കൊച്ചി> എൻഡിഎ സ്ഥാനാർഥിയാകാൻ സി കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിൽ പുറത്തുവന്ന ശബ്ദ രേഖ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെത് തന്നെയെന്ന് ഫൊറൻസിക് റിപ്പോർട്ട്. ക്രൈം ബ്രാഞ്ച് പിടിച്ചെടുത്ത 14 ഉപകരണങ്ങളുടേയും റിപ്പോർട്ട് ക്രൈബ്രാഞ്ചിന് നൽകി. ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് ശബ്ദ സാമ്പിളുകൾ പരിശോധിച്ചത്. സുൽത്താൻ ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കാനാണ് സി കെ ജാനുവിന് കോഴ നൽകിയത്.
കേസിൽ കെ സുരേന്ദ്രൻ ഒന്നാം പ്രതിയും ജെആർപി ട്രഷറർ പ്രസീത അഴീക്കോട് സാക്ഷിയുമാണ്. കേസിൽ രണ്ടാം പ്രതിയാണ് സി കെ ജാനു. പണം കൈമാറിയ ബത്തേരിയിലെ ഹോം സ്റ്റേയിലും തിരുവനന്തപുരത്തെ ഹോട്ടലിലും ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
തിരുവനന്തപുരം ഹൊറൈസണ് ഹോട്ടലിലെ 503-ാം നമ്പര് മുറിയില് സുരേന്ദ്രനും സെക്രട്ടറി പി എ ദിപിനും പണവുമായി എത്തിയെന്നാണ് പ്രസീത പുറത്തുവിട്ടത്. ഇവര് വരുന്ന കാര്യവും ഹോട്ടലില് എത്തിയെന്നും അറിയിക്കുന്ന ഫോണ് സംഭാഷണവും പ്രസീത പുറത്തുവിട്ടിരുന്നു.
10 ലക്ഷം സി കെ ജാനുവിന് നല്കും മുന്പ് പലതവണ സുരേന്ദ്രന് പ്രസീതയെ ഫോണില് വിളിച്ചതിന്റെ കോള് റെക്കോര്ഡുകളാണ് പരസ്യപ്പെടുത്തിയത്. സുരേന്ദ്രന്റെ പി എയുമായി സി കെ ജാനു സംസാരിച്ചു. ഹോട്ടല് മുറിയുടെ നമ്പര് സികെ ജാനു സുരേന്ദ്രനെ അറിയിക്കുന്നത് ഫോണ് സംഭാഷണത്തിലുണ്ട്. പ്രസീതയുടെ ഫോണിലൂടെയാണ് നീക്കങ്ങള് നടന്നത്. ഹൊറൈസണ് ഹോട്ടലിലെ 503ആം നമ്പര് മുറിയിലെത്താന് ആവശ്യപ്പെട്ടു. ഈ മുറിയില് വച്ചാണ് ആദ്യം 10 ലക്ഷം കൈമാറിയത്. പിന്നീട് ബത്തേരിയിലെ ഹോം സ്റ്റേയിൽവെച്ചാണ് 25 ലക്ഷമ രൂപ കെെമാറിയതെന്നും പ്രസീത വെളിപ്പെടുത്തിയിരുന്നു.