ന്യൂഡൽഹി
ശശി തരൂർ എംപി കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ഔപചാരികമായി പ്രഖ്യാപിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രിയിൽനിന്ന് തരൂരിന്റെ പ്രതിനിധി നാമനിർദേശപത്രിക വാങ്ങി. അഞ്ച് സെറ്റ് പത്രികയാണ് വാങ്ങിയത്.
തിങ്കളാഴ്ച പത്രിക നൽകിയേക്കും. സോണിയ ഗാന്ധിയെ കണ്ട് മത്സരത്തെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ഹൈക്കമാൻഡിന്റെ സമ്മർദത്തിനു വഴങ്ങിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് 28നു പത്രിക നൽകുമെന്ന് റിപ്പോർട്ടുണ്ട്. മനീഷ് തിവാരിയും മത്സരിക്കാൻ ആഗ്രഹിക്കുന്നുണ്ട്. ഒക്ടോബർ 17നാണ് തെരഞ്ഞെടുപ്പ്. 30 വരെ പത്രിക നൽകാം.
രാഹുൽ ഗാന്ധി മത്സരിക്കില്ലെന്നതാണ് ഇതുവരെയുള്ള നിലപാട്. നെഹ്റു കുടുംബത്തിന് പുറത്തുനിന്ന് കോൺഗ്രസിന്റെ ഒടുവിലത്തെ പ്രസിഡന്റ് സീതാറാം കേസരിയായിരുന്നു. 1998ൽ കേസരിയിൽനിന്നാണ് സോണിയ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്. 2017 ഡിസംബർ മുതൽ -2019 ആഗസ്ത് വരെ രാഹുൽ ഗാന്ധി പ്രസിഡന്റായിരുന്നു.