പാലക്കാട് > കെഎഎസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സര്വ്വീസ്) സംവരണവുമായി ബന്ധപ്പെട്ട് മൂന്ന് സ്ട്രീമുകളിലായി പിന്നോക്ക – പട്ടിക വിഭാഗത്തിന് സംവരണം ഉറപ്പ് നല്കിയ സുപ്രീം കോടതി വിധി എല്ഡിഎഫ് സര്ക്കാര് എടുത്ത ശക്തമായ നടപടിക്ക് ലഭിച്ച അംഗീകാരമാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ.
സംവരണത്തെ അട്ടിമറിക്കാന് ഫ്യൂഡല് മൂല്യങ്ങള് ഉയര്ത്തിപ്പിടിക്കുന്ന വരേണ്യവിഭാഗം വലിയ ശ്രമം നടത്തിയിരുന്നു. അതുകൊണ്ടാണ് അവര് ഹൈക്കോടതി വിധിക്കെതിരായി അപ്പീല് പോയത് .
ആദ്യം ഗവണ്മെന്റ് ഒന്നാം സ്ട്രീമില് മാത്രമായിരുന്നു സംവരണം തീരുമാനിച്ചത്. ഇതിനെതിരായി പികെഎസ് അന്നത്തെ പിന്നോക്ക വകുപ്പ് മന്ത്രിയായിരുന്ന തനിക്ക് നല്കിയ പരാതി മുഖ്യമന്ത്രി പിണറായി നല്കുകയും പ്രശ്നത്തിന്റെ പ്രാധാന്യം മനസ്സിലാക്കി മുഖ്യമന്ത്രി മൂന്ന് സ്ട്രീമിലും സംവരണം തീരുമാനിക്കുകയുമായിരുന്നു. .
രാഷ്ട്രീയ ഇച്ഛാശക്തിയുടെ ഭാഗമായിട്ടാണ് സംസ്ഥാന സര്വ്വീസില് ആദ്യമായി ഐഎഎസിന് സമാന്തരമായി കെഎഎസ് നടപ്പാക്കിയത്. ഇതിനെതിരായി വലിയ സമ്മര്ദ്ദമുണ്ടായി. എന്നാല് മുഖ്യമന്ത്രി ഇതില് ശക്തമായ നിലപാടാണ് സ്വീകരിച്ചത്. പിന്നോക്ക – പട്ടികജാതി വിഭാഗത്തോടുള്ള പ്രതിബദ്ധത ഉയര്ത്തിപ്പിടിച്ച ഒന്നാം പിണറായി സര്ക്കാര് പട്ടികജാതി പിന്നോക്ക വിഭാഗങ്ങള്ക്ക് നല്കിയ നിരവധി നൂതന പദ്ധതികളില് ഈ തീരുമാനം ശ്രദ്ധേയമായിരുന്നു. കേസ് നടത്തിപ്പിന് ഹൈക്കോടതിയില് എ.ജി ഓഫീസും, സുപ്രീം കോടതിയില് സംസ്ഥാന സര്ക്കാരിന്റെ സീനിയര് വക്കീലന്മാരും ഫലപ്രദമായ ഇടപെടലാണ് നടത്തിയതെന്നും എ കെ ബാലൻ പറഞ്ഞു.