കൊച്ചി> ഗവര്‍ണര്‍ ജനാധിപത്യത്തെ അംഗീകരിക്കുന്നുണ്ടോയെന്നും പദവിക്കനസരിച്ച് പെരുമാറണമെന്നും നിയമമന്ത്രി പി രാജീവ്. പാര്‍ലമെന്ററി ഡെമോക്രസി എന്നത് വിദേശത്ത് നിന്നും വന്നതാണ്. ‘ക്യാബിനറ്റ് ഫോം ഓഫ് ഡെമോക്രസി’; അതും വിദേശത്ത് നിന്നും വന്നതാണ്. അപ്പോള്‍ വിദേശത്ത് നിന്നും വന്നതുകൊണ്ട് ഇതൊന്നും അംഗീകരിക്കുന്നില്ലേ. അതോ പ്രാചീന കാലത്തെ രാജഭരണവും സാമ്രാജ്യത്വവുമാണോ വേണ്ടത്. ആ ഘട്ടത്തില്‍ ജീവിക്കുന്നവരാണെങ്കില്‍ കുഴപ്പമില്ലെന്നും മന്ത്രി പറഞ്ഞു.
ഒരു ബില്ല് നിയമസഭ പാസാക്കിയാല്‍ അത് നിയമസഭയുടേതാണ്. അത് ഒപ്പുവയ്ക്കണം. സംശയമുണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് ചോദിക്കാം. ബിൽ തിരിച്ചയക്കാം. എന്നാല്‍, അത് പിന്നീട്, അദ്ദേഹം നിര്‍ദ്ദേശിച്ചത് പോലെയോ അല്ലാതെയോ, എങ്ങനെയാണോ നിയമസഭ അംഗീകരിക്കുന്നത്, അതുപോലെ തന്നെ ആ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടേണ്ടതുണ്ട്.
ജനാധിത്യ സംവിധാനമാണ് നമ്മുടേത്. അതിനകത്ത് ഭരണഘടന അനുശാസിക്കുന്ന രൂപത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്. എക്സിക്യൂട്ടീവ് ഗവര്‍ണറല്ല. പേരറിവാളൻ കേസില്‍ സുപ്രീംകോടതി അത് വ്യക്തമാക്കിയതാണ്. ലെജിസ്ലേച്ചറും എക്സിക്യൂട്ടീവും തമ്മിലുള്ള ആ പാലത്തിന് ഒരു ഹുക്കിടുന്നത് എക്സിക്യൂട്ടീവാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെനനും രാജീവ് പറഞ്ഞു