തൃക്കാക്കര> യുവനടൻ നസ്ലിൻ ഗഫൂറിന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയത് യുഎഇയിൽനിന്നാണെന്ന് പൊലീസ്. നസ്ലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് വ്യാജ അക്കൗണ്ടിന്റെ ഉറവിടം ഇൻഫോപാർക്ക് സൈബർഡോം കണ്ടെത്തിയത്. അക്കൗണ്ട് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫെയ്സ്ബുക്കിന് പൊലീസ് കത്ത് നൽകി.
ഒരു ഫെയ്സ്ബുക് പോസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി കമന്റിട്ടുവെന്ന് ആരോപിച്ചാണ് നടനെതിരെ സൈബർ ആക്രമണം ശക്തമായത്. കഴിഞ്ഞദിവസം നസ്ലിൻ സമൂഹമാധ്യമത്തിലൂടെ താൻ നേരിടുന്ന സൈബർ ആക്രമണത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ പറഞ്ഞിരുന്നു. അത് താനല്ലെന്നും തന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി മറ്റാരോ ആണ് കമന്റിട്ടതെന്നുമാണ് നടൻ വീഡിയോയിലൂടെ പ്രതികരിച്ചത്.
ഫെയ്സ്ബുക്കിൽ തനിക്ക് പ്രൊഫൈൽ ഇല്ല. ഒരു പേജ് മാത്രമാണുള്ളത്, അത് കൈകാര്യം ചെയ്യുന്നത് താനല്ലെന്നും നസ്ലിൻ പറഞ്ഞു. തനിക്കെതിരെ ഇങ്ങനെയൊരു പ്രചാരണം നടക്കുന്നുണ്ടെന്ന് അറിഞ്ഞത് സുഹൃത്തുക്കൾ വഴിയാണെന്നും കാക്കനാട് സൈബർ സെല്ലിന് പരാതി നൽകിയിട്ടുണ്ടെന്നും നസ്ലിൻ വ്യക്തമാക്കിയിരുന്നു. പരാതിയുടെ പകർപ്പും വീഡിയോയ്ക്കൊപ്പം ചേർത്തിട്ടുണ്ട്. ഇതിനുപിന്നാലെയാണ് പൊലീസിന്റെ കണ്ടെത്തൽ