കരിപ്പൂർ (മലപ്പുറം)
യന്ത്രത്തകരാർ കാരണം ഡൽഹിയിൽനിന്നുള്ള എയർഇന്ത്യ വിമാനത്തിന് കരിപ്പൂരിൽ അടിയന്തര ലാൻഡിങ്. ശനി രാവിലെ 8.45നാണ് സംഭവം. ഡൽഹിയിൽനിന്ന് കരിപ്പൂരിലെത്തി കണ്ണൂർവഴി ഡൽഹിക്ക് തിരിച്ചുപറക്കേണ്ടതായിരുന്നു എ ഐ–-814 വിമാനം. കരിപ്പൂരിൽ ഇറങ്ങാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോഴാണ് വലത്തേ എൻജിനിലെ തകരാർ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ അടിയന്തര ലാൻഡിങ് ആവശ്യപ്പെട്ടു.
എയർ ട്രാഫിക് കൺട്രോൾ വിഭാഗം റൺവേ ഒഴിപ്പിച്ചു. രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനയെ വിന്യസിച്ചു. മറ്റ് വിമാനങ്ങളുടെ പറക്കൽ അനുമതി പിൻവലിച്ചു. വിമാനത്താവള ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ് യോഗംചേർന്ന് സാഹചര്യം വിലയിരുത്തി. ജില്ലാ ഭരണകാര്യാലയത്തിലെ ആരോഗ്യ–- സുരക്ഷാ വിഭാഗങ്ങൾക്ക് വിവരം നൽകി. സമീപത്തെ ആശുപത്രികളിലും സജീകരണമൊരുക്കി. രാവിലെ ഒമ്പതിന് വിമാനം സുരക്ഷിതമായി റൺവേയിൽ ഇറക്കി.
80 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. സാധാരണയിൽ കവിഞ്ഞ കുലുക്കം അനുഭവപ്പെട്ടതായി യാത്രക്കാർ പറഞ്ഞു. സാങ്കേതികത്തകരാർ പരിഹരിച്ചശേഷം വിമാനം ഞായർ രാവിലെ ഡൽഹിയിലേക്ക് തിരിച്ചുപോകുമെന്ന് എയർഇന്ത്യ അധികൃതർ അറിയിച്ചു.