തിരുവനന്തപുരം
ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെയും അനുചരവൃന്ദത്തിന്റെയും ഇടപെടലുകൾക്കെതിരെ രാജ്ഭവനിലും അതൃപ്തി പുകയുന്നു. സർക്കാരുമായി നിരന്തരം കൊമ്പുകോർക്കുകയും ചരിത്രത്തിലില്ലാത്തവിധം രാജ്ഭവനെ വിവാദ കേന്ദ്രമാക്കുകയും ചെയ്യുന്ന ഗവർണറുടെ നടപടിയിൽ പലരും അതൃപ്തരാണെന്നാണ് വിവരം. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാർ ദൊധാവത് കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകാൻ അപേക്ഷ നൽകിയത് ഈ പശ്ചാത്തലത്തിലാണെന്ന് സൂചന.
രാജ്ഭവനിലെ ഉദ്യോഗസ്ഥരിലും ജീവനക്കാരിലും ഭൂരിപക്ഷവും ദീർഘകാലമായി പ്രവർത്തിക്കുന്നവരാണ്. എന്നാൽ, ആർഎസ്എസിന്റെ നോമിനികളായി അടുത്തിടെ രാജ്ഭവനിലേക്ക് ചേക്കേറിയ ചിലരുടെ ഇടപെടലുകളിൽ ഇവർക്ക് വലിയ അതൃപ്തിയുണ്ട്. ജസ്റ്റിസ് പി സദാശിവം ഗവർണറായിരിക്കെയാണ് 1993 ഐഎഎസ് ബാച്ചുകാരനായ ഡോ. ദേവേന്ദ്രകുമാർ സെക്രട്ടറിയായി ചുമതലയേറ്റത്. പിന്നീട് പ്രിൻസിപ്പൽ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി വിരമിച്ച സദാശിവം ഗവർണറായിരിക്കുമ്പോൾ നിയമപരമായ ഇടപെടലുകൾ മാത്രമേ രാജ്ഭവനിൽനിന്ന് ഉണ്ടായിരുന്നുള്ളൂ. ബാഹ്യശക്തികളെ അടുപ്പിച്ചിരുന്നില്ല. എന്നാൽ, ആരിഫ് മൊഹമ്മദ് ഖാൻ എത്തിയതോടെ നിരന്തരമായി ക്രമവിരുദ്ധ ഇടപെടലുകളും ബാഹ്യശക്തികളുടെ സ്വാധീനവും ഉണ്ടാകുന്നെന്നാണ് ആക്ഷേപം.
രാജ്ഭവനിലെ വിപുലമായ സൗകര്യങ്ങളും സമ്മർദമില്ലാത്ത തൊഴിൽ അന്തരീക്ഷവും ജീവനക്കാരുടെ പ്രധാന ആകർഷണമായിരുന്നു. അതിനാൽ, എത്തുന്നവർ കഴിവതും തുടരാനാണ് ആഗ്രഹിക്കുക. നിലവിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ഇതിൽ പലർക്കും ആകുന്നില്ലെന്നാണ് വിവരം.