തിരുവനന്തപുരം
സമുന്നതനായ കമ്യൂണിസ്റ്റ് നേതാവ് അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വ വാർഷികദിനം വെള്ളിയാഴ്ച സമുചിതം ആചരിക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചു. അഴീക്കോടൻ വിട്ടുപിരിഞ്ഞിട്ട് അരനൂറ്റാണ്ട് പൂർത്തിയാകുന്നു. 1972 സെപ്തംബർ 23നാണ് കോൺഗ്രസ് പിന്തുണയോടെ തീവ്രവാദത്തിന്റെ പൊയ്മുഖമണിഞ്ഞ സംഘം അദ്ദേഹത്തെ അരുംകൊല ചെയ്തത്.
കമ്യൂണിസ്റ്റ് പാർടിയും വർഗബഹുജന പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതിലും നയിക്കുന്നതിലും അഴീക്കോടൻ സുപ്രധാന പങ്ക് വഹിച്ചു. കർഷകരും തൊഴിലാളികളും സാധാരണക്കാരുമെല്ലാം അഭിമാനത്തോടെ ജീവിക്കുന്ന നാളുകൾക്കായി പ്രവർത്തിച്ചു. ആ പാതയിൽ നിരവധി പോരാട്ടങ്ങളിലൂടെയും സമരങ്ങളിലൂടെയും 50 വർഷം കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നോട്ടുകുതിച്ചു. സിപിഐ എമ്മും ഇടതുപക്ഷവും കൂടുതൽ കരുത്താർജിച്ചു.
എല്ലാവരെയും ചേർത്തുപിടിക്കുന്ന എൽഡിഎഫ് ഭരണം വികസനരംഗത്ത് സമാനതകളില്ലാത്ത ചരിത്രം രചിക്കുകയാണ്. ഈ സർക്കാരിനെയും ഇടതുപക്ഷത്തെയും ഇകഴ്ത്തിക്കാട്ടാൻ പ്രതിപക്ഷവും ബിജെപിയും കൈകോർക്കുന്നു. സുഗമമായി പ്രവർത്തിക്കാൻ അനുവദിക്കാത്തവിധം ഭരണപ്രതിസന്ധി സൃഷ്ടിക്കാൻ ആസൂത്രിത നീക്കം നടത്തുന്നു.
ഇത്തരം വെല്ലുവിളികളെയെല്ലാം ചെറുത്ത് മുന്നോട്ടുപോകാൻ അഴീക്കോടന്റെ സ്മരണ കരുത്തേകും. പാർടി ഓഫീസുകൾ അലങ്കരിച്ചും അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചും ദിനാചരണം വിജയിപ്പിക്കണമെന്ന് സെക്രട്ടറിയറ്റ് പ്രസ്താവനയിൽ അഭ്യർഥിച്ചു.