കണ്ണൂർ
കണ്ണൂർ സർവകലാശാലയിൽ ചരിത്ര കോൺഗ്രസ് ഉദ്ഘാടനത്തിനിടെ പ്രതിഷേധിച്ചവർക്കെതിരായി കേസ് നിലനിൽക്കില്ലെന്ന് വിലയിരുത്തൽ. ഇന്ത്യൻ ശിക്ഷാ നിയമം 124 പ്രകാരം കേസെടുക്കാനാകില്ലെന്നും കൂടുതൽ വ്യക്തത ആവശ്യമാണെങ്കിൽ പ്രോസിക്യൂഷൻ ഡയറക്ടറുടെ വിശദീകരണം തേടാമെന്നും ഗവ. പ്ലീഡർ നൽകിയ നിയമോപദേശത്തിലുണ്ട്. ഗവർണർ ആരോപണമുന്നയിച്ചതിനാൽ കണ്ണൂർ സിറ്റി പൊലീസാണ് നിയമവശം പരിശോധിച്ചത്. ഉദ്ഘാടനച്ചടങ്ങിലെ ദൃശ്യങ്ങൾ പൊലീസ് വീണ്ടും പരിശോധിച്ചതിൽ പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തലും ഇപ്രകാരമാണ്.
ചരിത്ര കോൺഗ്രസിന്റെ സദസിൽനിന്ന് ആദ്യം പ്രതിഷേധിച്ചത് രണ്ടു വനിതാ പ്രതിനിധികളാണ്. പ്രതിഷേധ വാചകം തത്സമയം കടലാസിലെഴുതി ഇവർ ഉയർത്തിക്കാട്ടുന്ന ദൃശ്യത്തിൽനിന്ന്, ആസൂത്രിതമല്ല പ്രതിഷേധമെന്ന് വ്യക്തം. ഇവരെ വനിതാ പൊലീസ് നീക്കംചെയ്യാൻ ശ്രമിച്ചപ്പോൾ, ‘ജനാധിപത്യ പ്രതിഷേധമാണ്, പൊലീസ് ഇടപെടരുത്’ എന്ന് ഗവർണർതന്നെ പ്രതികരിച്ചതായി മാധ്യമങ്ങളും റിപ്പോർട്ടുചെയ്തിട്ടുണ്ട്. രണ്ടുപേരെയും അപ്പോൾത്തന്നെ പൊലീസ് വിട്ടയച്ചു. പിന്നീട്, ഡൽഹിയിൽനിന്നെത്തിയ നാലുപേരാണ് പിൻനിരയിൽനിന്ന് പ്രതിഷേധിച്ചത്. ഇവരെ കസ്റ്റഡിയിലെടുത്ത് കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തിച്ചു. കോളേജ് അധ്യാപകരാണെന്ന് മനസ്സിലായതോടെ അവരെയും വിട്ടയച്ചു. കേസെടുക്കാൻമാത്രം ഗൗരവമുള്ളതൊന്നും പ്രതിഷേധത്തിലുണ്ടായിരുന്നില്ലെന്നതിന് ചടങ്ങും പ്രതിഷേധവും തത്സമയ സംപ്രേഷണംനടത്തിയ ഇരുപതോളം ചാനലുകളിലെ ദൃശ്യങ്ങൾ തെളിവാണെന്നും പൊലീസ് പറയുന്നു.
ഗവർണർക്കെതിരെ സർവകലാശാലാ വളപ്പിനുപുറത്ത് മൂന്നിടത്തായി കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പൊലീസ് കേസെടുത്ത് കസ്റ്റഡിയിലെടുത്തവരെ കരുതൽതടങ്കലിൽവച്ചശേഷം വിട്ടയച്ചിരുന്നു.