കേരളത്തിലെ ഗവർണർ ഇവിടത്തെ ജനങ്ങളെ അപമാനിക്കുന്ന പരാമർശം നടത്തുന്നത് ഇതാദ്യമാണ്. ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയും ജനങ്ങളും തമ്മിലുള്ള ജനാധിപത്യപരമായ ബന്ധങ്ങളെക്കുറിച്ചുള്ള ഗവർണറുടെ ധാരണക്കുറവാണ് ഇതിൽനിന്ന് പ്രകടമായത്. മലയാളിമാധ്യമപ്രവർത്തകരോട് സംസാരിക്കില്ലെന്ന നിലപാട് സ്വീകരിച്ച ഗവർണർ, കേരളം വിട്ടുപോകുന്നതാണ് നല്ലത്.
ഇതേ മാധ്യമപ്രവർത്തകരെ പ്രയോജനപ്പെടുത്തിയാണ് മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ആരിഫ് മൊഹമ്മദ് ഖാൻ സമരമുഖം തുറന്നത്. സ്വയംകുഴിച്ച കുഴിയിൽ അദ്ദേഹംതന്നെ വീണുകിടക്കുമ്പോൾ മാധ്യമപ്രവർത്തകർ രക്ഷയ്ക്ക് എത്തിയില്ലെന്നതാണ് പരിഭവത്തിന് കാരണം. അതിന്റെ നീരസത്തിലാണ് മാധ്യമപ്രവർത്തകരെ അപമാനിക്കുന്ന നിലപാടുണ്ടായത്. മാധ്യമപ്രവർത്തകരോട് സംസാരിക്കുക ഗവർണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്വം അല്ലാത്തതിനാൽ ആർക്കും അപകടം ഉണ്ടാകാനിടയില്ല. രാജ്ഭവന് പറയാനുള്ളത്, ഇംഗ്ലീഷിലോ ഹിന്ദിയിലോ തയ്യാറാക്കി വാർത്താക്കുറിപ്പിലൂടെ അറിയിച്ചാൽ മതിയാകും.
ഗവർണർക്ക് ജാള്യം: കെ ജെ ജേക്കബ്
ഭരണഘടനാപരമായി വളരെ പരിമിത അധികാരങ്ങളുള്ള പദവിയാണ് ഗവർണറുടേത്. എന്നാൽ, നിർഭാഗ്യവശാൽ സംസ്ഥാനത്തിന്റെ ഭരണാധികാരിയാണ് താനെന്ന നിലയിലാണ് ആരിഫ് മൊഹമ്മദ് ഖാൻ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത്. സർവകലാശാലകളിലെ നിയമനങ്ങളെപ്പറ്റി അന്വേഷണം നടത്തുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് നിയമപരമായി നിലനിൽപ്പില്ലെങ്കിലും മാധ്യമങ്ങൾ അക്കാര്യം ചോദിച്ചതുപോലുമില്ല. എന്നാൽ, ബില്ലുകൾ വായിച്ചുപോലും നോക്കാതെ, ഒപ്പിടില്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും ഇത് കോളനി ഭരണകാലമല്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണവും മാധ്യമങ്ങൾ കൃത്യമായി ജനങ്ങളെ അറിയിച്ചു. അതിന്റെ ജാള്യമാണ് ഇനി മലയാളമാധ്യമങ്ങളോട് സംസാരിക്കില്ല എന്നനിലയിലേക്ക് അദ്ദേഹത്തെ എത്തിച്ചത് എന്നുവേണം കരുതാൻ.