തിരുവനന്തപുരം> സിപിഐ എം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ എ കെ ജി സെന്റർ ആക്രമിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിലായ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ്സ് നേതൃത്വം മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ. അറസ്റ്റ് തെളിയുന്നത് കേരളത്തിൽ സംഘടിതവും ആസൂത്രിതവുമായ ക്രിമിനൽ സംഘത്തെ വളർത്തുന്ന കോൺഗ്രസ് സമീപനമാണ്.
എകെജി സെന്ററിലേക്ക് ബോംബെറിഞ്ഞു കടന്ന് കളഞ്ഞ പ്രവർത്തകനെ കോൺഗ്രസ്- യൂത്ത് കോണ്ഗ്രസ് നേതൃത്വം സംരക്ഷിച്ചു നിർത്തുകയും സംസ്ഥാന സർക്കാറിനേയും സംസ്ഥാന പോലീസിനെയും വെല്ലു വിളിച്ചു കൊണ്ടിരിക്കുകയുമായിരുന്നു. സമയമെടുത്തും പഴുത്തടച്ചതും കൃത്യമായ തെളിവ് ശേഖരണത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ക്രൈം ബ്രാഞ്ച് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ പിടി കൂടിയിരിക്കുന്നത്.
പ്രതി പിടിയിലായ ശേഷവും ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ്- യൂത്ത് കോൺഗ്രസ് നേതാക്കൾ സ്വീകരിക്കുന്നത്. കേരളത്തിന്റെ സമാധാന അന്തരീക്ഷവും ക്രമസമാധാനവും തകർക്കാൻ വർഗ്ഗീയ ശക്തികൾക്കൊപ്പം അജണ്ടയോടെ നിലയുറപ്പിച്ച ഈ സംഘത്തെ കേരളത്തിന്റെ പൊതുസമൂഹം ഒറ്റപ്പെടുത്തണം. ആസൂത്രിത അക്രമത്തിന്റെ ഭാഗമായ യൂത്ത് കോൺഗ്രസ് കേരളത്തിന്റെ പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.