ന്യൂഡൽഹി> മദ്യപിച്ച് ലക്കുകെട്ട പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ലുഫ്താൻസ വിമാനത്തിൽനിന്ന് പുറത്താക്കിയെന്ന് റിപ്പോർട്ട്. ജർമനിയിലെ ഫ്രങ്ക്ഫർട്ട് വിമാനത്താവളത്തിലാണ് സംഭവം. ഏഴു ദിവസത്തെ ജർമൻ സന്ദർശനം കഴിഞ്ഞ് ഞായറാഴ്ച ഡൽഹിക്ക് മടങ്ങുകയായിരുന്നു. വിമാനം നാലുമണിക്കൂറോളം വൈകി.
നിവർന്നു നിൽക്കാൻ ആകാത്ത നിലയിലാണ് മൻ വിമാനത്തിലെത്തിയതെന്ന് വിമാനയാത്രികൻ പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് വിമാനത്തിൽ കയറാൻ കഴിഞ്ഞില്ലന്നും ആരോഗ്യപ്രശ്നത്താലാണിതെന്നും അദ്ദേഹത്തിന്റെ ഓഫീസ് ന്യായീകരിച്ചു. പഞ്ചാബ് ജനതയെയും രാജ്യത്തെയും മുഖ്യമന്ത്രി നാണംകെടുത്തിയെന്നാരോപിച്ച് അകാലിദൾ, കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാർടികൾ രംഗത്തെത്തി.
എംപിയായിരിക്കെ ലോക്സഭയിലും ഭഗവന്ത് മൻ മദ്യപിച്ച് എത്തിയിട്ടുണ്ട്. മൻ ഇനി മദ്യപിക്കില്ലന്ന് അന്ന് പാർടി അധ്യക്ഷന് അരവിന്ദ് കെജ്രിവാൾ ഉറപ്പുനൽകിയിരുന്നു.