തിരുവനന്തപുരം
ഗവർണർ ആരിഫ് മൊഹമ്മദ്ഖാന്റെ ‘രാജ്ഭവൻ രാഷ്ട്രീയക്കളി ’ കേരളത്തിലെ കഥയറിയാതെയാണെന്ന് നാൾക്കുനാൾ വ്യക്തമാകുന്നു. ഏതാനും ആഴ്ചകളായി മാധ്യമങ്ങളെ കാണുമ്പോഴെല്ലാം ഗവർണർ മുഖ്യമന്ത്രിയോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കണമെന്നാണ് ആവശ്യപ്പെടാറുള്ളത്. വെള്ളിയാഴ്ച ന്യൂഡൽഹിയിൽ മാധ്യമങ്ങൾക്കു മുന്നിൽ നടത്തിയ ‘പ്രകടനത്തിൽ’ അത് കൂടുതൽ തെളിഞ്ഞു.
രാജ്ഭവനിലെ പത്രസമ്മേളനത്തിൽ ‘‘കടക്ക് പുറത്ത് എന്ന് ഞാനും പറയണോ ?എന്നും എത്രമണിക്കൂർ കാത്തുനിന്നാലും ഞാൻ മാധ്യമങ്ങളെ അവഗണിക്കാറില്ലെ’’ന്നും അവകാശപ്പെട്ട ഗവർണർ മുഖ്യമന്ത്രിയോട് കൂടുതൽ കാര്യങ്ങൾ ചോദിക്കണമെന്നും ഉപദേശിച്ചിരുന്നു. എന്നാൽ, വെള്ളിയാഴ്ച ന്യൂഡൽഹിയിൽ ഗവർണറെ കാണാൻ ചെന്ന മലയാള മാധ്യമപ്രവർത്തകരെ അപമാനിച്ചാണ് ഗവർണർ കടന്നുപോയത്. തട്ടിക്കയറിയ ആരിഫ് മൊഹമ്മദ് ഖാൻ ഇനി നിങ്ങളോട് പ്രതികരിക്കാനില്ലെന്നും കയർത്തു. മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിച്ചപ്പോൾ ചോദ്യങ്ങളുന്നയിക്കാത്തതുകൊണ്ടാണത്രെ ഈ നീരസം.
ഗവർണർ തുടങ്ങിവച്ച സംഘപരിവാർ കളിയെ ന്യായീകരിച്ചാൽ ജനം വിശ്വസിക്കില്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് മെല്ലെ പല മാധ്യമങ്ങളും ആരോപണങ്ങൾ ഏറ്റുപിടിക്കുന്നതിൽനിന്ന് പിൻവലിഞ്ഞത്. രാജ്ഭവനിലെ ‘വിവർത്തക’രാകട്ടെ ഇതിനെയും തെറ്റിദ്ധരിപ്പിക്കുംവിധമാണ് ഗവർണറെ പറഞ്ഞ് വിശ്വസിപ്പിച്ചത്. ഇത് തിരിച്ചറിയാതെയാണ് മലയാള മാധ്യമങ്ങളുടെ നേർക്കുള്ള രോഷപ്രകടനം. അതേസമയം, ഗവർണർ ആട്ടിപ്പായിച്ചിട്ടും മാധ്യമങ്ങൾക്കോ പതിവ് അന്തിച്ചർച്ചക്കാർക്കോ ഇതുവരെ ‘രോഷം’ തോന്നിയിട്ടില്ല.
റിപ്പോർട്ടിങ് അനുവദിച്ചിട്ടില്ലാത്ത രഹസ്യസ്വഭാവമുള്ള യോഗത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ശേഷവും ചാനൽ കാമറക്കാർ പുറത്തിറങ്ങാത്തതിനെ തുടർന്നാണ് ‘കടക്ക് പുറത്ത്’ എന്ന് മുഖ്യമന്ത്രിക്ക് പറയേണ്ടിവന്നത്. മാധ്യമപ്രവർത്തകരടക്കം തിരിച്ചറിഞ്ഞ്, ഉൾക്കൊണ്ട സാഹചര്യമാണത്. മുഖ്യമന്ത്രിയടക്കമുള്ളവരോട് ചോദ്യങ്ങളുന്നയിക്കുന്നതിൽനിന്ന് ഒരു ഘട്ടത്തിലും പിന്നിൽ പോയവരല്ല കേരളത്തിലെ മാധ്യമപ്രവർത്തകർ. സ്വർണക്കടത്ത് അടക്കമുള്ളവയുമായി ബന്ധപ്പെട്ട് അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിയെ ‘കുരുക്കാനും’ ചില മാധ്യമങ്ങൾ നിരന്തരം ശ്രമിച്ചു.