തിരുവനന്തപുരം> സിനിമയുടെ സാങ്കേതികമേഖല ഉൾപ്പെടെ എല്ലാ മേഖലയിലും വനിതാസാന്നിധ്യം ഉണ്ടാകണമെന്നാണ് സർക്കാർ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ പ്രമേയവും ദൃശ്യസാധ്യതകളും പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ 50 വർഷത്തെ ചലച്ചിത്ര അവാർഡുകൾ പ്രചോദനമായി. നിഷിദ്ധോവിനുള്ള അവാർഡ് സർക്കാർ നയത്തിനുള്ള അംഗീകാരമാണ്.
സകല ജീവജാലങ്ങളെയും പരിഗണിക്കുന്ന ആശയമാണ് മികച്ച സിനിമയായ ‘ആവാസവ്യൂഹം’ മുന്നോട്ടുവയ്ക്കുന്നത്. കീഴാളരുടെ വരേണ്യവർഗത്തോടുള്ള പ്രതിഷേധത്തെ അടയാളപ്പെടുത്തുകയാണ് മികച്ച രണ്ടാമത്തെ ചിത്രമായ ‘ചവിട്ട്’. കുടിയേറ്റത്തൊഴിലാളികളുടെ കഥ പറയുന്ന ‘നിഷിദ്ധോ’ സിനിമ വനിതാ സംവിധായകർക്ക് സംസ്ഥാന സർക്കാർ നൽകിയ സഹായമെന്ന നിലയിൽ ശ്രദ്ധേയമാണ്. ആദ്യമായി ട്രാൻസ് വുമൺ അവാർഡിന് അർഹയായി എന്നത് സന്തോഷകരമാണ്. ‘അന്തരം’ ചിത്രത്തിലൂടെ നേഹയാണ് അവാർഡിന് അർഹയായത്.
കെ പി കുമാരന് 50 വർഷ സിനിമാ ജീവിതത്തിനുള്ള അംഗീകാരവും അഭിനന്ദനവുമാണ് ജെ സി ഡാനിയൽ പുരസ്കാരം. ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ ശശികുമാർ ദൃശ്യമാധ്യമ രംഗത്ത് മിതത്വം, മര്യാദ, സൂക്ഷ്മത എന്നിവ പുലർത്തി മാതൃക കാട്ടിയ മാധ്യമ പ്രവർത്തകനാണ്. ദേശീയതലത്തിൽ തിളക്കമാർന്ന പ്രകടനമാണ് മലയാള സിനിമ കാഴ്ചവയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.