കോഴിക്കോട്
വിദ്വേഷ പ്രചാരണങ്ങളിലൂടെ വിഭാഗീയത സൃഷ്ടിക്കുന്ന നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ ജാഗരൂകരാകണമെന്ന് കെ കെ ശൈലജ എംഎൽഎ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളുടെ ദുരിതം ഏറ്റവും രൂക്ഷമായി ബാധിക്കുന്നത് സ്ത്രീകളെയാണ്. ഇത്തരം നയങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങളിൽ മുൻനിരയിൽ സ്ത്രീകൾ കടന്നുവരണം. ബദൽ നയങ്ങൾ നടപ്പാക്കിയതിനാലാണ് കേരളത്തിന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞത്. ഈ നേട്ടങ്ങൾ രാജ്യത്താകെ വ്യാപിപ്പിക്കാനുള്ള പോരാട്ടം ശക്തിപ്പെടുത്തുമെന്നും അവർ പറഞ്ഞു. ഓൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ അഖിലേന്ത്യാ വനിതാ കൺവൻഷൻ ഉദ്ഘാടനംചെയ്യുകയായിരുന്നു ശൈലജ. പൊതുമേഖലയെ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിൽ മുഴുവൻ തൊഴിലാളികളും അണിനിരക്കണമെന്നും ശൈലജ പറഞ്ഞു.
എഐഐഇഎ വൈസ് പ്രസിഡന്റ് പി പി കൃഷ്ണൻ അധ്യക്ഷനായി. അസോസിയേഷൻ ജോ. സെക്രട്ടറി എം ഗിരിജ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ചെമ്പകം, ജ്യോതി പട്ടീൽ, മനോരമ, ശ്യാമ ഭട്ടാചാര്യ എന്നിവർ ക്ലാസെടുത്തു. എഐഐഇഎ മുൻ പ്രസിഡന്റ് അമാനുള്ളഖാൻ, അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീകാന്ത് മിശ്ര, എം കുഞ്ഞികൃഷ്ണൻ, അങ്കത്തിൽ അജയകുമാർ, ഭാഗ്യലക്ഷ്മി എന്നിവർ സംസാരിച്ചു.