തിരുവനന്തപുരം> മാധ്യമങ്ങൾക്കു മുന്നിൽ നിരന്തരം ഭരണഘടന ഉദ്ധരിക്കുന്ന ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ രാജ്ഭവനിൽ നടത്തിയത് പച്ചയായ നിയമ– -കീഴ്വഴക്ക ലംഘനം. രാജ്യത്ത് കേട്ട്കേൾവിയില്ലാത്തതാണ് വാർത്താസമ്മേളനം വിളിച്ച് സ്വന്തം സർക്കാരിനെ അപഹസിക്കുന്ന നടപടി. നിയസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടില്ലെന്ന പരസ്യ പ്രസ്താവന, ഭരണഘടനാസ്ഥാപനങ്ങൾ തമ്മിൽ കൈമാറിയ രഹസ്യ സ്വഭാവമുള്ള കത്തുകൾ പരസ്യപ്പെടുത്തൽ, ഇല്ലാത്ത അധികാരം ഉണ്ടെന്നു ഭാവിച്ച് സമാന്തര സർക്കാർ ആകാനുള്ള ശ്രമം എന്നിവ ഭരണഘടനയോടും കോടതി വിധികളോടുമുള്ള വെല്ലുവിളിയാണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസിനു മുന്നിൽ നടത്തിയ സത്യപ്രതിജ്ഞയോടുള്ള അനീതിയാണ് ഇവ.
ആർഎസ്എസിനുവേണ്ടി നടത്തുന്ന നാണംകെട്ട രാഷ്ട്രീയക്കളിയിലൂടെ രാജ്ഭവനിൽനിന്നുതന്നെ പുറത്തുപോകാനുള്ള വഴിയാണ് ഗവർണർ തുറന്നിട്ടിരിക്കുന്നത്. ധാർമികമായി രാജ്ഭവനിൽ തുടരാനുള്ള അവകാശം ഇപ്പോൾത്തന്നെ നഷ്ടപ്പെട്ടിരിക്കുന്നെന്നും നിയമജ്ഞർ ചൂണ്ടിക്കാണിക്കുന്നു.
മന്ത്രിസഭയുടെ തീരുമാനം അനുസരിച്ച് പ്രവർത്തിക്കേണ്ട ആളാണ് ഗവർണർ എന്ന് ഒട്ടേറെ വിധികളിൽ സുപ്രീംകോടതി എടുത്തുപറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി, ഗവർണർ എന്ന ഭരണഘടനാസ്ഥാപനത്തിന് അയച്ച രഹസ്യസ്വഭാവമുള്ള കത്തുകൾ പരസ്യപ്പെടുത്തിയത് മര്യാദകേടുമാണ്. മുഖ്യമന്ത്രി വ്യക്തിപരമായ ആനുകൂല്യത്തിന് അഭ്യർഥിച്ചല്ല, ഔദ്യോഗിക കാര്യങ്ങൾ മാത്രമാണ് കത്തുകൾ. അതേസമയം, രാജ്ഭവനുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി ഗവർണർ അയച്ച കത്തുകൾ സർക്കാർ പുറത്തുവിട്ടാൽ എന്തായിരിക്കും പ്രതികരണം.
നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഒപ്പിടുക ഗവർണറുടെ ബാധ്യതയാണ്. വിയോജിപ്പുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിച്ച് തിരിച്ചയക്കാം. അതുതന്നെ വീണ്ടും നിയമസഭ പാസാക്കിയാൽ ഒപ്പിടുകയല്ലാതെ മാർഗമില്ല. ആർക്കാണ് അധികാരം എന്നുതന്നെയാണ് ഇത് വ്യക്തമാക്കുന്നത്. സർവകലാശാലകൾ ഇങ്ങനെ പ്രവർത്തിക്കണം, നിയമസഭ പാസാക്കേണ്ട ബില്ലുകൾ ഇങ്ങനെ ആയിരിക്കണം, മുഖ്യമന്ത്രിയും മന്ത്രിമാരും അവരുടെ സ്റ്റാഫും പാർടി നേതാക്കളും ഇപ്രകാരം പെരുമാറണം തുടങ്ങിയ ‘തീട്ടൂരങ്ങൾ ’ സമാന്തരഭരണത്തിന്റെ ലക്ഷണങ്ങളാണ്.
താൻ ആർഎസ്എസ് നിർദേശം അനുസരിച്ച് പ്രവർത്തിക്കുന്നയാളാണ് എന്നുകൂടി സ്ഥിരീകരിക്കപ്പെട്ടതോടെ ഗവർണർ എന്ന നിലയിൽ ഇതുവരെ ലഭിച്ചുകൊണ്ടിരുന്ന ബഹുമതിക്കും അർഹനല്ലതായി. രാഷ്ട്രീയം മാത്രമാണ് തന്റെ ആരോപണങ്ങളുടെ പിന്നിലെന്ന് അദ്ദേഹം വീണ്ടും തെളിയിച്ചു.