ഷിംല> ഹിമാചൽപ്രദേശ് സര്‍വകലാശാലയില്‍ 250 അധ്യാപകരെ നിയമിച്ചതിൽ വൻ അഴിമതി. യുജിസി മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അസിസ്റ്റന്റ്, അസോസിയറ്റ് പ്രൊഫസർ നിയമനം നടത്തിയതെന്ന് എസ്എഫ്ഐക്ക് ലഭിച്ച വിവരാവകാശ രേഖയിൽ വ്യക്തമായി. സിക്കന്ദർ കുമാർ വൈസ് ചാൻസലറായിരിക്കെ 2018നും 2021നും ഇടയിലാണ് നിയമവിരുദ്ധ നിയനങ്ങൾ നടത്തിയത്. പിജിയും പിഎച്ച്ഡിയും പൂർത്തിയാകുംമുമ്പ് പ്രവൃത്തിപരിചയം കാണിച്ചവരെ ഉൾപ്പെടെ നിയമിച്ചു. യുജിസി നിഷ്കർഷിക്കുന്ന പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കാത്തവർക്കും നിയമനം ലഭിച്ചു.
കോളേജ് അധ്യാപക നിയമനത്തിന് നെറ്റോ (നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്) പിഎച്ച്ഡിയോ നിർബന്ധമാണ്. നെറ്റോ പിഎച്ച്ഡിയോ ഇല്ലാത്ത നിരവധി പേരെ അധ്യാപകരായി നിയമിച്ചതായി വിവരാവകാശ രേഖയിൽ പറയുന്നു. 15 പേരെ നിയമിച്ച ഇൻഫർമേഷൻ ടെക്നോളജി വകുപ്പിൽ പിഎച്ച്ഡി യോഗ്യതയുള്ളവരേക്കാൾ എംടെക്ക് ഉള്ളവര്‍ക്കാണ് മുൻഗണന നൽകിയത്. ഇതിൽത്തന്നെ പലരും കടകളിൽ ജോലിചെയ്ത പ്രവൃത്തിപരിചയമാണ് നൽകിയത്. സ്ക്രീനിങ് കമ്മിറ്റി ഒഴിവാക്കിയവരെയും നിയമിച്ചിട്ടുണ്ട്.