തിരുവനന്തപുരം
കേരള സർവകലാശാലയ്ക്ക് പുതിയ വൈസ് ചാൻസലറെ തെരഞ്ഞെടുക്കാൻ രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ച നിലപാടിൽനിന്ന് മലക്കംമറിഞ്ഞ് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. സർവകലാശാല പ്രതിനിധിയില്ലാതെ സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഉത്തരവിറക്കിയ ഗവർണർ സർവകലാശാല പ്രതിനിധിയെ ഒരാഴ്ചയ്ക്കകം തീരുമാനിച്ച് അറിയിക്കാൻ വിസി വി പി മഹാദേവൻപിള്ളയ്ക്ക് കത്ത് നൽകി. സർവകലാശാല, യുജിസി, ഗവർണർ പ്രതിനിധികൾ അടങ്ങുന്ന മൂന്നംഗ സെർച്ച് കമ്മിറ്റിയെ നിശ്ചയിക്കേണ്ടതിനു പകരം രണ്ടംഗ സമിതിയെ നിശ്ചയിച്ച് ഗവർണർ ഉത്തരവിറക്കുകയായിരുന്നു. രൂപീകരിക്കപ്പെട്ട സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ തെരഞ്ഞെടുക്കാൻ സർവകലാശാല നിയമം അനുവദിക്കുന്നുമില്ല. തുടർന്ന്, സെനറ്റ് ചേർന്ന് ഗവർണറുടെ നടപടിക്കെതിരെ പ്രമേയം പാസാക്കി. അപൂർണമായ സെർച്ച് കമ്മിറ്റി ഉത്തരവ് റദ്ദാക്കി പുതിയ വിജ്ഞാപനം ഇറക്കണമെന്ന് ആവശ്യപ്പെട്ടു. സെനറ്റിന്റെ ആവശ്യത്തിന് മറുപടി നൽകാതെയാണ് ഒരാഴ്ചയ്ക്കകം പ്രതിനിധിയെ നിശ്ചയിച്ചറിയിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഗവർണറുടെ പുതിയ ആവശ്യത്തിൽ സർവകലാശാല നിയമോപദേശം തേടി. ഒക്ടോബർ 25ന് നിലവിലെ വിസിയുടെ കാലാവധി തീരും. വിസി തെരഞ്ഞെടുപ്പിലുള്ള സെർച്ച് കമ്മിറ്റി അംഗസംഖ്യ വർധിപ്പിച്ച നിയമസഭ പാസാക്കിയ ബിൽ ഒപ്പിടാതിരുന്നാണ് തിടുക്കപ്പെട്ട് മുൻ നിലപാട് മാറ്റി സർവകലാശാല പ്രതിനിധിയെ നൽകാൻ ഗവർണർ ആവശ്യപ്പെട്ടിട്ടുള്ളത്.