്ള കണക്കാണ് ഇപ്പോൾ പുറത്തുവന്നത്. 2019 ജൂലൈ മുതൽ ഡിസംബർവരെയുള്ള കണക്കാണ് ഇതിനുമുമ്പ് അവസാനം പുറത്തുവന്നത്. കോവിഡ് സാഹചര്യത്തിൽ 2020, 2021 വർഷങ്ങളിൽ എബിസി സർവേ നടന്നില്ല. പ്രചാരത്തിൽ ഒന്നാമത്തെ പത്രത്തിന് കോവിഡിനുമുമ്പും കോപ്പികളിൽ ഇടിവുണ്ടായി. 2019 ജൂണിൽ ഉണ്ടായിരുന്നതിനേക്കാൾ 40,201 കോപ്പിയാണ് ആ വർഷം ഡിസംബറിൽ കുറഞ്ഞത്.