ന്യൂഡൽഹി> നരേന്ദ്ര മോദി കേന്ദ്രത്തിൽ സർക്കാരുണ്ടാക്കിയത് അംബാനിയെയും അദാനിയെയുംപോലുള്ള അതിസമ്പന്നർ രഹസ്യമായി നൽകിയ പണത്തിന്റെ ബലത്തിലാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പാർടി ഡൽഹി സംസ്ഥാന കമ്മിറ്റി ജന്തർമന്തറിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കനത്ത മഴയെ അവഗണിച്ച് ഡൽഹി, ഗാസിയാബാദ്, ലോനി, നോയിഡ പ്രദേശങ്ങളിൽനിന്ന് നൂറുകണക്കിനു പ്രവർത്തകർ അണിചേർന്നു.
മോദി സർക്കാരിന്റെ നയമാണ് പണപ്പെരുപ്പം വർധിക്കാൻ കാരണം. ഒരുവശത്ത് അദാനിയെപ്പോലുള്ള മുതലാളിമാർ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നൻ ആകുന്നു. മറുവശത്ത് ദിവസവേതനക്കാരുടെയും യുവാക്കളുടെയും ആത്മഹത്യ പെരുകുന്നുവെന്നും ബൃന്ദ ചൂണ്ടിക്കാട്ടി. ആർഎസ്എസ്–- ബിജെപി വർഗീയത ആക്രമണവും കൂട്ടുന്നു. ജനാധിപത്യ വ്യവസ്ഥയ്ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇടതുപക്ഷം ശക്തിപ്പെടേണ്ടത് അനിവാര്യമാണന്നും അവർ വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറി കെ എം തിവാരി അധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ബ്രജേഷ്, ആശ, രാജീവ്, സെഹ്ബ തുടങ്ങിയവരും സംസാരിച്ചു. ആന്ധ്രപ്രദേശ് സംസ്ഥാന കമ്മിറ്റി വിജയവാഡയിൽ സംഘടിപ്പിച്ച ‘ദേശ് രക്ഷാ ഭേരി’ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു.