ന്യൂഡൽഹി> സെപ്തംബർ 27 മുതൽ ഭരണഘടന ബെഞ്ച് പരിഗണിക്കുന്ന എല്ലാ ഹർജികളിലേയും നടപടികൾ പൊതുജനങ്ങൾക്കായി തത്സമയം സംപ്രേക്ഷണം ചെയ്യാനുള്ള ചരിത്രതീരുമാനം കൈക്കൊണ്ട് സുപ്രീംകോടതി. ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ അധ്യക്ഷതയിൽ ചേർന്ന ഫുൾകോർട്ട് യോഗം ഐക്യകണ്ഠേനയാണ് തീരുമാനമെടുത്ത്. യൂട്യൂബ് വഴി പൊതുജനങ്ങൾക്ക് നടപടിക്രമങ്ങൾ വീക്ഷിക്കാം. വൈകാതെ സംപ്രേക്ഷണം നടത്താൻ സ്വന്തം പ്ലാറ്റ്ഫോം പുറത്തിറക്കുമെന്നും സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്.
ഇലക്ടറൽ ബോണ്ട്, ഭോപ്പാൽ ദുരന്ത ബാധിതർക്കുള്ള നഷ്ടപരിഹാരം, മുൻകാലപ്രാബല്യത്തോടെ അറസ്റ്റിൽ നിന്ന് ഒഴിവാക്കൽ തുടങ്ങി സുപ്രധാന കേസുകളിലെ വാദമാണ് 27 മുതൽ നടക്കുന്നത്. നിലവിൽ മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് അനുവദിച്ച സാമ്പത്തിക സംവരണത്തിന്റെ ഭരണഘടന സാധുതയാണ് ഭരണഘടന ബെഞ്ച് പരിഗണിക്കുന്നത്. അറിയാനുള്ള പൗരന്മാരുടെ അവകാശം ഉറപ്പാക്കുന്നതിന് ഭരണഘടന ബെഞ്ച് നടപടികൾ പൊതുജനങ്ങൾക്കായി തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നാവശ്യപ്പെട്ട് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് കഴിഞ്ഞ ആഴ്ച ചീഫ് ജസ്റ്റിസിനും മറ്റ് ജഡ്ജിമാർക്കും കത്തുനൽകിയിരുന്നു.
ദേശീയ പ്രധാന്യമുള്ള വിഷയങ്ങളിലെ വാദപ്രതിവാദങ്ങളും സംവാദങ്ങളും അറിയാനുള്ള അവകാശം പൗരന്മാർക്കുണ്ടന്നും അവർ കത്തിൽ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിക്ക് സ്വന്തമായി ചാനലെന്ന ആശയവും ജയ്സിങ് മുന്നോട്ടുവെച്ചിരുന്നു. മുൻ ചീഫ് ജസ്റ്റിസായിരുന്ന എൻ വി രമണയുടെ വിരമിക്കൽ ദിനത്തിൽ ചേർന്ന ആചാരപരമായി ചേർന്ന ബെഞ്ചിന്റെ നടപടികൾ തൽസമയം സംപ്രേക്ഷണം നടത്തിയിരുന്നു.