ന്യൂഡൽഹി > മദ്യപിച്ച് ലക്കുകെട്ട പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ലുഫ്താൻസ വിമാനത്തിൽനിന്ന് പുറത്താക്കിയെന്ന റിപ്പോർട്ട് വ്യാജമെന്ന് “ന്യൂസ് ചെക്കർ’. ജർമനിയിലെ ഫ്രങ്ക്ഫർട്ട് വിമാനത്താവളത്തിൽ നടന്ന സംഭവമെന്ന രീതിയിൽ ദേശീയമാധ്യമങ്ങളടക്കം വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. “ദ ജർമ്മൻ ടൈംസ്’ പത്രത്തിൽ വന്ന വാർത്തയെ ഉദ്ധരിച്ചായിരുന്നു റിപ്പോർട്ടുകൾ.
ഫാക്ട് ചെക്ക് വെബ്സൈറ്റായ “ന്യൂസ് ചെക്കർ’ നടത്തിയ അന്വേഷണത്തിലാണ് വാർത്തയും പത്രത്തിന്റെ ചിത്രവും വ്യാജമായി നിർമിച്ചതാണെന്ന് കണ്ടെത്തിയത്. ജർമ്മൻ ടൈംസ് പത്രം രണ്ട് വർഷം മുൻപ് പ്രിന്റിങ് നിർത്തിയതായും ന്യൂസ് ചെക്കർ വ്യക്തമാക്കുന്നു. നിലവിൽ ഓൺലൈൻ എഡിഷൻ മാത്രമാണ് പത്രത്തിനുളളത്. ഇത്തരത്തിലൊരു വാർത്ത തങ്ങൾ നൽകിയിട്ടില്ലെന്ന് അവരും ന്യൂസ് ചെക്കറിന് വിശദീകരണം നൽകി.
ലുഫ്താൻസ എയർലൈൻസും വിശദീകരണവുമായി രംഗത്തെത്തി. ഡൽഹി വിമാനം ഷെഡ്യൂൾ ചെയ്ത സമയത്തേക്കാൾ വൈകിയാണ് പുറപ്പെട്ടതെന്നും ഇതിന് മറ്റൊരു കാരണമില്ലെന്നുമാണ് ലുഫ്താൻസ എയർലൈൻസ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്. ഏഴു ദിവസത്തെ ജർമൻ സന്ദർശനം കഴിഞ്ഞ് ഞായറാഴ്ചയാണ് ഭഗവന്ത് മൻ ഡൽഹിക്ക് മടങ്ങിയത്. മൻ കാരണം വിമാനം നാലുമണിക്കൂറോളം വൈകിയെന്നും വാർത്തകളിൽ ഉണ്ടായിരുന്നു.
ന്യൂസ് ചെക്കർ വാർത്ത ഇവിടെ വായിക്കാം: