ന്യൂഡൽഹി
ജസ്റ്റിസ് (റിട്ട.) കെ ടി തോമസ്, ടാറ്റാ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റ, മുൻ ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ കരിയ മുണ്ട എന്നിവരെകൂടി ഉൾപ്പെടുത്തി പി എം കെയേഴ്സ് ഫണ്ട് ട്രസ്റ്റ് വിപുലീകരിച്ചു. ഉപദേശകസമിതിയിലേക്ക് മുൻ സിഎജി രാജീവ് മെഹ്റിഷി, ഇൻഫോസിസ് ഫൗണ്ടേഷൻ മുൻ ചെയർപേഴ്സൺ സുധ മൂർത്തി, ടെക് ഫോർ ഇന്ത്യ സ്ഥാപകൻ ആനന്ദ് ഷാ എന്നിവരെ നാമനിർദേശം ചെയ്തു.
ദുരിതാശ്വാസത്തിന് മാത്രമല്ല, ദുരന്ത ആഘാതം ലഘൂകരിക്കാനും ശേഷിവികസനപ്രവർത്തനങ്ങൾക്കും ഫണ്ട് വിനിയോഗിക്കുമെന്ന് ട്രസ്റ്റ് യോഗത്തിനുശേഷം പ്രസ്താവനയിൽ വ്യക്തമാക്കി. എന്നാൽ, ഫണ്ടിന്റെ വരവുചെലവ് കണക്ക് വെളിപ്പെടുത്തിയില്ല.
പൊതു ചാരിറ്റബിൾ ട്രസ്റ്റ് പ്രകാരം രൂപീകരിച്ച ഫണ്ട് നിയന്ത്രിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. 2019–-20ൽ 3076.62 കോടി രൂപ സംഭാവനയായി ലഭിച്ചെന്ന് ഫണ്ടിന്റെ വെബ്സൈറ്റിൽ പറയുന്നു. ഇതിനുശേഷമുള്ള വരുമാനത്തിന്റെ കണക്ക് ലഭ്യമല്ല. പാർലമെന്റിന്റെയോ സിഎജിയുടെയോ പരിശോധനയിൽനിന്ന് ഫണ്ട് ഒഴിവാക്കിയിട്ടുണ്ട്.