തിരുവനന്തപുരം
സാങ്കേതിക സർവകലാശാലയുടെ ആദ്യ സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ മുഴുവൻ സീറ്റിലും വിജയം നേടിയത് ദഹിക്കാതെ ചില “മാധ്യമങ്ങൾ’.
യൂണിയനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ ചിത്രം അടക്കമുള്ള വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ ഒരിടത്തുപോലും അവർ പ്രതിനിധാനം ചെയ്യുന്ന വിദ്യാർഥി സംഘടന ഏതെന്ന് മാധ്യമങ്ങൾ വ്യക്തമാക്കിയില്ല. മലയാള മനോരമയും മാതൃഭൂമിയും അടക്കം ഇക്കാര്യത്തിൽ സ്വീകരിച്ചത് ഒരേനയം. അതേസമയം, ഒരു സീറ്റെങ്കിലും കെഎസ്യുവോ എബിവിപിയോ നേടിയിരുന്നെങ്കിൽ ഇതേ മാധ്യമങ്ങൾ അക്കാര്യം കൊട്ടിഘോഷിച്ചേനെ എന്നാണ് സമൂഹമാധ്യമങ്ങളിലെ വിമർശം.
യൂണിയൻ ചെയർപേഴ്സണായും ജനറൽ സെക്രട്ടറിയായും പെൺകുട്ടികളെയാണ് തെരഞ്ഞെടുത്തത്. ചൊവ്വാഴ്ച സർവകലാശാലാ ആസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിൽ സർവകലാശാലാ യൂണിയൻ ജനറൽ കൗൺസിലിലേക്ക് തെരഞ്ഞെടുത്ത 42 പേരിൽ 28 പേർ വോട്ട് ചെയ്തു. ഇതിൽ 25 വോട്ട് നേടിയാണ് അനശ്വര ചെയർപേഴ്സൺ ആയത്. കെഎസ്യു സ്ഥാനാർഥിക്ക് മൂന്ന് വോട്ടുമാത്രമാണ് ലഭിച്ചത്. ജനറൽ സെക്രട്ടറിയായി തൃശൂർ ഗവ. എൻജിനിയറിങ് കോളേജിലെ കെ അഞ്ജനയെ എതിരില്ലാതെയാണ് തെരഞ്ഞെടുത്തത്. നാലാം വർഷ സിവിൽ എൻജിനിയറിങ് വിദ്യാർഥിനിയാണ്. യൂണിയൻ ഭാരവാഹികളുടെയും എക്സി. കൗൺസിൽ, സ്റ്റുഡന്റ് കൗൺസിൽ അംഗങ്ങളുടെയുമെല്ലാം പേരും വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പേരും മനോരമ പ്രസിദ്ധീകരിച്ചെങ്കിലും വാർത്തയിൽ ഒരിടത്തും ഇവർ എസ്എഫ്ഐ പ്രവർത്തകരാണെന്നില്ല. മാധ്യമങ്ങളെ പരിഹസിച്ച് നിരവധിപേരാണ് ഫെയ്സ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ടത്.