കൊച്ചി
കേരളത്തിൽ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി പ്രമുഖരെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎഫ്ഐ) ലക്ഷ്യമിട്ടതായി എൻഐഎ. പ്രതികളുടെ വീടുകളിലും പിഎഫ്ഐ ഓഫീസുകളിലും നടത്തിയ പരിശോധനയിൽ ഗൂഢാലോചനയുടെ തെളിവുകൾ കണ്ടെത്തിയതായും കേരളത്തിൽനിന്ന് അറസ്റ്റ്ചെയ്തവരുടെ കസ്റ്റഡി അപേക്ഷയിൽ എൻഐഎ വ്യക്തമാക്കി. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഏഴുദിവസം കസ്റ്റഡിയിൽ വിട്ടു.
ഇസ്ലാമികഭരണത്തിന് ഇന്ത്യയിൽ പോപ്പുലർ ഫ്രണ്ട് ജിഹാദിന് ശ്രമിച്ചെന്ന കേസിലാണ് 11 പ്രവർത്തകരെ എൻഐഎ കസ്റ്റഡിയിലെടുത്തത്. ഗൂഢാലോചന തെളിയിക്കുന്ന ഡിജിറ്റൽ രേഖകളും ലഘുലേഖകളും കണ്ടെത്തിയിട്ടുണ്ട്. മതവിഭാഗങ്ങളെ ഭിന്നിപ്പിച്ച്, പ്രത്യേക സമുദായത്തിലുള്ളവരെ വധിച്ച് സമൂഹത്തിൽ ഭീതിയുണ്ടാക്കാൻ പദ്ധതിയിട്ടു. പ്രാഥമിക ചോദ്യംചെയ്യലിൽ ഗൂഢാലോചനയുടെ തീവ്രത സംബന്ധിച്ച് പ്രതികൾ വെളിപ്പെടുത്തിയിട്ടില്ല. ഇവരെ വിശദമായി ചോദ്യംചെയ്താലേ ഇക്കാര്യങ്ങൾ പുറത്തുകൊണ്ടുവരാനാകൂവെന്നും കസ്റ്റഡി അപേക്ഷയിലുണ്ട്.
കേസ് കെട്ടിച്ചമച്ചതാണെന്ന് പ്രതികൾ വാദിച്ചു. എൻഐഎ കേന്ദ്രസർക്കാരിന്റെ ചട്ടുകമാവുകയാണെന്നും രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണെന്നും പ്രതികൾ പറഞ്ഞു. കസ്റ്റഡിയിൽ ലഭിച്ച പ്രതികളുടെ ചോദ്യംചെയ്യൽ ആരംഭിച്ചു.
കോടതിവളപ്പിൽ മുദ്രാവാക്യം; താക്കീത്
കൊച്ചി
ശനിയാഴ്ച എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കുന്നതിനിടെ കോടതിവളപ്പിൽ മുദ്രാവാക്യം മുഴക്കിയ പ്രതികളെ താക്കീത് ചെയ്തു. ഇത്തരം നടപടികൾ ആവർത്തിക്കരുതെന്ന് എൻഐഎ കോടതി പറഞ്ഞു. വിലങ്ങണിയിച്ചത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, അന്വേഷകസംഘത്തെ കോടതി വിമർശിച്ചു. പ്രതികളെ വിലങ്ങുവച്ച് കൊണ്ടുവരാൻ മതിയായ കാരണം വേണമെന്ന് കോടതി പറഞ്ഞു.