മാഡ്രിഡ്
‘എത്രതന്നെ അപമാനിച്ചാലും എന്റെ ആനന്ദത്തെ നിങ്ങൾക്ക് ഇല്ലാതാക്കാനാകില്ല. എന്നിലെ വിജയതൃഷ്ണയെ, ചിരിയെ, കണ്ണിലെ തിളക്കത്തെ. എന്നും വംശീയ വേട്ടയാടലിന് ഇരയായിട്ടുണ്ട്. ഇന്നലെ തുടങ്ങിയതല്ല അത്’–- -വംശീയാധിക്ഷേപങ്ങളോട് വിനീഷ്യസ് ജൂനിയറിന്റെ പ്രതികരണം ഇങ്ങനെ.
വിനീഷ്യസ് ഗോളാഘോഷിക്കുന്ന നൃത്തം കുരങ്ങിന്റേതുപോലെയെന്നായിരുന്നു സ്പാനിഷ് ഏജന്റ് പെട്രോ ബ്രാവോ പറഞ്ഞത്. സമൂഹമാധ്യമങ്ങളിൽ ഒരുവിഭാഗവും ഇത് ഏറ്റെടുത്തു. കറുത്തവനെന്നും മറ്റും വിളിച്ച് അധിക്ഷേപങ്ങൾ ചൊരിഞ്ഞു. ഇതിനെതിരെയാണ് വിനീഷ്യസ് രംഗത്തെത്തിയത്. ‘ഈ കറുത്ത ബ്രസീലുകാരൻ വിജയച്ചുവട് തുടരും. ബ്രസീൽ തനിമയുടെയും സാംബാ താളത്തിന്റെയും കറുത്ത അമേരിക്കക്കാരുടെയും ചുവടുകളാണത്’–-റയൽ മാഡ്രിഡ് മുന്നേറ്റക്കാരൻ കൂട്ടിച്ചേർത്തു.
ഒട്ടേറെ പ്രമുഖരാണ് വിനീഷ്യസിന് പിന്തുണയുമായി എത്തിയത്. ചിരിക്കാനും സന്തോഷിക്കാനുമുള്ള നമ്മുടെ അവകാശത്തെ തടയാൻ ആരെയും അനുവദിക്കരുതെന്നായിരുന്നു ബ്രസീൽ ഇതിഹാസം പെലെ പറഞ്ഞത്. നെയ്മർ, റൊണാൾഡോ, തിയാഗോ സിൽവ തുടങ്ങിയ കളിക്കാരും റയൽ മാഡ്രിഡും ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷനുമെല്ലാം വിനീഷ്യസിന് പിന്തുണ അറിയിച്ചു.