തിരുവനന്തപുരം
വീഡിയോ, കത്ത്, മലപ്പുറം കത്തി, അമ്പും വില്ലും സിനിമാ ഡയലോഗിനെ വെല്ലുന്ന വീമ്പിളക്കിയ ഗവർണറുടെ വാർത്താസമ്മേളനം എട്ടു നിലയിൽ പൊട്ടിയിട്ടും ന്യായീകരിച്ച് വിയർത്ത് മാധ്യമങ്ങൾ. സ്വയം അപഹാസ്യനായ ഗവർണറുടെ വാർത്താസമ്മേളനവും മുഖ്യമന്ത്രിയുടെ മറുപടിയും തുല്യം ചെയ്താണ് ഇവരുടെ ഈ ആർഎസ്എസ് സേവ. ഏറെ പ്രതീക്ഷിച്ച് വന്നത് ഉണ്ടയില്ലാ വെടി ആയതിന്റെ ജാള്യം ഇതിൽ പ്രകടമായി. കൂറ് ആർഎസ്എസിനോടാണെന്ന ഗവർണറുടെ പ്രഖ്യാപനത്തെപ്പോലും ചോദ്യം ചെയ്തിട്ടില്ല.
പ്രൈവറ്റ് സെക്രട്ടറിയുടെ ബന്ധുവായതുകൊണ്ട് ജോലിക്കുള്ള അവകാശം എങ്ങനെ നഷ്ടപ്പെടുമെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. സർവകലാശാലകളിൽ പോസ്റ്റർ അടക്കമുള്ള പ്രചാരണം നടത്താനാകില്ലെന്ന ഗവർണറുടെ ഭീഷണിയെയും മുഖ്യമന്ത്രി ചോദ്യം ചെയ്തു. സംഘടനാ പ്രവർത്തനം അനുവദിക്കില്ലെന്നു പറയാൻ ഗവർണർക്ക് ആരും അധികാരം നൽകിയിട്ടില്ല. കണ്ണൂർ ചരിത്ര കോൺഗ്രസിൽ ഗവർണർ ആരോപിക്കും വിധമുള്ള ഒന്നും നടന്നിട്ടില്ലെന്ന് രാജ്ഭവനിലെ വീഡിയോ പ്രദർശനത്തിൽനിന്നുതന്നെ എല്ലാവർക്കും ബോധ്യമായി. ഈ വസ്തുതകൾ പറയാൻ തയ്യാറാകാതെയാണ് മാധ്യമങ്ങളുടെ ഗവർണർ സ്തുതി.