തിരുവനന്തപുരം
ഇലക്ട്രോണിക് ഹബ്ബായി മാറുന്ന കേരളത്തിന് ഉർജംപകർന്ന് സെമി കണ്ടക്ടർ പാർക്കും അനുബന്ധ വ്യവസായ യൂണിറ്റും വരുന്നു. സെമി കണ്ടക്ടർ അസംബ്ലിങ് ആൻഡ് ടെസ്റ്റിങ് ഫെസിലിറ്റി, പ്രിന്റഡ് സർക്യൂട്ട് ബോർഡ് യൂണിറ്റ്, സെമി കണ്ടക്ടർ ഡിസൈൻ ആൻഡ് ട്രെയ്നിങ് ഇക്കോ സിസ്റ്റം എന്നിവയാണ് ആദ്യഘട്ടം ആരംഭിക്കുക. ഫാക്ടറികളുടെ വിശദ രൂപരേഖ പത്താഴ്ചയ്ക്കുള്ളിൽ തയ്യാറാക്കും. നേരിട്ട് 1000 പേർക്കും പരോക്ഷമായി 3000 പേർക്കും തൊഴിൽ ലഭിക്കും. കൊച്ചി പെരുമ്പാവൂർ റയോൺസിന്റെ ഭൂമി, പാലക്കാട് ഡിഫൻസ് പാർക്ക് എന്നിവിടങ്ങളിലാണ് യൂണിറ്റ് സ്ഥാപിക്കുക. കൊച്ചി സർവകലാശാലയടക്കം ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുമായി സഹകരിക്കും.
ജപ്പാൻ, തയ്വാൻ രാജ്യങ്ങളിലെ പ്രമുഖ കമ്പനികളും പദ്ധതിയുടെ ഭാഗമാകും. 1000 കോടിയുടെ നിക്ഷേപം വേണ്ടിവരും. വിശദ പദ്ധതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ തീരുമാനമെടുക്കും. കെൽട്രോൺ, സി––ഡാക്, വിഎസ്എസ്സി, ഇലക്ട്രോണിക് ആൻഡ് സെമി കണ്ടക്ടർ അസോസിയേഷൻ (ഇഎസ്എ) എന്നിവ ചേർന്ന് തയ്യാറാക്കിയ സാധ്യതാ റിപ്പോർട്ട് മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല യോഗം ചർച്ചചെയ്തു. അനുബന്ധ സ്ഥാപനങ്ങൾ തുടങ്ങാൻ വ്യവസായികൾക്കും സംരംഭകർക്കും അവസരമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.